ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഇന്നു ദക്ഷിണകൊറിയയുടെ തലസ്ഥാനമായ സോളിലേക്കു പുറപ്പെടും. വ്യാഴാഴ്ചയാണ് ഉച്ചകോടി ആരംഭിക്കുന്നത്.

ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ പുനഃസംഘടന, സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു ലോകത്തെ കരകയറ്റുന്നതിനുള്ള നടപടികളുടെ പുരോഗതി തുടങ്ങിയവയാണ് ഉച്ചകോടിയില്‍ ചര്‍ച്ചയാവുക. സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി അമേരിക്കയടക്കം ചില രാജ്യങ്ങള്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലുള്ള എതിര്‍പ്പ് ഇന്ത്യ ഉച്ചകോടിയില്‍ അറയിക്കും.

യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന അമേരിക്കയുടെ പ്രഖ്യാപനം രാജ്യാന്തരതലത്തില്‍ വന്‍ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യ – അമേരിക്ക സാമ്പത്തിക സഹകരണം പുതിയ തലങ്ങളിലേക്കു നീങ്ങുന്നതിനിടയില്‍ ചേരുന്ന ഉച്ചകോടിയില്‍ മന്‍മോഹന്‍സിങിന്റെ വാക്കുകള്‍ക്ക് പ്രസക്തിയേറും.

ചൈന കറന്‍സിയുടെ വിനിമയ നിരക്ക് ക്രമാതീതമായി കുറക്കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്ക ഉച്ചകോടിയില്‍ ആവശ്യപ്പെടും. വിപണിക്കനുസൃതമായി വിനിമയനിരക്ക് പാലിക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്നതാണ് ഇന്ത്യയുടെ നിലപാട്.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചകള്‍ വെള്ളിയാഴ്ചയാണ് നടക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന ലോക നേതാക്കളുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രത്യേകം ചര്‍ച്ചകള്‍ നടത്തും.