എഡിറ്റര്‍
എഡിറ്റര്‍
മുന്നാക്ക സമുദായങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യം സര്‍ക്കാര്‍ അട്ടിമറിച്ചു: സുകുമാരന്‍ നായര്‍
എഡിറ്റര്‍
Friday 1st November 2013 9:47am

G Sukumaran Nair

ചങ്ങനാശേരി: മുന്നാക്ക സമുദായങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യം സര്‍ക്കാര്‍ അട്ടിമറിച്ചെന്ന്  എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍.

വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്ന കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മുന്നോക്ക, പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള വാര്‍ഷിക വരുമാന പരിധി ഏകീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും ജി. സുകുമാരന്‍നായര്‍ പറഞ്ഞു.

വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയും പലതവണ അറിയിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല.

മാറിവരുന്ന സര്‍ക്കാരുകള്‍ പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

എയ്ഡഡ് സ്‌കൂളുകളിലെ നിയമനം സംബന്ധിച്ച് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവുകള്‍ പോലും വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലുള്ളതാണ്.

ഇതിനെതിരെ എന്‍.എസ്.എസിന് കോടതിയെ സമീപിക്കേണ്ടി വന്നിരിക്കുകയാണ്.

വിദ്യാഭ്യാസ വകുപ്പ് എയ്ഡഡ് വിദ്യാഭ്യാസമേഖലയോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള ഒരു പ്രത്യേക ധാരണയുടെ അടിസ്ഥാനത്തിലാണ്.

സര്‍ക്കാരിന്റെ ഈ നയം ചോദ്യം ചെയ്യേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന പതാക ദിനാചരണ ചടങ്ങിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement