മുംബൈ: സാമ്പത്തിക പ്രതിസന്ധിയില്‍ അനിശ്ചിതത്വത്തിലായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനെ രക്ഷിക്കാന്‍ അതിന്റെ ഉടമ വിജയ് മല്യയെ നീക്കുകയാണ് ചെയ്യേണ്ടതെന്ന് ഡെക്കാന്‍ ഏവിയേഷന്‍ മേധാവി ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥ്. വിജയ് മല്യയെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പിരിച്ചു വിട്ട് കമ്പനിയുടെ നിയന്ത്രണം പൂര്‍ണ്ണമായും സര്‍ക്കാറും ബാങ്കുകളും ഏറ്റെടുക്കണമെന്നും ക്യാപ്റ്റന്‍ ഗോപി പറഞ്ഞു.

ഹോട്ട് മോഡലുകളെ ഉപയോഗിച്ച് കലണ്ടര്‍ ഷൂട്ട് നടത്തുകയും ഫോര്‍മുല വണ്‍ കാര്‍ റിസിംഗ് ടീം  ഐ.പി.എല്‍ ക്രിക്കറ്റ് ടീം എന്നിവ വാങ്ങുകയും പരസ്യമായി പാര്‍ട്ടി ജീവിതം നയിക്കുകയും ചെയ്യുന്ന ഒരാളുടെ കമ്പനിയെ രക്ഷിക്കാന്‍ നികുതി ദായകരുടെ പണം ഉപയോഗിക്കുമ്പോള്‍ എതിര്‍പ്പ് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു.

മല്യയുടെ കമ്പനി 400 കോടിയോളം രൂപ നികുതി ബാധ്യത വരുത്തിയിട്ടുണ്ട്. മാത്രമല്ല ബാങ്കുകള്‍ക്കും സേവനദാതാക്കള്‍ക്കുമെല്ലാമായി 10,000 കോടിയോളം രൂപ നല്‍കാനുണ്ട്. ഇതിനിടയിലും കോടികള്‍ വിലയുള്ള വില്ലകളും ദ്വീപും ഉല്ലാസ നൗകകളുമൊക്കെ വാങ്ങുകയാണ് മല്യയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇപ്പോഴത്തെ വിപണി വിലയ്ക്കനുസരിച്ച് കിംഗ്ഫിഷറിന്റെ വായ്പ മുഴുവനും ബാങ്കുകള്‍ ഓഹരികളാക്കി മാറ്റണം. ശേഷിക്കുന്ന ബാധ്യത കമ്പനിയുടെ ആസ്തികള്‍ വിറ്റ് നേടണം. എന്നിട്ട് പ്രാഫഷണലായ ഒരു ഡയറക്ടര്‍ ബോര്‍ഡിനെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനായി തിരഞ്ഞെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ചെലവ് കുറഞ്ഞ വിമാനസര്‍വ്വീസുകളുടെ പിതാവ് എന്നറിയപ്പെടുന്ന ജി.ആര്‍ ഗോപിനാഥ് തന്റെ വിമാനക്കമ്പനിയായ എയര്‍ ഡെക്കാന്‍ നേരത്തെ കിംഗ്ഫിഷറിന് വിറ്റിരുന്നു. അതിനെ ‘കിംഗ്ഫിഷര്‍ റെഡ്’ എന്ന് റീ ബ്രാന്‍ഡ് ചെയ്ത് കുറച്ചുകാലം സര്‍വീസ് നടത്തിയെങ്കിലും കഴിഞ്ഞ വര്‍ഷം അത് നിര്‍ത്തലാക്കി. ഏറെക്കാലം അടുത്ത സുഹൃത്തുക്കളായിരുന്നു ക്യാപ്റ്റന്‍ ഗോപിയും വിജയ് മല്യയും. എന്നാല്‍ ഇപ്പോള്‍ അവര്‍ തമ്മില്‍ പഴയ ഊഷ്മള ബന്ധം നിലനില്‍ക്കുന്നില്ല.

Malayalam news

Kerala news in English