എഡിറ്റര്‍
എഡിറ്റര്‍
മലയാള സിനിമയിലെന്താണ് സംഭവിക്കുന്നത്?
എഡിറ്റര്‍
Monday 10th July 2017 2:04pm

 


ഈ വ്യവസായത്തിന്റെയും അതില്‍ പ്രവര്‍ത്തിക്കുന്ന വിവിധ തട്ടിലുള്ളവരെയും സംരക്ഷിക്കാനെന്ന മട്ടില്‍ പടച്ചുണ്ടാക്കിയിരിക്കുന്ന നൂറോളം സംഘടനകളാകട്ടെ പരസ്പരം വിലക്കാനും പേടിപ്പിക്കാനും മാത്രം തിണ്ണബലം കാണിക്കുന്ന തികഞ്ഞ ജനാധിപത്യ വിരുദ്ധ ആള്‍ക്കൂട്ടങ്ങളും അധികാരം നോക്കികളുമാണ്.


കലാവിഷ്‌ക്കാരം എന്ന സൗകുമാര്യവും കച്ചവടം/ലാഭം/മുതല്‍മുടക്ക്/കുറെപ്പേര്‍ക്ക് പണി തുടങ്ങിയ ന്യായവാദങ്ങളും രാഷ്ട്രീയ/ഭരണ നേതൃത്വത്തിന്റെയും വ്യവസ്ഥാപിത മാധ്യമങ്ങളുടെയും ലക്ഷക്കണക്കിന് പൊതുജനങ്ങളുടെയും സുസ്ഥിര പിന്തുണയും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട മലയാള മുഖ്യധാരാ സിനിമ എന്ന നെടുംകോട്ടയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

സിനിമകളിലെ പ്രമേയങ്ങളിലൂടെയും ആഖ്യാനങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും പൊതുബോധ അംഗീകാരവാഴ്ത്തുകളിലൂടെയും ആയി നേടിയെടുത്ത അധികാരപ്രതീതികള്‍; വിമര്‍ശകര്‍ക്കു നേരെയും പരീക്ഷണസിനിമാക്കാര്‍ക്കു നേരെയും പുതുമുറക്കാര്‍ക്കു നേരെയും പ്രയോഗിച്ച് പതം വരുത്തിയെടുത്തതാണ്. എന്നാല്‍, അതൊക്കെ ചേട്ടന്റെ ചില പുറം തമാശകള്‍ മാത്രം.

മതില്‍ കെട്ടി സുരക്ഷിതമാക്കിയ സ്വന്തം കോട്ടക്കകത്ത് കടുത്ത ചൂഷണവും പീഡനവും കൊലയും ബലാത്സംഗവും പെണ്‍വേട്ടയും ക്വട്ടേഷനും ക്രിമിനലിസവും ആണ് നടപ്പുനീതി എന്ന പച്ചപ്പരമാര്‍ത്ഥമാണ് വെളിപ്പെട്ടിരിക്കുന്നത്. നൂറോളം സംഘടനകള്‍ വഴി, ഇത്തരം ക്രിമിനലിസത്തെ മൂടിയമര്‍ത്തിവെച്ച് ന്യായാധിപന്മാര്‍ ചമയാന്‍ വരെ ഇത്രനാളും ഇക്കൂട്ടര്‍ക്ക് സാധ്യമായി.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളം എവ്വിധമായിരിക്കരുത് എന്നതിന് ഉദാഹരണസഹിതം വ്യാഖ്യാനങ്ങള്‍ ചമക്കാന്‍ ഒരുപാട് പാടുപെടേണ്ടതില്ല. മലയാള സിനിമ പോലെയാവാതിരുന്നാല്‍ മതി എന്ന ഒറ്റ പ്രയോഗത്തില്‍ എല്ലാം ഉള്‍ക്കൊള്ളും. അത്രമാത്രം, ജീര്‍ണിച്ചതും മനുഷ്യവിരുദ്ധവും സ്ത്രീ വിരുദ്ധവും ചരിത്രവിരുദ്ധവും പുരോഗമനവിരുദ്ധവും ഫാസിസ്റ്റനുകൂലവും ആയ സാംസ്‌ക്കാരിക മലിനീകരണമാണ് മലയാള സിനിമയുടെ മുഖ്യധാര നടത്തിക്കൊണ്ടിരിക്കുന്നത്.

സിനിമയിലെ സാമ്പത്തിക ചൂഷണം ഏറെ കഠിനമാണ് എന്ന കാര്യം, പുറത്തു നിന്ന് നോക്കി ഏകദേശം കാര്യങ്ങള്‍ വിലയിരുത്തുന്നവര്‍ക്കു പോലും ബോധ്യപ്പെടും. ലോകത്തെവിടെയുമില്ലാത്ത ഒരു പ്രതിഫലക്രമമാണ് മലയാള സിനിമയില്‍ തുടരുന്നത്. സൂപ്പര്‍ താരങ്ങള്‍ക്ക് കോടികള്‍ പ്രതിഫലമായി ലഭിക്കുമ്പോള്‍, ഒപ്പം മുഴുനീളമഭിനയിക്കുന്ന നടികള്‍ക്ക് ഏതാനും പതിനായിരങ്ങള്‍ കൊടുത്ത് ഒതുക്കും.

സംഗീത സംവിധായകന് കോടികള്‍ ലഭിക്കുമ്പോള്‍, പാട്ടു പാടുന്നവര്‍ക്ക് യാത്രക്കൂലി കിട്ടിയാലായി. നിങ്ങളാണ് പാടിയത് എന്ന് സ്വയം ക്ലെയിം ചെയ്ത് ഗാനമേളയില്‍ പാടാമല്ലോ എന്നാണ് ഔദാര്യമായി നിര്‍മാതാവും നിര്‍മാതാവിനെ നിയന്ത്രിക്കുന്ന സൂപ്പര്‍ താരവും സംഗീതസംവിധായകനും ഈ കാഷ്‌ലെസ്സ് എക്കണോമിയെ ന്യായീകരിക്കുന്നത്.

ദേശീയ അവാര്‍ഡും നിരവധി സംസ്ഥാന അവാര്‍ഡുകളും നേടിയ കോഴിക്കോട് ശാന്താദേവി അഞ്ഞൂറോളം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ രംഗത്തെക്കുറിച്ച് മതിയായ അറിവുള്ള ഒരു സുഹൃത്ത് പറഞ്ഞത് അവര്‍ക്ക് മലയാള സിനിമയില്‍ നിന്ന് ലഭിച്ച ഏറ്റവും കൂടിയ പ്രതിഫലം കേവലം ഒരായിരം രൂപ മാത്രമാണത്രെ. പലപ്പോഴും ഇത് വെച്ചോളൂ എന്നും പറഞ്ഞ് നൂറു രൂപ കയ്യില്‍ ചുരുട്ടിക്കൊടുത്ത് ബസ്സില്‍ കയറ്റിവിടുകയായിരുന്നത്രെ പതിവ്.

സിനിമ ലാഭമായാലും നഷ്ടമായാലും, സൂപ്പര്‍ താരത്തിന്റെ കണക്കില്‍ കോടികള്‍ കുമിഞ്ഞുകൂടുക എന്നതാണ് മലയാള സിനിമയിലെ സാമ്പത്തിക വിനിമയക്രമം. അതായത്; നിര്‍മാതാക്കള്‍, വിതരണക്കാര്‍, പ്രദര്‍ശനശാലക്കാര്‍, കാണികള്‍, മറ്റഭിനേതാക്കള്‍, സംവിധായകരടക്കമുള്ള സാങ്കേതികപ്രവര്‍ത്തകര്‍, സര്‍ക്കാര്‍, ചാനലുകള്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും നഷ്ടങ്ങളുണ്ടാകുമ്പോള്‍, സൂപ്പര്‍ താരങ്ങള്‍ക്കു മാത്രം ടേബിള്‍ പ്രോഫിറ്റിന്റെയും സാറ്റലൈറ്റ് റേയ്റ്റിന്റെയും മറ്റും പേരില്‍ ലാഭം കോടികളായി കുമിഞ്ഞു കൂടുന്നു.

ഇപ്രകാരം സമാഹരിക്കപ്പെടുന്ന പണം റിയല്‍ എസ്റ്റേറ്റ്, മാഫിയ മേഖലകളിലേക്ക് പടര്‍ത്തിവിടുകയാണിവര്‍ ചെയ്യുന്നത്. അത് സംരക്ഷിക്കാനും അതിനു വേണ്ടി എന്തു നെറികേട് ചെയ്യുന്നതിനും ആവശ്യമുള്ള ഗൂണ്ടകളെ പോറ്റിവളര്‍ത്തുകയും ചെയ്യുന്നുണ്ട്. ബൗണ്‍സര്‍മാര്‍ എന്നാണിവരെ വിളിക്കുന്നത്. അത്തരത്തിലുള്ള ഒരു ക്വട്ടേഷന്‍ ഗൂണ്ടയാണ്, കൊച്ചിയില്‍ പൊതുനിരത്തില്‍ വെച്ച് നടിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയത്.

