ആലപ്പുഴ:വോട്ടെടുപ്പിനിടെ ആലപ്പുഴ തകഴിയില്‍ നടന്ന അക്രമത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി ജി സുധാകരന്‍. പ്രശ്‌നത്തില്‍ ഡിജിപി അന്വേഷണം നടത്തണം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷണും ഡിജിപിക്കും പരാതി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ആയുധവുമായി നില്‍ക്കുന്നയാളുടെ പിറകേ മുന്‍ കരുതലില്ലാതെ പോലീസ് പോകരുതായിരുന്നുവെന്ന് സുധാകരന്‍ വ്യക്തമാക്കി. അമ്പലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ തെക്ക് തെന്നടിയില്‍ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് വെട്ടേറ്റത്. വടിവാളുമായി കള്ളവോട്ടു ചെയ്യാനെത്തിയ ബിജു എന്നയാളെ നേരിടുന്നതിനിടെയാണ് എസ്,ഐ പ്രശാന്തിന് വെട്ടേറ്റത്.

തെന്നടിയിലെ പ്രിസൈഡിംഗ് ഓഫീസര്‍ക്കും വീഴ്ച പറ്റിയിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഡി ജി പിയോട് ആവശ്യപ്പെട്ടിട്ടുണ്ട് സുധാകരന്‍ അറിയിച്ചു.