എഡിറ്റര്‍
എഡിറ്റര്‍
പൂച്ച ഏറ്റവും നല്ല കവിതയായിരുന്നിട്ടും ചിലര്‍ക്ക് മനസിയാലില്ല: നിയമസഭ നടക്കുന്ന സമയത്തു വരെ കവിതയെഴുതിയിട്ടുണ്ടെന്നും ജി. സുധാകരന്‍
എഡിറ്റര്‍
Monday 8th May 2017 9:01am

തന്റെ പൂച്ചയെന്ന കവിത ഏറ്റവും നല്ല കവിതയായിട്ടും ചിലര്‍ക്ക് മനസിയാലില്ലെന്ന് മന്ത്രി ജി. സുധാകരന്‍. ഫിലോസഫിക്കലായിട്ടുള്ള ഒരു കവിതയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്ക് പരിപാടിയിലായിരുന്നു ജി സുധാകരന്റെ പ്രതികരണം. പൂച്ചയെന്ന കവതിയുമായി ബന്ധപ്പെട്ട ട്രോളുകളെക്കുറിച്ചു ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘എറ്റവും നല്ല കവിതയായിരുന്നിട്ടും ചിലര്‍ക്ക് മനസിലായില്ല. പൂച്ച കള്ളുകുടിച്ച് കുപ്പിയും കമഴ്ത്തി കിടക്കുന്നതായിട്ട് ഒരു ട്രോളു ഞാന്‍ കണ്ടു. ഈ ബി.ജെ.പിയിലും അതുപോലെ അരാഷ്ട്രീയമായിട്ട് ഒരു ചിലര് ഈ കേരളത്തില്‍ എന്നെ ആക്ഷേപിക്കാനായി ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് കവിതയെക്കുറിച്ച് ഒന്നും അറിയില്ല. ആ പൂച്ച ഒരു ഫിലോസഫിക്കല്‍ കൃതിയാണ്. ‘നീ യുഗങ്ങളെ നോക്കിയങ്ങിരിപ്പൂ എന്നാണ് അവസാനം പറയുന്നത്. ‘ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.


Must Read: കയ്യേറ്റഭൂമിയിലെ ആരാധനാലയങ്ങള്‍ക്ക് പട്ടയം വേണമെന്ന് സഭ; നടക്കില്ലെന്ന് മുഖ്യമന്ത്രി


തന്റെ കവിതയിലെ പൂച്ച യഥാര്‍ത്ഥത്തിലുണ്ടായിരുന്നെന്നും ആ പൂച്ചയോടു ചോദിക്കാനായി തന്റെ മനസിലുയര്‍ന്ന ചോദ്യങ്ങളാണ് കവിതയിലൂടെ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘യഥാര്‍ത്ഥത്തില്‍ ഈ പൂച്ചയുണ്ടായിരുന്നു. ഞാന്‍ ഖത്തറില്‍ എന്റെ മകന്റെയടുത്ത് പോയിരുന്നു. അവിടെ ഒരു കറുത്ത പൂച്ചയുണ്ടായിരുന്നു. ഞങ്ങള്‍ ചെല്ലുന്നതിനു മുമ്പ് വന്നതാണ്. ആ പൂച്ചയെപ്പറ്റിയാണ് എഴുതിയത്. കാരണം ആ പൂച്ച നമ്മള് വളര്‍ത്തിയതല്ല. എവിടുന്നോ വന്നതാണ്. അപ്പോ നീ എവിടെയായിരുന്നു എന്നു ചോദിക്കുന്നു. എന്തിനാണ് നീ പിണങ്ങിയതെന്ന് ചോദിക്കുന്നു. അങ്ങനെ പറഞ്ഞു പറഞ്ഞ് ഫിലോസഫിക്കലായിട്ട് അവസാനിക്കുന്നു. ‘ അദ്ദേഹം വിശദീകരിക്കുന്നു.

ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്നു പറഞ്ഞ അദ്ദേഹം അതു തനിക്കു പബ്ലിസിറ്റിയാണെന്നും അഭിപ്രായപ്പെട്ടു. കവിതയുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനങ്ങളും കേട്ടിട്ടുണ്ട്. താന്‍ കവിത എഴുതരുതെന്നു വരെ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

‘കവിതയുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളും കേള്‍ക്കാറുണ്ട്. കവിതയേ ഞാന്‍ എഴുതരുതെന്ന് പറഞ്ഞിട്ടുണ്ട്. അതുപറഞ്ഞോട്ടെ അത് അവരുടെ ഇഷ്ടം.’ സുധാകരന്‍ പറയുന്നു.

കവിതയെഴുതാന്‍ പ്രത്യേകിച്ചങ്ങനെ സമയമൊന്നുമില്ലെന്നും നിയമസഭയില്‍ ഇരുന്നുവരെ താന്‍ കവിതയെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘നിയമസഭയില്‍ നിന്നും കവിതയെഴുതിയിട്ടുണ്ട്. സഭ നടക്കുമ്പോഴും എഴുതിയിട്ടുണ്ട്. അത് വേറെയാരും കാണുന്നില്ലല്ലോ. സമ്മേളനത്തിലും എഴുതിയിട്ടുണ്ട്. ട്രെയിനുകളില്‍ നിന്നും എഴുതിയിട്ടുണ്ട്. ‘ സുധാകരന്‍ പറയുന്നു.

Advertisement