ഇതിനു പുറമെയാണ് നടികളെ ശാരീരികമായി ചൂഷണം ചെയ്യുന്ന പതിവ്. മുന്‍നിര നടികള്‍ മുതല്‍ എക്‌സ്ട്രാ നടികള്‍ വരെ വ്യാപകമായി ലൈംഗിക ചൂഷണത്തിന് വിധേയരാവാറുണ്ടെന്നത് നാട്ടിലെ പാട്ടാണ്. ഇത്തരത്തില്‍ ചൂഷണവിധേയരാവുന്ന സ്ത്രീകളെ ‘മോശം സ്ത്രീകള്‍’ എന്നാണ് ബഹുമാന്യനായ എം.പി ഇന്നസെന്റ് വിശേഷിപ്പിക്കുന്നത്. ലൈംഗിക ചൂഷണത്തിന് വിധേയയാവുന്ന സ്ത്രീയുടെ സ്വഭാവ പരിശോധന നടത്തുന്നത് സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നിരിക്കെ, കടുത്ത നിയമലംഘനമാണ് ഈ പ്രസ്താവനയിലൂടെ ഇന്നസെന്റ് നടത്തിയിരിക്കുന്നത്.

മലയാള സിനിമയിലെ നിരവധി നടികള്‍ ആത്മഹത്യയിലൂടെയും ദുരൂഹമരണങ്ങളിലൂടെയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന്റെയൊക്കെ പിന്നില്‍ മിക്കപ്പോഴും ലൈംഗികചൂഷണങ്ങളാണുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം.

മലയാള സിനിമ എന്ന സാംസ്‌ക്കാരിക-വാണിജ്യ-വ്യവസായ-മാധ്യമ-സാങ്കേതിക വ്യവസ്ഥ, മലയാള ഭാഷയുടെയും ഐക്യകേരളത്തിന്റെയും അഭിമാനവും പ്രതിനിധാന-പ്രതീകവും ആയതുകൊണ്ടാണ് പല പ്രതിസന്ധികളെയും എതിര്‍പ്പുകളെയും സമ്മര്‍ദങ്ങളെയും അതിജീവിച്ച് അത് നിലനിന്നതും പടര്‍ന്നു പന്തലിച്ചതും. കെ.ജി.എസ്സിന്റെ കവിതയില്‍ കടലിനെ പറ്റി പറയുന്നതു പോലെ, കണ്ടു കണ്ടാണ് സാര്‍ അതിത്ര വലുതായത്. പരിമിതികളും ദൂഷ്യങ്ങളും എല്ലാം എപ്പോഴുമുണ്ടായിരുന്നു. എന്നാലതിനെയെല്ലാം മറി കടന്നു കൊണ്ട് ചലച്ചിത്ര ജനപ്രിയതയുടെ വ്യാപനവും, മലയാളിത്തം/കേരളീയത എന്ന ആധുനിക നാടോടിത്തത്തിന്റെ പ്രതീതി സാന്നിദ്ധ്യവും ചേര്‍ന്ന് മലയാള സിനിമയെ മണ്ണിലും മനസ്സിലും ചുമരിലും സ്വപ്നത്തിലും ഓര്‍മകളിലും ഉറപ്പിച്ചെടുത്തു.

ഇനിയുള്ള കാലത്തും അത് അങ്ങിനെ തന്നെയായിരിക്കും. എന്നാല്‍, മലയാള സിനിമ എന്ന ആവിഷ്‌ക്കാരം, മലയാളികള്‍ക്കാകെ ഒരു ബാധ്യതയാണെന്ന് തോന്നിപ്പിക്കുകയും ഉറപ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവണതകളാണ് സമീപകാലത്ത് പുറത്തുവന്നത്. സിനിമക്കകത്തും അതിനെ ചുറ്റിപ്പറ്റിയുള്ള ഗ്ലാമര്‍-പണക്കൊഴുപ്പു ലോകത്തും സംഭവിക്കുന്നത് ഇതൊക്കെയാണെന്ന് വെളിപ്പെട്ടത്, ചിലയാളുകളെയെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചിട്ടുമുണ്ട്.

സിനിമാ ചിത്രീകരണ സ്ഥലത്തു നിന്ന് വീട്ടിലേക്ക് പോകാന്‍ നിര്‍മാതാവിന്റെ പ്രതിനിധി വിളിച്ചുകൊടുത്ത വാഹനത്തില്‍ കയറി സഞ്ചരിക്കവെ, മലയാള സിനിമയിലെ ഒരു മുഖ്യധാരാ നടി ആസൂത്രിതമായി ആക്രമിക്കപ്പെടുകയും നിഷ്ഠൂരമായ ഭീഷണിയാല്‍ വേട്ടയാടപ്പെടുകയും ചെയ്തു. സ്ത്രീവിരുദ്ധതയുടെ അധികാരബലതന്ത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന പൊതുബോധത്തിന്റെയും വ്യവസ്ഥകളുടെയും കൊട്ടകൊത്തളങ്ങളും കാര്‍മേഘ പടലങ്ങളും നിറഞ്ഞുനില്‍ക്കുന്നതു കൊണ്ട്, സാധാരണ ഗതിയില്‍ ഇത്തരം സംഭവങ്ങള്‍ പുറത്തു പറയാതെ ഇരയാക്കപ്പെട്ടവര്‍ സഹിച്ച് സ്വയം ഒതുക്കിക്കളയുകയാണ് പതിവ്.

എന്നാലീ സംഭവത്തില്‍ വേട്ടയാടപ്പെട്ട നടി ധൈര്യത്തോടെ പോലീസില്‍ വ്യക്തമായ പരാതി സമര്‍പ്പിക്കുകയും തുടര്‍ന്നുള്ള നാളുകളില്‍ പരാതിയിലുറച്ചു നില്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രതികള്‍ പിടികൂടപ്പെട്ടു. അവരെ ക്വട്ടേഷന്‍ നല്‍കി പ്രമുഖരായ ആരോ അയച്ചതാണെന്ന ധാരണ പൊതുവെ നിലനില്‍ക്കുന്നുണ്ട്. നിഷ്ഠൂരമായി ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനു പകരം, സംശയിക്കപ്പെടുന്ന നടനോട് വിധേയത്വം കാണിക്കുകയാണ് അഭിനേതാക്കളുടേതെന്നവകാശപ്പെടുന്ന അമ്മ എന്ന സംഘടന ചെയ്തിരിക്കുന്നത്.

ഈ അപഹാസ്യ നാടകത്തിലൂടെ കേരളത്തിലെ ജനകീയ സംഘടനാ ചരിത്രത്തില്‍ ഏറ്റവും അശ്ലീലമായ സംഘടനയായി അമ്മയുടെ സ്ഥാനം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു സംഘടനക്ക് മൂന്ന് തട്ടിലുള്ള ഉത്തരവാദിത്തം അല്ലെങ്കില്‍ പ്രതിബദ്ധത ഉണ്ടാവണമെന്നതാണ് സാമാന്യ തത്വം. ഒന്ന് ആ സംഘടനയുടെ അംഗങ്ങളോട് തന്നെയാണ്. അത് അമ്മക്കില്ല എന്നു തെളിഞ്ഞിരിക്കുന്നു. ആ സംഘടനയുടെ അംഗമായ, ആക്രമിക്കപ്പെട്ട നടിയോട് സഹാനുഭൂതിയോ അനുഭാവമോ കാണിച്ചില്ല എന്നു മാത്രമല്ല; ആക്രമിക്കപ്പെട്ട ഉടനെ അതിനു പിന്നില്‍ ഇന്നയാളല്ല എന്നു പറഞ്ഞില്ല എന്നതിന്റെ പേരില്‍ ആ നടിയെ തള്ളിപ്പറഞ്ഞ സൂപ്പര്‍ താരത്തെ സമ്പൂര്‍ണമായി പിന്തുണക്കുകയും അയാളോടൊപ്പം നിലക്കൊള്ളുകയുമാണ് അമ്മ ചെയ്തിരിക്കുന്നത്.

