സ്‌പോര്‍ട്‌സ് ഡസ്‌ക്

പണവും, ഗ്ലാമറും, അവിശുദ്ധ ബന്ധങ്ങളും കൈകോര്‍ക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ഇത്തവണ പുറത്തുവരുന്നത് ഇത്തിരി ചൂടുള്ള വാര്‍ത്തകളാണ്. സിക്‌സറിനും ബൗണ്ടറികള്‍ക്കുമൊപ്പം ആവേശം പടര്‍ത്താന്‍ എത്തിച്ച വിദേശസുന്ദരി ഗബ്രിയേല പാസ്‌കലോട്ടയാണ് കളിക്കാരുടെ മനസ്സിലിരിപ്പ് പുറത്താക്കിയത്. ചിയര്‍ലീഡേര്‍സും താരങ്ങളും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയതിന് കനത്ത വിലയാണ് ഗബ്രിയേലയ്ക്ക് നല്‍കേണ്ടിവന്നത്. കാണികളെ രസിപ്പിക്കുന്നത് നിര്‍ത്തി ദക്ഷിണാഫ്രിക്കയിലേക്ക് വിമാനം കയറിക്കൊള്ളാനാണ് ഐ.പി.എല്‍ അധികാരികള്‍ ഗബ്രിയേലയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മുംബൈ ഇന്ത്യന്‍സിന്റെ ആരാധകരെ കോരിത്തരിപ്പിക്കാനായി ഇറക്കുമതി ചെയ്തതായിരുന്നു ഗബ്രിയേലയെ. വാങ്ങിയ പണത്തിനുള്ള സേവനം ഗബ്രിയേല ഭംഗിയായി നിര്‍വ്വഹിച്ചു. എന്നാല്‍ കളിക്കുശേഷം നടക്കുന്ന രാത്രി പാര്‍ട്ടികളുടെ നിഗൂഡതകള്‍ പുറത്തുകൊണ്ടുവന്നതാണ് ഗബ്രിയേലയ്ക്ക് വിനയായത്. ചിയര്‍ ലീഡേര്‍സിന വെറും മാംസക്കഷണങ്ങളായിട്ടാണ് താരങ്ങള്‍ കാണുന്നതെന്ന് ബ്ലോഗില്‍ എഴുതിയതോടെ പെട്ടിയും മടക്കി സ്ഥലം വിടാന്‍ ഉത്തരവ് ലഭിക്കുകയായിരുന്നു.

‘ ഒരു ഐ.പി.എല്‍ താരത്തിന്റെ രഹസ്യ ഡയറി ‘ എന്ന് പേരിട്ട ബ്ലോഗിലൂടെയാണ് ഗബ്രിയേല താരങ്ങളുടെ ‘ സ്വഭാവ മഹിമ ‘ വെളിപ്പെടുത്തിയത്. ബ്ലോഗ് വിവാദമായതോടെ അധികൃതര്‍ രംഗത്തെത്തി. ആദ്യം ബ്ലോഗെഴുത്ത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാന്യന്‍മാരെന്ന് കരുതിയ താരങ്ങളുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുമെന്ന് ബോധ്യമായപ്പോഴാണ് വന്ന വഴിയെ തിരിച്ചുപോകാന്‍ ഗബ്രിയേലയോട് ആവശ്യപ്പെട്ടത്.

ധോണിയും സച്ചിനും മാന്യന്‍, സ്മിത്ത് ശൃംഗാരി
ഓരോ താരങ്ങളുടേയും സ്വഭാവി വിശേഷത്തെക്കുറിച്ച് ഗബ്രിയേല ബ്ലോഗിലെഴുതിയിട്ടുണ്ട്. ചെന്നൈ കിംഗ്‌സ് താരവും ഇന്ത്യന്‍ ക്യാപ്റ്റനുമായ ധോണി മാന്യനാണെന്ന് ഗബ്രിയേല പറയുന്നു. സച്ചിനും അതുപോലെ തന്നെ. രാത്രിപാര്‍ട്ടിയിലൊന്നും പങ്കെടുക്കാതെ സ്വന്തം കുടുംബത്തോടൊപ്പമാണ് സച്ചിന്‍ അധികസമയവും ഉണ്ടാകാറുള്ളത്.

