തിരുവനന്തപുരം: കെ.എം ഷാജഹാന്റെ അറസ്റ്റ് കേരളത്തിലെ ജനങ്ങള്‍ക്ക് വിഷയമല്ലെന്ന് മന്ത്രി ജി. സുധാകരന്‍. ഷാജഹാന്റെ അറസ്റ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്ത് പൊതുവിഷയമാക്കേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു.

സര്‍ക്കാറിനെ മോശമാക്കാന്‍ ചില വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തീവ്രവാദികളെന്ന് ആരോപിച്ച് 80000ലധികം മുസ്ലിം യുവതിയുവാക്കള്‍ ഇവിടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലില്‍ കിടക്കുന്നു. യു.പി.എ സര്‍ക്കാര്‍ തടവിലാക്കിയ അവരെ പുറത്തുകൊണ്ടുവരാന്‍ ആരും ശ്രമിക്കുന്നില്ല്. ഇക്കാര്യം ആരും പറയാത്തത് എന്തു കൊണ്ടാണ്. അതൊന്നും മാധ്യമങ്ങള്‍ വാര്‍ത്തയല്ലേയെന്നും മന്ത്രി സുധാകരന്‍ ചോദിച്ചു.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നേരെ വാ നേരെ പോ നിലപാടാണ്. സര്‍ക്കാരിനെ മോശമാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു.


Dont Miss ജിഷ്ണു കേസ്; ഒളിവില്‍ കഴിയുന്ന പ്രവീണിന്റേയും ദിപിന്റേയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു 


ജിഷ്ണു പ്രണോയിയുടെ കുടുംബം ഡി.ജി.പി ഓഫീസില്‍ മുന്നില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് കെ.എം ഷാജഹാനെ അറസ്റ്റ് ചെയ്തത്. കൂടാതെ സമരത്തിന് പിന്തുണ നല്‍കി സ്ഥലത്തെത്തിയ എസ്.യു.സി.ഐ പ്രവര്‍ത്തകരായ എം. ഷാജര്‍ഖാന്‍, ഭാര്യ മിനി, പ്രവര്‍ത്തകന്‍ ശ്രീകുമാര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തന്നെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഭരണഘടനാ ലംഘനമെന്ന് കെ.എം ഷാജഹാന്‍ ഇന്ന് പ്രതികരിച്ചിരുന്നു. തനിക്കെതിരായ നടപടി പിണറായി വിജയന്റെ വ്യക്തി വൈരാഗ്യം മാത്രമാണ്. അറസ്റ്റിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ലോ അക്കാദമി കോളേജില്‍ എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ എത്തിയപ്പോഴാണ് കെ.എം ഷാജഹാന്‍ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.

പൊലീസ് കാവലോടെയാണ് ഷാജഹാന്‍ പരീക്ഷ എഴുതാന്‍ എത്തിയത്. ലാവ്ലിന്‍ കേസില്‍ ഇടപെട്ടതുകൊണ്ടാണ് തന്നെ ദ്രോഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.