ഇതിനെ പറ്റി ചില സംശയങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരെ വിരട്ടുകയും അധിക്ഷേപിക്കുകയുമാണ് ജനപ്രതിനിധികളടക്കമുള്ള അമ്മ നേതാക്കള്‍ ചെയ്തത്. രണ്ടാമത്തെ, ഉത്തരവാദിത്തം തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മേഖലയോടാണ്. സിനിമ എന്ന കലാരൂപത്തോടു വേണ്ട കച്ചവടരംഗത്തോട് പോലും എന്തെങ്കിലും അനുഭാവം ഈ സംഘടനക്കുണ്ടെന്നു പറയാന്‍ വയ്യ. ആഷിക്ക് അബുവും അമല്‍ നീരദും അന്‍വര്‍ റഷീദും അടക്കമുള്ള പുതുമുറ സംവിധായകരെ തകര്‍ക്കാന്‍ കുതന്ത്രങ്ങള്‍ മെനഞ്ഞവരാണ് അമ്മയടക്കമുള്ള മുഖ്യധാരാ സിനിമാ സംഘടനകളെ കീശയിലാക്കി വെച്ച് നിയന്ത്രിക്കുന്നതെന്ന് അവര്‍ തന്നെ ആരോപിച്ചിരിക്കുന്നു. മുമ്പ് തിലകനോടും വിനയനോടും പൃഥ്വിരാജിനോടും ഇത്തരം വിലക്ക് ഭീഷണി ഇവര്‍ പുറപ്പെടുവിക്കുകയുണ്ടായി.

മൂന്നാമത്തെ ഉത്തരവാദിത്തം പൊതുസമൂഹത്തോടാണ്. പൊതുസമൂഹത്തെ ഇത്രമാത്രം അപഹാസ്യമായ രീതിയില്‍ അഭിമുഖീകരിക്കുന്ന ഒരു സംഘടനയെയും അതിന്റെ തലപ്പത്തുള്ള വ്യക്തികളെയും അടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ല. കലുഷിതമായ ഇന്ത്യയുടെ പ്രത്യാശയായി കണക്കാക്കുന്ന ജനാധിപത്യ ഉത്ക്കര്‍ഷത്തിന്റെ യുവനായകപ്രതീകം കനയ്യകുമാറിനെ അധിക്ഷേപിച്ച് ബ്ലോഗെഴുതിയ (കാര്‍ഗിലില്‍ മഞ്ഞു പെറുക്കുമ്പോള്‍, ഫയര്‍ സൈഡില്‍ വിസ്‌ക്കി നുണയുന്നു) മോഹന്‍ലാല്‍, സ്വന്തം പ്രവര്‍ത്തന മേഖലയില്‍ നടന്ന കൊടും അക്രമത്തെ ന്യായീകരിക്കുന്നതിനെന്ന് സംശയിക്കണം, ഇപ്പോള്‍ ബ്ലോഗെഴുത്ത് തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

സിനിമാവ്യവസായത്തെ ചുറ്റിപ്പറ്റിയും അതിനെ അടിസ്ഥാനമാക്കിയും വളര്‍ന്നു പന്തലിച്ചിരിക്കുന്ന അധോലോകത്തിന്റെയും നിയമവിരുദ്ധ നടപടികളുടെയും ബാഹുല്യം അമ്പരപ്പിക്കുന്നതാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ വികസിച്ചതിനെ തുടര്‍ന്ന് നൂറ്റമ്പതോളം സിനിമകള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മലയാള സിനിമ എന്ന ലേബലില്‍ ഇറങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതില്‍ ബഹുഭൂരിപക്ഷവും ലാഭം പോയിട്ട് മുതല്‍മുടക്ക് പോലും തിരിച്ചുകിട്ടാതെ പരാജയമടയുകയാണെന്ന് സിനിമാ വ്യവസായത്തിനകത്തു തന്നെയുള്ളവരും അവരെ പിന്തുണക്കുന്നവരും നിരന്തരമായി അലമുറയിട്ടുകൊണ്ടിരിക്കാറുണ്ട്. സിനിമയുടെ പ്രതിസന്ധി എന്ന പേരില്‍ ന്യൂസ് അവറുകളിലും ചലച്ചിത്രമേളകളിലെ ഓപ്പണ്‍ ഫോറങ്ങളിലും പിന്നെ കിട്ടാവുന്ന ഇടങ്ങളിലൊക്കെയും ചര്‍ച്ച ചെയ്ത് ചെയ്ത് നാം വേണ്ടതിലധികം ബോറടിച്ചു കഴിഞ്ഞു.

ഇങ്ങിനെ ഇറങ്ങുന്നതില്‍ എണ്‍പതോ തൊണ്ണൂറോ ശതമാനം സിനിമകളും നഷ്ടത്തിലാകുന്ന ഒരു വ്യവസായം എങ്ങിനെയാണ് തുടര്‍ന്നും അതേ നിരക്കില്‍ സിനിമകളുത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നും എന്തുകൊണ്ട് അത് ആരും തടയുന്നില്ല എന്നും ഉള്ള ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നതേ ഇല്ല. അഥവാ ഉന്നയിച്ചാല്‍, ആയിരങ്ങള്‍ കുടുംബം പുലര്‍ത്തുന്നത് ഈ വ്യവസായം കൊണ്ടാണെന്നും അത്തരം ചോദ്യങ്ങളുന്നയിച്ച് അവരുടെ കഞ്ഞിയില്‍ പാറ്റയിടരുതെന്നുമുള്ള മട്ടില്‍ സാരോപദേശ മഹാഖ്യാനങ്ങള്‍ കൊണ്ടുള്ള ബോറടികള്‍ പ്രവഹിച്ചുതുടങ്ങും.

സിനിമാ വ്യവസായത്തെയോ സിനിമകളെത്തന്നെയോ വിമര്‍ശനാത്മകമായി വിലയിരുത്തിയാല്‍, കോടിക്കണക്കിന് രൂപ ചെലവാക്കി മാസങ്ങള്‍ അധ്വാനിച്ച് കഷ്ടപ്പെട്ട് പൂര്‍ത്തിയാക്കുന്ന സിനിമകളുടെ കുറ്റം കണ്ടെത്താനായി കുറച്ചാളുകള്‍ കാത്തിരിക്കുന്നു എന്ന തരത്തിലുള്ള പ്രത്യാക്രമണവും സംഭവിക്കുന്നു. ചുരുക്കത്തില്‍, ആത്മ പരിശോധന പോയിട്ട് ബാഹ്യ പരിശോധന പോലും അനുവദിക്കാത്ത തരത്തില്‍ അടഞ്ഞ വ്യവസ്ഥയും ദൂഷിത വലയവുമായി മലയാള സിനിമ അധ:പതിച്ചു കഴിഞ്ഞു.

ഈ വ്യവസായത്തിന്റെയും അതില്‍ പ്രവര്‍ത്തിക്കുന്ന വിവിധ തട്ടിലുള്ളവരെയും സംരക്ഷിക്കാനെന്ന മട്ടില്‍ പടച്ചുണ്ടാക്കിയിരിക്കുന്ന നൂറോളം സംഘടനകളാകട്ടെ പരസ്പരം വിലക്കാനും പേടിപ്പിക്കാനും മാത്രം തിണ്ണബലം കാണിക്കുന്ന തികഞ്ഞ ജനാധിപത്യ വിരുദ്ധ ആള്‍ക്കൂട്ടങ്ങളും അധികാരം നോക്കികളുമാണ്.

ആക്രമിക്കപ്പെട്ട നടിയോട് സഹതാപവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു എന്നു വരുത്തുന്നതിനു വേണ്ടി ഒരു ദിവസം കൊച്ചിയില്‍ ഒത്തുകൂടിയ സംഘടനകളില്‍ മുഖ്യമായവ പിറ്റേന്ന് പറയുന്നത് ഞങ്ങളിലാരെയും സംശയിക്കരുത്, സംശയമുന്നയിച്ചാല്‍ മാധ്യമങ്ങളെ വിലക്കും, ഞങ്ങളാണ് ലോക പുണ്യാളന്മാര്‍ എന്നൊക്കെയാണ്. അനന്തമജ്ഞാതമവര്‍ണനീയം എന്നല്ലാതെ എന്തു പറയാന്‍?