എന്നാല്‍ ചില വിദേശതാരങ്ങള്‍ള്‍ക്കു നേരെയാണ് ഗബ്രിയേല തുറന്നടിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും ആല്‍ബി മോര്‍ക്കലും ഡാന്‍ ക്രിസ്റ്റിയനുമെല്ലാം മഹാ തിരികിടകള്‍ ആണെന്നാണ് ഈ ചിയര്‍ലീഡര്‍ കണ്ടെത്തിയിരിക്കുന്നത്. പാര്‍ട്ടികളിലും മറ്റും തങ്ങളെ വേശ്യകളായിട്ടാണ് കാണുന്നതെന്നും അത്തരത്തിലുള്ള പെരുമാറ്റമാണ് താരങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും തന്റെ ബ്ലോഗില്‍ അവര്‍ വ്യക്തമാക്കുന്നു.

ഓസ്‌ട്രേലിയന്‍ താരങ്ങളായ ഡാന്‍ ക്രിസ്റ്റിയനെയും എയ്ഡന്‍ ബിസാര്‍ഡിനേയും ഗബ്രിയേല പേരെടുത്ത് വിമര്‍ശിച്ചിട്ടുണ്ട്. ഇവര്‍ക്കൊക്കെ നാട്ടില്‍ പെണ്‍സുഹൃത്തുക്കള്‍ ധാരാളമുണ്ടെന്നും അവരറിയാതെയാണ് ചിയര്‍ലീഡേര്‍സിനോട് ‘ സ്‌നേഹപ്രകടനങ്ങള്‍’ നടത്തുന്നതെന്നും ഗബ്രിയേല പറയുന്നു. പല ടീമിന്റേയും ചിയര്‍ലീഡേര്‍സായി വന്ന പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അത്തരം രംഗങ്ങള്‍ക്ക് താന്‍ സാക്ഷിയാണെന്നും ഇവര്‍ ബ്ലോഗില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ മുംബൈ ടീമിലെ തന്നെ ഒരു ആസ്‌ട്രേലിയന്‍ താരമാണ് ഗബ്രിയേലക്കെതിരേ അധികൃതര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങാന്‍ ഇവരോട് ആവശ്യപ്പെട്ടത്. എന്നാല്‍ നാട്ടിലെത്തിയശേഷവും ഗബ്രിയേല ട്വിറ്ററിലൂടെ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. താരങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ താന്‍ ഒന്നുംചെയ്തിട്ടില്ലെന്നാണ് ഗബ്രിയേല പറയുന്നത്. എന്നാല്‍ ഗബ്രിയേലയുടെ വിശദീകരണമൊന്നും ഐ.പി.എല്‍ അധികൃതര്‍ കേട്ട മട്ടില്ല. പുകഞ്ഞകൊള്ളി പുറത്ത് എന്ന നിലപാടിലാണ് അധികൃതര്‍.

അല്‍പ്പ വസ്ത്രധാരികളായ ചിയര്‍ ലീഡേര്‍സുമായി ബന്ധപ്പെട്ട് നേരത്തേ വിവാദങ്ങളുയര്‍ന്നിരുന്നു. ഭാരത സംസ്‌കാരത്തെ നശിപ്പിക്കുന്ന എന്നാരോപിച്ച് ശിവസേനയായിരുന്നു ആദ്യം രംഗത്തെത്തിയത്. തുടര്‍ന്ന് 2009ല്‍ ചിയര്‍ലീഡേര്‍സായി ഇന്ത്യന്‍ പെണ്‍കുട്ടികളെ നിയോഗിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം വന്നു. ഒടുവില്‍ പൂനെ വാരിയേര്‍സ് അടക്കമുള്ള ചില ടീമുകള്‍ സാരിയുടുത്ത ഇന്ത്യന്‍ ചിയര്‍ലീഡേര്‍സിനെ രംഗത്തെത്തിച്ചിരുന്നു.