ആലപ്പുഴ: ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ ആലപ്പുഴ ഗവ. റെസ്റ്റ് ഹൗസില്‍ നിന്ന് കുടിയൊഴിപ്പിച്ചെന്ന വാര്‍ത്ത തെറ്റെന്ന് മന്ത്രി ജി സുധാകരന്‍. തന്നെയും മന്ത്രി തോമസ് ഐസക്കിനെയും തമ്മില്‍ തെറ്റിക്കുന്നതിന് ആലപ്പുഴയില്‍ ക്രിമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Also Read: കിടപ്പാടം ഭീഷണിയിലെന്ന് 40,000 കുടുംബങ്ങള്‍; സര്‍ദാര്‍ സരോവര്‍ ഡാം നാടിന് സമര്‍പ്പിച്ചു


കഴിഞ്ഞദിവസമാണ് റെസ്റ്റ് ഹൗസിലെ തോമസ് ഐസക്കിന്റെ മുറി സുധാകരന്‍ ഇടപെട്ട് പൂട്ടിച്ചെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നത്. ഇത് തെറ്റാണെന്ന് പറഞ്ഞ സുധാകരന്‍ തങ്ങളെ തെറ്റിക്കാനുള്ള ക്രിമിനല്‍ സംഘങ്ങളുടെ പ്രവര്‍ത്തന ഫലമാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതെന്നും കൂട്ടിച്ചേര്‍ത്തു.

‘സംഭവം വെറും കെട്ടുകഥയാണ്. ഒരു വി.ഐ.പിക്കും അവിടെ സ്ഥിരം മുറിയില്ല, എപ്പോള്‍ ചെന്നാലും അദ്ദേഹത്തിന് മുറി ഉണ്ട്. മന്ത്രി തോമസ് ഐസക്കിനെ താന്‍ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാണ് ഇത്തരക്കാരുടെ ശ്രമം’ സുധാകരന്‍ പറഞ്ഞു.


Dont Miss: ‘അടിത്തറ ഇളകും’; മഹാരാഷ്ട്ര പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സീറ്റുകള്‍ നഷ്ടമാകുമെന്ന് സര്‍വേ


എന്നാല്‍ ഈ ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും താനും ഐസക്കുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പല റെസ്റ്റ് ഹൗസുകളിലും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ഇതിലൊക്കെ മാറ്റം വരുത്തി പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസുകളുടെയും ഗസ്റ്റ് ഹൗസുകളുടെയും നിലവാരം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.