മയക്കു മരുന്നിന്റെയും സ്ത്രീവേട്ടയുടെയും ദുഷിച്ച കഥകളും യാഥാര്‍ത്ഥ്യങ്ങളും ആരോപണങ്ങളും കഴിഞ്ഞ കുറെക്കാലമായി മലയാള സിനിമയുടെ അകത്തളങ്ങളില്‍ നിന്ന് പുറത്തു വന്നുകൊണ്ടേ ഇരിക്കുന്നുണ്ട്. ആരെങ്കിലും ഇതുന്നയിച്ചാല്‍ ഇതൊക്കെ എല്ലാ രംഗത്തുമുള്ളതാണെന്നും, അല്ലെങ്കില്‍ അത് ദുരാരോപണങ്ങളാണെന്നും ഒക്കെയുള്ള മൂടിവെക്കല്‍ തന്ത്രങ്ങളിലൂടെ വാര്‍ത്തകള്‍ ഒതുക്കപ്പെടുകയും ചെയ്യും.

അധികാര വര്‍ഗ രാഷ്ട്രീയക്കാരില്‍ കുറെയാളുകളുടെ സ്വകാര്യതാല്‍പര്യങ്ങളും ഇതിന് കൂട്ടു നില്‍ക്കുന്നുണ്ട്. സിനിമയുമായി ബന്ധമുള്ളതും അല്ലാത്തതുമായ സ്റ്റേജുകളില്‍, താരങ്ങളുടെ തൊട്ടടുത്തിരിക്കാനും അവരുടെ തോളില്‍ കയ്യിട്ട് സെല്‍ഫിയെടുക്കാനും വേണ്ടി മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ വന്‍തോക്കുകള്‍ വരെ നിര്‍ലജ്ജം ഓടിക്കൂടുന്നത് സ്ഥിരം അശ്ലീല കാഴ്ചകളില്‍ ചിലതു മാത്രമാണ്.

ജൈവകൃഷി മുതല്‍ സാഹിത്യ സമ്മേളനങ്ങള്‍ വരെ താരപ്പകിട്ട് കൊണ്ട് കൊഴുപ്പിക്കാനാണ് സര്‍ക്കാരും മറ്റ് സ്വകാര്യ സംഘാടകരും ശ്രമിക്കുന്നത്. (സിനിമാ നിരൂപകനായി അറിയപ്പെടുന്ന സാധുവായ എന്റെയടുത്ത് കോളേജുകാരും കലാസമിതിക്കാരും ട്രേഡ് യൂണിയന്‍കാരും വിദ്യാര്‍ത്ഥി/യുവജന സംഘടനക്കാരും മറ്റും, അവരുടെ ചടങ്ങുകള്‍ക്ക് ആ നടിയെ കിട്ടുമോ ഈ നടനെ കിട്ടുമോ മറ്റേ സംവിധായകനെ കിട്ടുമോ എന്നെല്ലാം ചോദിച്ച് ബുദ്ധിമുട്ടിക്കാറുണ്ട്. ഫാന്‍സ് അസോസിയേഷന്‍കാരാണ് ഇവരെക്കാളെല്ലാം സത്യസന്ധര്‍ എന്നാണ് അപ്പോള്‍ തോന്നാറുള്ളത്).

സിനിമക്കകത്തുള്ള വ്യാജ/പ്രതീതി വിജയങ്ങളുടെയും രാഷ്ട്രീയ അധികാരവുമായുള്ള ഈ അമിതോത്സാഹ ബാന്ധവങ്ങളുടെയും പിന്‍ബലത്തോടെ തങ്ങളുടെ നിയമവിരുദ്ധ ഇടപാടുകള്‍ മൂടിവെക്കാന്‍ പല താരങ്ങളും മുതിരുന്നുണ്ടെന്നും വാര്‍ത്തകളില്‍ സൂചന ലഭിക്കാറുണ്ട്. ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങളടക്കം പലതും മുന്‍കാലത്ത് മൂടിവെക്കപ്പെട്ടതിന് രാഷ്ട്രീയ-പോലീസ് ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടാകുമെന്നു വേണം കരുതാന്‍. സിനിമകള്‍ക്കകത്ത് ഒരു ട്രാഫിക് ഐലന്റിലെങ്കിലും വെയില്‍ കൊണ്ടു നില്‍ക്കാന്‍ ആഗ്രഹമുള്ള അനവധി പോലീസുകാര്‍ ഉണ്ടെന്നിരിക്കെ അവരെക്കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയെന്ന് സിനിമാക്കാര്‍ക്കും നന്നായി അറിയാം.

സിനിമയില്‍ ചാന്‍സ് കിട്ടുകയും ഉറപ്പിക്കുകയും ചെയ്യണമെന്നുണ്ടെങ്കില്‍ നിര്‍മാതാവിന്റെയും സംവിധായകന്റെയും താരരാജാക്കന്മാരുടെയും ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാകേണ്ടി വരാറുണ്ടെന്ന് നിരവധി അഭിനേതാക്കള്‍ പരസ്യമായും സ്വകാര്യമായും പറഞ്ഞതും ഇതിനോട് കൂട്ടിവായിക്കണം.

സമ്പത്ത് കുമിഞ്ഞു കൂടിയതിനെ തുടര്‍ന്ന്, സിനിമയുമായി ബന്ധപ്പെട്ട സകല നീക്കങ്ങളും നിയന്ത്രിക്കാന്‍ മാത്രം അതിശയന്മാരായി പല താരത്തമ്പ്രാക്കളും വളര്‍ന്നിട്ടുണ്ട്. സിനിമ നിര്‍മ്മിക്കുന്നതും, സംവിധായകനെ പുറകില്‍ നിന്ന് നിയന്ത്രിക്കുന്നതും, വിതരണം ചെയ്യുന്നതും, ഏതൊക്കെ തിയറ്ററില്‍ കൊടുക്കണം/കൊടുക്കേണ്ട എന്നു തീരുമാനിക്കുന്നതും, എത്ര ദിവസം കളിക്കണം, എന്താണ് ഷെയര്‍ റേയ്റ്റ് എന്നു പ്രഖ്യാപിക്കുന്നതും, വിമര്‍ശനങ്ങളെ തമസ്‌കരിക്കുന്നതിന് മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നതും എല്ലാം സൂപ്പര്‍ താരങ്ങള്‍ തന്നെ. മലയാള സിനിമ ഉണ്ടായ കാലം തൊട്ട് റിലീസ് കേന്ദ്രമായി (അക്കാലത്ത് പത്തു റിലീസ് കേന്ദ്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്) പുതിയ സിനിമകള്‍ കളിച്ചിരുന്ന സെന്ററാണ് തലശ്ശേരി.

ചര്‍ച്ചകള്‍ക്കുള്ള സാധ്യതകളില്ലാതാക്കി, അവിടത്തെ റിലീസ് വേണ്ട എന്ന് തീരുമാനിച്ചത് മലയാള സിനിമാ വ്യവസായത്തിന് ഗുണകരമാണോ എന്നാരും ആലോചിച്ചില്ല. മതപരമായ തീരുമാനങ്ങളുടെ ഭാഗമായി സിനിമാ പരസ്യങ്ങള്‍ (ഇന്നത്തെ സിനിമ പോലും ഇല്ല) സ്വീകരിക്കാത്ത ചില മാധ്യമസ്ഥാപനങ്ങള്‍ മലയാളത്തിലുണ്ട്. എന്നാല്‍, ഇവരുടെ ഗള്‍ഫ് ഷോകളിലും ലിറ്റററി ഫെസ്റ്റിവലുകളിലും സൂപ്പര്‍ താരങ്ങളാണ് വിശിഷ്ടാതിഥികളായെത്തുന്നത്. പോരാത്തതിന് അവരുടെ സാഹിത്യ വാരികകളില്‍, അഞ്ഞൂറു ലക്കം വരെ നീളുന്ന ജീവചരിത്ര കോമഡികള്‍ കൊടുത്ത് മുഖ്യധാരക്കാര്‍ പിടിമുറുക്കുകയും ചെയ്യുന്നു. ഈ ‘ജീവചരിത്ര’ ഭീഷണിയിലൂടെയാണ്, ആ വാരികകളിലെ മലയാള സിനിമാ വിമര്‍ശനം സൂപ്പര്‍ താരങ്ങള്‍ പരോക്ഷമായി തടയുന്നത്.

മലയാള സിനിമയുടെ മുഖ്യധാരാ പ്രമേയങ്ങളധികവും പൊതുബോധത്തെ പ്രീണിപ്പിക്കുന്നതിനു വേണ്ടി മെനഞ്ഞെടുക്കുന്നവയാണെന്നത് വ്യക്തമാണ്. എഴുപതുകളോടെ വഴി പിരിഞ്ഞ കലാ സിനിമയോട് കണക്കു തീര്‍ത്ത് വളര്‍ന്നു വലുതായ കച്ചവട സിനിമ, വലതുപക്ഷത്തിന്റെയും സ്ത്രീ വിരുദ്ധതയുടെയും ഹിന്ദുത്വഫാസിസത്തിന്റെയും വാഴ്ത്തുപാട്ടുകളാണ് കൊണ്ടാടിക്കൊണ്ടേ ഇരുന്നത്.

