മിസ്രത്: കൊല്ലപ്പെട്ട മുഅമ്മര്‍ ഗദ്ദാഫി രക്തം പുരണ്ട മൃതദേഹം ഷോപ്പിങ് സെന്ററിലെ ഫ്രീസറില്‍ പൊതുദര്‍ശനത്തിന്. ചന്തയോട് ചേര്‍ന്നു മാംസോല്‍പന്നങ്ങളും മറ്റും മുമ്പു സൂക്ഷിച്ചിരുന്ന കോള്‍ഡ് സ്‌റ്റോറേജ് പ്ലാന്റിലാണ് മൃതദേഹമുള്ളത്. ഗദ്ദാഫി കൊല്ലപ്പെട്ടോയെന്ന സംശയം ഒഴിവാക്കുന്നതിനാണ് ഇങ്ങിനെ വെക്കുന്നതെന്നാണ് ഇടക്കാല മന്ത്രി അലി തര്‍ഹൗനി പറഞ്ഞു.

Subscribe Us:

ഗദ്ദാഫിയുടെ മൃതദേഹം കാണുന്നതിനായി ആളുകള്‍ വരിവരിയായി ഇവിടേക്ക് എത്തിക്കൊണ്ടിരിക്കയാണ്. മൃതദേഹത്തിന്റെ ഫോട്ടോകളും അവര്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. ഗദ്ദാഫിയുടെ നെഞ്ചിലും അടിവയറ്റിലും ഇടതു ഭാഗത്തും വെടിയേറ്റ പാടുകള്‍ സന്ദര്‍ശര്‍ക്ക് ദൃശ്യമാണ്.

അതേസമയം ഗദ്ദാഫിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് ലിബിയന്‍ ഇടക്കാല സര്‍ക്കാറില്‍ അഭിപ്രായഭിന്നത രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. അതാണ് സംസ്‌കാരം നീണ്ടുപോകുന്നതിന് കാരണമെന്നും പറയുന്നു. മൃതശരീരം എവിടെ, എങ്ങനെ അടക്കണം എന്നതിനെച്ചൊല്ലിയാണ് തര്‍ക്കം. മൃതശരീരം മറവുചെയ്യാന്‍ വൈകുന്നത് ഇസ്ലാമിക മതാചാരങ്ങള്‍ക്ക് വിരുദ്ധമാണ്. മൃതദേഹം കടലില്‍ മറവ് ചെയ്യാന്‍ ആലോചന നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഗദ്ദാഫിയുടെ മരണത്തേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യമാരില്‍ ഒരാള്‍ ഐക്യരാഷ്ട്രസഭയെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകത്തേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം ആവശ്യപ്പെട്ടു കഴിഞ്ഞു.

എട്ടുമാസത്തെ ആഭ്യന്തരപ്രക്ഷോഭത്തിനൊടുവില്‍ വ്യാഴാഴ്ചയാണ് ജന്മനാടായ സിര്‍ത്തെയില്‍ കേണല്‍ ഗദ്ദാഫിയെ ഇടക്കാല സര്‍ക്കാര്‍സേനാംഗങ്ങള്‍ കൊലപ്പെടുത്തിയത്.