പത്തനംതിട്ട: കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കന്‍മാരും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

Ads By Google

കോണ്‍ഗ്രസുകാര്‍ക്ക് എന്‍.എസ്.എസ്സിന്റെ പാരമ്പര്യം അറിയില്ലെന്നും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും പിറകെ പോയ ചരിത്രം എന്‍.എസ്.എസിനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സമുദായ നേതാക്കള്‍ അതിരുകടക്കരുതെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുണ്ട്. കടക്കേണ്ടിടത്ത് കടക്കേണ്ട രീതിയില്‍ കടക്കും. അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്യും.

സമുദായ അംഗങ്ങള്‍ക്ക് വോട്ട് ഉള്ളിടത്തോളം സമുദായ നേതാവിന് രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ട്. എന്‍.എസ്.എസ് ശരിദൂരം വെടിഞ്ഞ് സമദൂരം തുടരും. രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്ത്ര കാര്യങ്ങളില്‍ ഇടപെടില്ല.

എന്‍.എസ്.എസിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് യാതൊരു വിവേചനവുമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഒരു കുടുംബം നശിപ്പിക്കുന്ന രീതിയിലുള്‌ല പ്രവര്‍ത്തനമാണ് ബാലകൃഷ്ണപ്പിള്ള – ഗണേഷ്‌കുമാര്‍ പ്രശ്‌നത്തില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സ്വീകരിക്കുന്നത്.

സ്ഥാനമാനങ്ങള്‍ നേടാനായി ചിലര്‍ക്ക് സമുദായത്തിന്റെ മേല്‍വിലാസം വേണം. സമുദായത്തിന്റെ തിണ്ണയില്‍ കയറി നിന്ന് മുതലെടുപ്പ് നടത്താന്‍ ഇനി ആരെയും അനുവദിക്കില്ല.

സമുദായ വോട്ടില്‍ കണ്ണുംനട്ട് പെരുന്നയിലെ ആസ്ഥാന മന്ദിരത്തില്‍ കയറിയിറങ്ങിയവര്‍ ഭരണം കിട്ടിയപ്പോള്‍ എന്‍.എസ്.എസ്സിനെ തള്ളിപ്പറയാന്‍ തുടങ്ങി. ഇതില്‍ മുന്നില്‍ കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹം പറഞ്ഞു.