1991ലിറങ്ങിയ സന്ദേശ(ശ്രീനിവാസന്‍/സത്യന്‍ അന്തിക്കാട്)വും അതിനു മുമ്പ് 1987ലിറങ്ങിയ തൂവാനത്തുമ്പികളും(പത്മരാജന്‍) ആണ് തൊണ്ണൂറുകള്‍ മുതല്‍ പുനര്‍രൂപീകരിക്കപ്പെട്ടു വന്ന ‘നവ’-കേരളത്തെ പരിചയപ്പെടാന്‍ യുക്തമായ അടിസ്ഥാന സിനിമകള്‍. ഈ രണ്ടു സിനിമകളും എപ്രകാരമാണ് കക്ഷിരാഷ്ട്രീയം, കേരളവും അയല്‍ സംസ്ഥാനങ്ങളും, സംസ്‌ക്കാരവും ഭാഷയും, ഭൂപരിഷ്‌ക്കരണം, നഗര/ഗ്രാമ വൈരുദ്ധ്യം, തൊഴില്‍ സംസ്‌ക്കാരം, കുടുംബ രൂപീകരണം, ലൈംഗികത, സദാചാരം, കൗടുംബികത/സാമൂഹികത വൈരുദ്ധ്യം, സൈദ്ധാന്തികത, ആശയവിശകലനം, ജാതി/മത മേല്‍ക്കോയ്മ, ഭാഷാഭേദം എന്നീ വിഷയങ്ങളെ മലയാളി നോക്കിക്കാണുന്നതിനുള്ള അടിസ്ഥാന പരിപ്രേക്ഷ്യം തയ്യാറാക്കുന്നതിന് പശ്ചാത്തലമൊരുക്കിയത് എന്നത് സൂക്ഷ്മമായി പഠന വിധേയമാക്കേണ്ടതാണ്.

മധ്യവര്‍ഗത്തിന്റെ സഹജമായ അരാഷ്ട്രീയതയെ പ്രീണിപ്പിച്ചു നിര്‍ത്തുകയാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും. കുടുംബഘടനയെ ആദര്‍ശാത്മകമായി നിലനിര്‍ത്തുകയും രാഷ്ട്രീയത്തെ കുടുംബസംവിധാനത്തിന്റെ സുരക്ഷിതമായ സംസ്ഥാപനത്തിനുശേഷം പരിഗണിക്കാവുന്ന ഒന്നായി കാണുകയും ചെയ്യുന്ന മധ്യവര്‍ഗബോധം ഈ ചിത്രത്തെ ചൂഴ്ന്നു നില്‍ക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തെ കുടുംബത്തില്‍ അശാന്തി സൃഷ്ടിക്കുന്ന ഒന്നായി കാണുകയാണ് സന്ദേശം.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍; തൊണ്ണൂറുകളോടെ സജീവമായതും അരക്കിട്ടുറപ്പിച്ചതുമായ, കുടുംബഘടന വിപരീതം ഉത്തരവാദിത്തമില്ലാത്തതും അഴിമതി നിറഞ്ഞതുമായ രാഷ്ട്രീയ അരാജകത്വം എന്ന ദ്വന്ദ്വം കാഴ്ചപ്പാടുകളുടെ മാതൃകയാക്കി സന്ദേശം നിര്‍മിച്ചെടുത്തു. (ഒന്നാം ടി.കെ രാമകൃഷ്ണന്‍ പുരസ്‌കാരം കൊടുത്ത് ശ്രീനിവാസനെ ഒരിടതുപക്ഷ സംഘടന ആദരിക്കുകയും ചെയ്തു. ചങ്ങനാശ്ശേരിയില്‍ വെച്ച് സഖാവ് വി എസ് അച്യുതാനന്ദനാണ് ആ പുരസ്‌കാരം ശ്രീനിവാസനെ ഏല്‍പ്പിച്ചത്)

സ്വന്തം നാട്ടില്‍ അധ്വാനിക്കാതിരിക്കുകയും വിശ്വസ്തത കാട്ടാതിരിക്കുകയും അനാവശ്യമായി സമരം ചെയ്യുകയും ചെയ്യുന്നവരാണ് മലയാളികള്‍ എന്ന വലതുപക്ഷ പ്രചാരണത്തെയാണ് മറ്റു നിരവധി സിനിമകളിലുമെന്നതുപോലെ വരവേല്‍പ്പും പിന്തുടരുന്നത്. ഈ സിനിമയുടെ അഭൂതപൂര്‍വമായ വിജയം ഈ ആശയത്തെ നല്ലൊരു പങ്ക് ജനങ്ങളും അംഗീകരിക്കുന്നു എന്നതിന്റെ നിദര്‍ശനമായിട്ടുമെടുക്കാം. ദേവാസുരം, നരസിംഹം, ആറാംതമ്പുരാന്‍, ഉസ്താദ് എന്നീ സിനിമകളിലൊക്കെയുമായി മോഹന്‍ലാല്‍ ആര്‍ത്തട്ടഹസിച്ച ഫ്യൂഡല്‍ തെമ്മാടിയുടെ ആദ്യപ്രരൂപം തൂവാനത്തുമ്പികളിലാണ് രൂപീകരിക്കപ്പെട്ടത്. അധോലോകനായകന്റെ പരിവേഷമുള്ള അതിശക്തിമാന്മാരായ നായകന്മാരും തമ്പുരാക്കന്മാരും മറ്റുമായി മോഹന്‍ലാല്‍ പരിണാമവിധേയനായി. സാധാരണത്വം നഷ്ടപ്പെടുത്തി അദ്ദേഹത്തെ അതിമാനുഷനായ ഒരു താരമാക്കി തിരശ്ശീലയുടെ ചതുരങ്ങള്‍ക്കു പുറത്തേക്കു വ്യാപിപ്പിച്ചു.

‘കേരളീയത’-യുടെ മുഖമുദ്രയായി ഇതിനകം നമ്മുടെ പൊതുബോധം സ്വാംശീകരിച്ച ഗ്രാമീണത, നിഷ്‌ക്കളങ്കത, സവര്‍ണ/ബ്രാഹ്മണ ഹൈന്ദവത, സ്ത്രീക്കുമേലുള്ള രക്ഷാകര്‍തൃത്വം തുടങ്ങിയ മൂല്യങ്ങളെ നായകത്വത്തിലൂടെ പ്രതിനിധാനം ചെയ്യുന്ന തമ്പുരാനായി മോഹന്‍ലാല്‍ വാഴിക്കപ്പെട്ടു.

ജനാധിപത്യം മോശമാവുന്നത്; പണ്ട് പിഴച്ചുപെറ്റ്, നാടുവാഴിയുടെ വീട്ടിലെ അരിവെപ്പുകാരന്റെ സഹായിയായി തുടങ്ങി പിന്നെ ഡ്രൈവറായും അതു കഴിഞ്ഞ് ‘നന്ദികേട്’ കാണിച്ചും ഒക്കെ വളര്‍ന്ന ഒരാള്‍ ജനപ്രതിനിധിയാകുന്നതുകൊണ്ടാണ് (ധ്രുവം), പട്ടികജാതിക്കാരനായ ഒരാള്‍ ദേവസ്വം ബോര്‍ഡ് മെമ്പറാകുന്നതുകൊണ്ടാണ്(അദ്വൈതം), അത്തരമൊരാള്‍ സബ് ഇന്‍സ്‌പെക്ടറാവുന്നതു കൊണ്ടാണ് (ആര്യന്‍), ക്ഷുരകവംശജനായ ഒരാള്‍ മന്ത്രിയാകുന്നതു കൊണ്ടാണ് (ഏകലവ്യന്‍), മുസ്‌ലീകള്‍ കള്ളക്കടത്തിലൂടെയും മറ്റു ‘സാമൂഹ്യവിരുദ്ധ’ പ്രവണതകളിലൂടെയും പണക്കാരായി വിലസുന്നതു കൊണ്ടാണ് (ദേവാസുരം, മഹാത്മ).

