എഡിറ്റര്‍
എഡിറ്റര്‍
എം.എല്‍.എ ആകാനല്ല ചെന്നിത്തലയെ മത്സരിപ്പിച്ചത്: സുകുമാരന്‍ നായര്‍
എഡിറ്റര്‍
Tuesday 29th January 2013 12:00am

കോട്ടയം: രമേശ് ചെന്നിത്തലയെ കേന്ദ്രം ഇടപെട്ട് മത്സരിപ്പിച്ചത് എം.എല്‍.എ ആകാനല്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസ്സും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവും തമ്മിലുള്ള ധാരണ സംസ്ഥാന നേതൃത്വം തെറ്റിച്ചു.

മുസ്‌ലീം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതല്ല, ധാരണ തെറ്റിച്ചതാണ് യു.ഡി.എഫുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Ads By Google

ചെന്നിത്തലയെ മന്ത്രിയാക്കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന സുകുമാരന്‍ നായരുടെ പ്രസ്താവന ഏറെ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് വീണ്ടും വിശദീകരണവുമായി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരിക്കുന്നത്. ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്തിരുത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഇങ്ങനെ സംഭവിച്ചാല്‍ മാത്രമേ ഇപ്പോഴുള്ള പ്രതിസന്ധിക്ക് പരിഹാരമാകൂ. തന്റെ ആവശ്യങ്ങള്‍ക്കുള്ള മറുപടി ഇതുവരെ ആരും നല്‍കിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

തന്റേടമുള്ളവര്‍ക്ക് തന്റെ പ്രസ്താവനയെ എതിര്‍ക്കാം. ഇനിയും ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഉണ്ടാകും. കാലാകലങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന കാര്യങ്ങളാണ് ഇപ്പോള്‍ പറഞ്ഞത്. ചെന്നിത്തല മത്സരരംഗത്തില്ലായിരുന്നെങ്കില്‍ യു.ഡി.എഫ് ഇപ്പോള്‍ പ്രതിപക്ഷത്തുണ്ടാകുമായിരുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഭൂരിപക്ഷ സമുദായത്തിന്റെ പ്രതിനിധിയായി ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്ത് രമേശ് ചെന്നിത്തല വരണമെന്ന് സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചെന്നിത്തല തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കേന്ദ്രത്തിന്റെ ഇടപെടല്‍ കൊണ്ടാണെന്നും ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എന്‍.എസ്.എസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. എന്‍.എസ്.എസിന്റെ ഭീഷണിയോട് പ്രതികരിച്ച് വിവാദങ്ങളുണ്ടാക്കാന്‍ താനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെന്നിത്തലയ്ക്ക് എന്‍.എസ്.എസാണ് സീറ്റ് കൊടുത്തതല്ലെന്ന് തനിയ്ക്ക് അറിയില്ല. ചെന്നിത്തലയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തന്നോട് പറയാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കുകയല്ലാതെ മറ്റൊരു അജണ്ടയും തനിക്കില്ലെന്ന് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Advertisement