Categories

ആഫ്രിക്കന്‍ യൂണിയന്റെ വെടിനിര്‍ത്തല്‍ ആഹ്വാനം ഗദ്ദാഫി അംഗീകരിച്ചു

ട്രിപ്പോളി: ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി ലിബിയയില്‍ എത്തിയ ആഫ്രിക്കന്‍ യൂണിയന്‍ നേതാക്കളുടെ നിര്‍ദേശ പ്രകാരം വെടിനിര്‍ത്തല്‍ ആഹ്വാനം കേണല്‍ മുഅമ്മര്‍ ഗദ്ദാഫി അംഗീകരിച്ചതായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു. ഗദ്ദാഫി അനുകൂല സൈന്യവും പ്രക്ഷോഭകരും തുടരുന്ന ഏറ്റുമുട്ടലില്‍ ഇരുപക്ഷവും വിജയം കാണാതിരിക്കെയാണ് ആഫ്രിക്കന്‍ യൂണിയന്‍ നേതാക്കള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി ട്രിപ്പോളിയില്‍ എത്തിയത്.

ഒത്തുതീര്‍പ്പിനായുള്ള ശ്രമങ്ങളുടെ ഭാഗമായി ആഫ്രിക്കന്‍ യൂണിയന്‍ പ്രതിനിധികള്‍ തിങ്കളാഴ്ച ലിബിയന്‍ വിമതരുമായി കൂടിക്കാഴ്ച നടത്തും. ബംഗാസിയില്‍ വച്ചാണ് കൂടിക്കാഴ്ച നടക്കുക. മുഹമ്മദ് ഔള്‍ഡ് അബ്ദല്‍ അസീസിന്റെ നേതൃത്വത്തിലുള്ള ആഫ്രിക്കന്‍ യൂണിയന്‍ സംഘമാണ് ചര്‍ച്ചയ്ക്കായി എത്തിയത്.

ഇന്നലെ ട്രിപ്പോളിയില്‍ എത്തിയ ആഫ്രിക്കന്‍ യൂണിയന്‍ പ്രതിനിധികള്‍ ഗദ്ദാഫിയുടെ സംഘവുമായി സമാധാന പദ്ധതി ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചയില്‍ ഉന്നയിച്ച വെടിനിര്‍ത്തല്‍ ആഹ്വാനം ഒഴിച്ചുള്ള മറ്റു നിര്‍ദ്ദേശങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം സംഘം അറിയിച്ചു. സുമയ്ക്കു പുറമേ മൗറിത്താനിയ, മാലി, കോംഗോ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാരുമുണ്ടായിരുന്നു സംഘത്തില്‍.

അതേസമയം, അജ്ദാബിയ പട്ടണത്തില്‍ ഗദ്ദാഫിസേനയും പ്രക്ഷോഭകരും തമ്മില്‍ രൂക്ഷപോരാട്ടം തുടരുകയാണ്. സേനയുടെ കനത്ത ആക്രമണത്തിന് മുന്നില്‍ പ്രക്ഷോഭകര്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.