സങ്കരജനനം കൊണ്ടും താഴ്ന്ന സമുദായങ്ങളിലെ ജനനം കൊണ്ടും അശുദ്ധരായ ഇക്കൂട്ടര്‍ അമാന്യമായ ജോലികളില്‍ ഏര്‍പ്പെട്ടതിനു ശേഷം രാഷ്ട്രീയ-സാമ്പത്തിക മണ്ഡലങ്ങളില്‍ പ്രവേശിച്ച് അധികാരഘടനയുടെ ‘പാവനത’ ചവിട്ടിക്കെടുത്തുന്നതായി ആക്ഷേപിക്കപ്പെടുന്നു. നാസിസവും ഇതര യൂറോപ്യന്‍ ദേശീയ ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളും എതിര്‍ത്തിരുന്നത് സങ്കരജനനത്തെയും പ്രകീര്‍ത്തിച്ചിരുന്നത് വംശമഹിമയെയുമായിരുന്നല്ലോ. ധ്രുവം, ആര്യന്‍, അദ്വൈതം, അഭിമന്യു, ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം പോലുള്ള നിരവധി ഹിറ്റ് സിനിമകളില്‍ നായകസ്ഥാനം ബ്രാഹ്മണ/ക്ഷത്രിയ വംശജര്‍ക്കായും പ്രതിനായകസ്ഥാനം മുസ്‌ലീമിങ്ങള്‍, ദളിതര്‍, സ്ത്രീകള്‍ എന്നിവര്‍ക്കായും നീക്കിവെക്കപ്പെട്ടിരിക്കുകയാണ്.

യഥാക്രമം നന്മയുടെയും തിന്മയുടെയും പ്രതീകങ്ങളും മൂര്‍ത്തിമദ്ഭാവങ്ങളുമായി പ്രേക്ഷകര്‍ തിരിച്ചറിയുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന നായക-പ്രതിനായക ദ്വന്ദ്വത്തെ സാമര്‍ത്ഥ്യത്തോടെ രാഷ്ട്രീയവത്ക്കരിച്ചുകൊണ്ടാണ് വര്‍ഗീയ അധിനിവേശത്തിന്റെ പ്രത്യക്ഷവും വിജയഭേരിയും അടയാളപ്പെടുത്തുന്നത്.

നാടുവാഴിത്തത്തെയും സവര്‍ണ ബ്രാഹ്മണാധികാരത്തെയും ആദര്‍ശവത്ക്കരിക്കുകയും ഉയര്‍ന്ന ജാതിക്കാരുടെ സാംസ്‌ക്കാരിക നിര്‍ണയനങ്ങളെ കേരള സംസ്‌ക്കാരമായി തെറ്റായി പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ആശയപ്രചാരണമാണ് ഈ സിനിമകളെ സ്വാധീനിക്കുന്നത്. കര്‍ഷകരും തൊഴിലാളികളും നടത്തിയ അനവധി സമരങ്ങളിലൂടെ തോല്‍പ്പിക്കപ്പെട്ട പഴയ തരം അധികാരബന്ധങ്ങളെ പുനരാവഹിക്കാനുള്ള ശ്രമങ്ങളുമാണത്.

കഴിഞ്ഞ പത്തിരുപതു വര്‍ഷത്തിലധികം കാലമായി നൂറുകണക്കിന് മലയാള സിനിമകളില്‍ ആണഹങ്കാരവും ആണധികാരവും എടുത്തു പയറ്റി ശൂരവീര നായകന്മാര്‍; രാജാക്കന്മാരായും തമ്പുരാക്കന്മാരായും അധോലോക നായകന്മാരായും നാടുവാഴികളായും പട്ടാള കേണല്‍മാരായും പോലീസ് മേധാവികളായും പൂരം നടത്തിപ്പുകാരായും വല്യേട്ടന്മാരായും വിലസുകയായിരുന്നു.

സ്ത്രീകളെയും മുസ്‌ലീങ്ങളെയും ദളിതരെയും തൊഴിലാളികളെയും പോരാളികളായ വിദ്യാര്‍ത്ഥികളെയും വിമര്‍ശകരെയും ഇവര്‍ തേച്ചരച്ച് ചുമരിലൊട്ടിക്കുകയായിരുന്നു. ചില ഉദാഹരണങ്ങള്‍ നോക്കുക: 1. നരസിംഹം (2000/രഞ്ജിത്ത്/ഷാജി കൈലാസ്/മോഹന്‍ലാല്‍): വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരാക്ക് വീട്ടില് വന്നു കേറുമ്പോ ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്‌നേഹിക്കാനും എന്റെ കുഞ്ഞുങ്ങളെ പെറ്റ് പോറ്റാനും ഒടുവില്‍ ഒരുനാള്‍ വടിയായി തെക്കേപ്പറമ്പിലെ പുളിയന്‍ മാവിന്റെ വിറകിനടിയില്‍ എരിഞ്ഞു തീരുമ്പോ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം. പറ്റുമെങ്കില്‍ കേറിക്കോ!(ഉടനെ ബാഗുമായി ബിരുദാനന്തര ബിരുദമുള്ള നായിക നായകന്റെ വണ്ടിയില്‍ ചാടിക്കയറുന്നു).

2. ദി കിങ്ങ്(1995/രഞ്ജി പണിക്കര്‍/ഷാജി കൈലാസ്/മമ്മൂട്ടി/ഈ ചിത്രത്തിന്റെ നിര്‍മാതാവ് മഞ്ഞളാം കുഴി അലി ഇരുമുന്നണികളിലും എം.എല്‍.എയും യു.ഡി.എഫിന്റെ മന്ത്രിയുമായിരുന്നിട്ടുണ്ട്) മേലില്‍ ഒരു ആണിന്റെ നേര്‍ക്കും ഉയരില്ല ഈ കൈയ്യ്. നീ വെറും പെണ്ണാണെടീ വെറും പെണ്ണ്.

3. കസബ(2016/നിതിന്‍ രഞ്ജി പണിക്കര്‍/മമ്മൂട്ടി) : മേലധികാരിയായ വനിതാ ആപ്പീസറുടെ അരയിലെ ബെല്‍ട്ട് കടന്നു പിടിച്ച് തികഞ്ഞ അശ്ലീലം ‘ഇംഗ്ലീഷില്‍’ പറയുന്നു.

4. ചോക്ലേറ്റ്(2007/സച്ചി സേതു/ഷാഫി/പൃഥ്വിരാജ്) : ഞാനൊന്ന് അറിഞ്ഞ് വിളയാടിയാല്‍ നീ പത്തു മാസം വീട്ടിലിരിക്കും.

5. സ്പിരിറ്റ്(2012/രഞ്ജിത്ത്/മോഹന്‍ലാല്‍): കള്ളു കുടിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്യുമായിരുന്നു.

6. മീശമാധവന്‍(2002/രഞ്ജന്‍ പ്രമോദ്/ലാല്‍ ജോസ്/ദിലീപ്) : കെടക്കണ കെടപ്പ് കണ്ടില്ലേ, ഒരു റേപ്പങ്ങട് ചെയ്താലുണ്ടല്ലോ.

പുലിമുരുകനില്‍, ശരപഞ്ചരത്തെയും ജയന്‍/ഷീല ദ്വന്ദ്വത്തെയും അനുകരിച്ചുകൊണ്ടുള്ള സീന്‍ ശ്രദ്ധിക്കുക. എസ്റ്റേറ്റ് മുതലാളിയുടെ വീട്ടില്‍ തടി പിടിക്കുന്ന മുരുകന്റെ മസിലുകള്‍ നോക്കി കാമാര്‍ത്തിയോടെ സീല്‍ക്കാരങ്ങള്‍ പുറപ്പെടുവിക്കുകയും മറ്റും ചെയ്യുന്ന നമിതയുടെ കഥാപാത്രം;

ആണ്‍ ഭാവനകളുടെ അശ്ലീല നിയോഗമേറ്റു വാങ്ങാന്‍ പരിശീലിക്കപ്പെട്ട ഇര-ശരീരമാണ്. റണ്‍ ബേബി റണ്‍ പോലുള്ള സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒപ്പമുള്ള സ്ത്രീ കഥാപാത്രം; വിഡ്ഢിയും യുക്തിയും പക്വതയുമില്ലാത്തവളും കുട്ടിത്തം വിട്ടുമാറാത്തവളും ആണെങ്കില്‍ താരരാജാവ് അവതരിപ്പിക്കുന്ന നായകകഥാപാത്രം, പക്വത, ജ്ഞാനം, യുക്തി, ഉത്തരങ്ങളും പരിഹാരങ്ങളും കണ്ടെത്താന്‍ കഴിവുള്ള ആള്‍ ആയിരിക്കും.

സ്ത്രീ പീഡന ആരോപണങ്ങളൊക്കെയും കെട്ടിച്ചമച്ചുണ്ടാക്കുന്നതാണെന്ന പുരുഷധാരണയെ ഉത്പാദിപ്പിക്കാന്‍ വരെ ഹിറ്റ് സിനിമകള്‍ കെട്ടിയുണ്ടാക്കപ്പെട്ടു(അയാള്‍ കഥയെഴുതുകയാണ്/കമല്‍, ശ്രീനിവാസന്‍).

ദൃശ്യത്തിലെ ജോര്‍ജ്കുട്ടിക്ക് കേബിള്‍ ടിവി നടത്തിപ്പാണ് ജോലി. സാമ്പ്രദായിക ധാരണ പ്രകാരം, കുടുംബത്തിന്റെ രക്ഷാകര്‍ത്താവായ ഈ ഏക പുരുഷനായകന്‍; പല സംശയങ്ങളും ആത്മഭീതികളും സ്വയം പേറുന്നതിനാലായിരിക്കണം രാത്രികളില്‍ സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ ഭയപ്പെടുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, തന്റെ ന്യൂക്ലിയര്‍ കുടുംബത്തിലെ ഭാര്യ, രണ്ട് പെണ്‍മക്കള്‍ എന്നീ സ്ത്രീശരീരങ്ങളെ റിമോട്ടായി സംരക്ഷിക്കുന്നതിന് കേബിള്‍ ടിവി ആപ്പീസിലേക്കുള്ള അകലം സുരക്ഷിതത്വമായി നിലനിര്‍ത്തുകയാണയാള്‍.

രണ്ട് തരത്തിലുള്ള സംശയങ്ങള്‍ അയാള്‍ക്ക് അയാളുടെ ശരീരത്തെക്കുറിച്ചു തന്നെ ഉണ്ട്. ഭാര്യയെ ലൈംഗികമായി സംതൃപ്തപ്പെടുത്താന്‍ തനിക്ക് സാധിക്കുമോ എന്ന ഭയം; ഭാര്യയുമായുള്ള തന്റെ ലൈംഗിക പാരസ്പര്യം പ്രായപൂര്‍ത്തിയായവരും അല്ലാത്തവരുമായ മക്കള്‍ തിരിച്ചറിയുന്നതിലെ ജാള്യത; വളര്‍ന്നു വരുന്ന പെണ്‍മക്കളുടെ ശരീരത്തെ അഭിമുഖീകരിക്കുമ്പോള്‍ തന്റെ നിയന്ത്രണം നിലനിര്‍ത്താനാകുമോ എന്ന ആത്മഭയം എന്നിവ ഉള്‍വഹിക്കുന്നതിനാലായിരിക്കണം അയാള്‍ ഇരുട്ടും തണുപ്പും നിറയുന്ന രാത്രികളില്‍ വീട്ടില്‍ കയറാതിരിക്കുന്നത്.

അതേ സമയം, തന്റെ പുരുഷ രക്ഷാകര്‍തൃത്വത്തിന്റെ അഭാവത്തില്‍ വീട്ടിലെ സ്ത്രീ ശരീരങ്ങള്‍ ആക്രമിക്കപ്പെടാതിരിക്കാന്‍ അയാളൊരു മറുതന്ത്രം പ്രയോഗിക്കുന്നുമുണ്ട്. കാമവേട്ടക്കായി ഇറങ്ങുന്ന ആഭാസന്മാരെ അവരവരുടെ വീടുകളിലോ മുറികളിലോ തറപ്പിച്ചു നിര്‍ത്താനായി തന്റെ കേബിള്‍ ചാനലിലൂടെ നീലച്ചിത്രം പ്രദര്‍ശിപ്പിക്കുക എന്നതാണയാളുടെ തന്ത്രം.

പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍, മൂന്നു പ്രണയങ്ങളാണ് ഒന്നിനു പുറകെ ഒന്നായി നായകനായ ജോര്‍ജ് (നിവിന്‍ പോളി) നിര്‍വഹിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നത്. ആദ്യ രണ്ടു പ്രണയങ്ങളിലെയും സ്ത്രീ ശരീരങ്ങള്‍ തന്റെ ആണ്‍ ശരീരകാമനകള്‍ക്ക് പ്രാപ്യമല്ലെന്നു കാണുന്ന നിമിഷത്തില്‍, ഒരു സെക്കന്റ് വൈകാതെ അയാള്‍ ആ കാമുകിയെയും തന്റെ പ്രേമത്തെയും ഉപേക്ഷിക്കുന്നു.

നഷ്ടകാമുക വിഭ്രാന്തികളോ നീണ്ട കാലത്തെ കാത്തിരിപ്പുകളോ പോലത്തെ കാല്‍പനികകാല പ്രണയ രീതികളെല്ലാം അയാള്‍ നൈമിഷിക സുഖങ്ങള്‍ക്കു വേണ്ടി വേണ്ടെന്നു വെക്കുന്നു. ഉപേക്ഷകളുടെ ഈ എളുപ്പങ്ങളാണ് പ്രേമത്തെ ഇളം തലമുറക്കാര്‍ക്കിടയില്‍ അതീവജനപ്രിയമാക്കിയതെങ്കില്‍ അതൊരു ശുഭസൂചനയല്ല. അവള് വേണ്ട്ര, ഇവള് വേണ്ട്ര, സീന്‍ മൊത്തം കോണ്ട്ര എന്ന പാട്ടുവരികള്‍ ശ്രദ്ധിക്കുക. റാഗിംഗും മദ്യപാനവും തല്ലും അടക്കമുള്ള ആണ്‍ സാഹസികതകളെ മഹത്വവത്ക്കരിക്കുന്നതിനുള്ള കഥാപാത്രവത്ക്കരണമാണ് ജോര്‍ജിന്റേത്.

കാമ്പസിനെ പുരോഗമന രാഷ്ട്രീയ വിരുദ്ധമാക്കി സ്ഥിരീകരിക്കാനുള്ള വലതുപക്ഷ നീക്കങ്ങളാണ് ഇവിടെ വിജയിച്ചിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. സ്ത്രീ വിരുദ്ധവും പ്രണയവിരുദ്ധവും അതു കൊണ്ടു തന്നെ മാനവികതാ വിരുദ്ധവുമായ ഇതിവൃത്താഖ്യാനങ്ങളിലൂടെയാണ് പ്രേമം അത് പങ്കിടുന്ന സ്ഥലകാലത്തെ വെറു ആണിടമാക്കി വളച്ചു കെട്ടിയത് എന്നു ചുരുക്കം. ഈ വളച്ചു കെട്ടലിന്റെ ആഹ്ലാദത്തെ ഇളം തലമുറ ഏറ്റെടുക്കുകയും ആന്തരീകരിക്കുകയും ചെയ്യുന്ന കാഴ്ചകള്‍ക്കാണ് നാം അക്കാലത്ത് സാക്ഷ്യം വഹിച്ചത്.

ആണ്‍ പടയോട്ടവും ആണ്‍ രഥയാത്രയുമായി ലോകത്തെയെന്നതുപോലെ കാമ്പസിനെയും ഓടിച്ചിട്ട് പിടിക്കുകയും വളച്ചു കെട്ടുകയും ചെയ്യുന്ന ആക്രമണോത്സുകതയും അര്‍മാദവുമായി ഓണാഘോഷത്തിന്റെ പേരിലുള്ള നിര്‍ബന്ധിത ദേശീയോത്സവാചരണങ്ങള്‍ അശ്ലീലമായിത്തീര്‍ന്നതിന്റെ കൂടി ദുരന്തങ്ങളാണ് നാം പലയിടത്തും കണ്ടത്. ഉള്ളുപൊള്ളയായതും അമിതമായി അക്രമവാസനയുടെ വീറു കാണിക്കുന്നതും ശബ്ദായമാനവും വര്‍ണശബളവുമായ ദൃശ്യധാടിയെയും ചലനചടുലതകളെയുമാണ് ജനപ്രിയത പ്രകീര്‍ത്തിക്കുന്നത്.

ആഹ്ലാദവും അച്ചടക്കവുമായി പിളരുന്ന കൗമാര/യൗവനത്തെ തളച്ചിടാനും തങ്ങളുടെ കളിത്തൊട്ടിലാക്കാനും ഫാസിസത്തിന് എളുപ്പവഴി തീര്‍ത്തുകൊടുക്കുകയാണ് ഈ പ്രവണതകള്‍ എന്നതാണ് സങ്കീര്‍ണമായി തോന്നിപ്പിക്കുന്ന ലളിത യാഥാര്‍ത്ഥ്യം. മലയാള സിനിമയിലെ ജനപ്രിയതാ രൂപീകരണത്തിന്റെ നിര്‍മാണ ഘടകങ്ങള്‍ ഏതൊക്കെ എന്ന് വേര്‍തിരിച്ചെടുക്കുകയും അപനിര്‍മ്മിക്കുകയും ചെയ്യുക എന്നത് എളുപ്പമോ ലളിതമോ ആയ കാര്യമല്ല. എന്നാലതിനുള്ള ഏതു ശ്രമത്തെയും വര്‍ദ്ധിച്ച അക്രമോത്സുകതയോടെ മുളയിലേ നുള്ളിക്കളയാനുള്ള പരിശ്രമങ്ങള്‍ ആധിപത്യശക്തികള്‍ സ്വയം പേറുന്ന അരക്ഷിതത്വ ബോധത്തിന്റെ ലക്ഷണവുമാണ്.

കുടിലവും മാരകവുമായ ഇത്തരം സ്ത്രീ വിരുദ്ധ പ്രതിനിധാനങ്ങളിലൂടെ വളര്‍ത്തിയെടുത്ത ആണധികാരവും ആണഹങ്കാരവുമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളി യുവാക്കളുടെ പൊതു/ആത്മബോധങ്ങളെ നിര്‍ണയിക്കുന്നത്. ആ നിര്‍ണയനമാണ് സ്ത്രീയെ വെറും ശരീരമായി കാണാന്‍ പ്രേരിപ്പിക്കുന്നതും ഏതു സമയത്തും കാമപൂര്‍ത്തീകരണത്തിനും ബലാത്സംഗത്തിനും ബ്ലാക്ക് മെയ്‌ലിംഗിനും ക്വട്ടേഷനും ആക്രമണത്തിനും മറ്റും വിധേയയാക്കിക്കളയാം എന്ന ചിന്തയിലേക്ക് നയിക്കുന്നതും.

സിനിമാ രംഗത്തുള്ള ചിലര്‍ക്കെങ്കിലും ഇക്കാര്യം ബോധ്യപ്പെടുകയും തിരുത്തലിന് സ്വയം തയ്യാറാകുകയും ചെയ്തിട്ടുണ്ടെന്നതും രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. പ്രമുഖ നായക നടനായ പൃഥ്വിരാജ് തന്നെയാണതില്‍ പ്രമുഖന്‍. താനഭിനയിച്ച സ്ത്രീ വിരുദ്ധ സിനിമകളുടെ പേരില്‍ പൊതു സമൂഹത്തോട് മാപ്പപേക്ഷിച്ചിരിക്കുകയും സ്ത്രീ വിരുദ്ധതയെ മഹത്വവത്ക്കരിക്കുന്ന സിനിമകളോട് ഇനി സഹകരിക്കില്ലെന്ന് പറയുകയും ചെയ്തിരിക്കുകയാണദ്ദേഹം. ഇത് മുഖ്യ വാര്‍ത്തയാക്കി മാതൃഭൂമി പത്രത്തിന്റെ മുഖപേജില്‍ വാര്‍ത്തയാക്കി കൊടുത്ത പ്രമുഖ മാധ്യമപ്രവര്‍ത്തകനും നിരൂപകനുമായ പത്രാധിപസമിതി അംഗത്തെ അത്യന്തം ഹീനമായ വിധത്തില്‍ അധിക്ഷേപിച്ചുകൊണ്ട് ഒരു മുഖ്യധാരാ സംവിധായകന്‍ രംഗത്തു വരികയും ചെയ്തു.

സ്വന്തം ജീവിതത്തിനിടെ അഭിമുഖീകരിച്ച വിചിത്രമായ യാഥാര്‍ത്ഥ്യങ്ങളാണ് ടി.എ റസാക്ക് തന്റെ കഥകള്‍ക്കും തിരക്കഥകള്‍ക്കും ഉപോദ്ബലകമാക്കിയത്. മുഖ്യധാരയോട് ചേര്‍ന്നു നിന്ന് അതിന്റെ നിയമങ്ങളും നിബന്ധനകളും അധികാരവാഴ്ചകളും താരാധിപത്യവും എല്ലാം അംഗീകരിച്ചുകൊണ്ട് പ്രവര്‍ത്തിച്ച ഒരു തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. ജീവിച്ചിരിക്കെ തങ്ങളുടെ ബലതന്ത്രങ്ങള്‍ക്കും ഭാവുകത്വങ്ങള്‍ക്കും വിധേയനായി നിന്ന ഒരാളുടെ മൃതദേഹം തങ്ങളുടെ തീരുമാനത്തിന് കീഴ്‌പ്പെട്ട് കുറച്ചധികം മണിക്കൂര്‍ ആശുപത്രിയിലും ബൈപ്പാസിലും കാത്തുകെട്ടിക്കിടന്നാല്‍ എന്താണ് അതില്‍ തെറ്റുള്ളത് എന്നാണ് മലയാള സിനിമയെ നിയന്ത്രിക്കുന്ന അധികാരികളും സംഘടനക്കാരും തീരുമാനിച്ചത്.

തങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ ചിരിച്ചുകൊള്ളണം, അല്ലെങ്കില്‍ കരഞ്ഞു കൊള്ളണം, അതുമല്ലെങ്കില്‍ രോഷം കൊള്ളണം എന്ന ആജ്ഞ പോലെയാണ് മിക്ക സിനിമാകച്ചവടക്കാരുടെയും മനോഭാവം. അതുകൊണ്ടാണ്, പത്തു മണിക്കൂര്‍ നേരം തങ്ങളില്‍ തന്നെ ഒരുവനായ ഒരാളുടെ മരണത്തെ രഹസ്യമാക്കി വെച്ച്, കോമഡി ഷോ തുടരാനും വിജയിപ്പിക്കാനും ഇവര്‍ തീരുമാനിച്ചത്.

അവതാരപ്പിറവികളുടെ മുഴുവന്‍ രൗദ്രഭാവവും ആവാഹിച്ച മൂര്‍ത്തിയായ ഇന്ദുചൂഡന്‍ എന്ന നരസിംഹം (മോഹന്‍ലാല്‍), ഭാരതപ്പുഴയില്‍ നിമഞ്ജനം ചെയ്യാനായി കൊണ്ടു വന്ന ഒരു പരേതാത്മാവിന്റെ ചിതാഭസ്മത്തെ അതിനനുവദിക്കാതെ ആട്ടിയോടിക്കുന്ന ദൃശ്യം നരസിംഹ(രഞ്ജിത്/ഷാജി കൈലാസ്/2000)ത്തിലുണ്ട്. പവിത്രാ ഒരു മകന്റെ കര്‍മ്മമാണ്, അഛന് യഥാവിധി അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുക എന്നത്. പക്ഷെ, മണപ്പുള്ളി മാധവന്‍ നമ്പ്യാര്‍ എന്ന മഹാപാപിയും സര്‍വോപരി നാറിയുമായ നിന്റെ തന്തയുടെ എല്ലിന്‍ പൊടിയും മാംസം കത്തിയ ചാരവും പവിത്രമായ ഈ നദിയില്‍ വീഴരുത്. അത് കളങ്കപ്പെട്ടു പോവും. ഒരു പിടി പുണ്യാത്മാക്കളുടെ ശേഷക്രിയ ഏറ്റുവാങ്ങിയ ഈ മണല്‍ത്തിട്ട മാധവന്‍ നമ്പ്യാര്‍ക്ക് ഇനി ജന്മങ്ങള്‍ പലതു ജനിച്ചു മരിച്ചാലും തീണ്ടാപ്പാടകലെയാണ്. അതോണ്ട് പോ. പോയി വീടിന്റെ കന്നിക്കോണിലുള്ള തെക്കെതൊടിയിലുള്ള തെങ്ങിന് തടം കോരി അതിലിട്ട് മൂട്. എന്നൊക്കെയാണ് നരസിംഹം വെച്ചു കാച്ചിയത്. പോ മോനേ ദിനേശാ എന്നത് ഫ്രീ സമ്മാനവും.

ഇത്തരം ഡയലോഗുകളും മേധാവിത്തങ്ങളും കൊണ്ട് മലയാള സിനിമയുടെ തിരശ്ശീല നിറഞ്ഞാടിയ താര-സംവിധായക-തിരക്കഥാ രാജാക്കന്മാരാണ് കേരളത്തിലെന്തു നടക്കണം എന്ന് തീരുമാനിക്കുക എന്ന സ്ഥിതി സംജാതമായിരിക്കുന്നു എന്നാണിപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. റസാഖ് അടക്കമുള്ള അവശകലാകാരന്മാരെ രക്ഷിക്കാനായി പാട്ടും കൂത്തും സ്‌കിറ്റും മിമിക്രിയുമടക്കമുള്ള സ്റ്റേജ് ഷോ തീരുമാനിച്ചതിനിടെ അതേ റസാഖ് മരിച്ചാല്‍, തങ്ങളുടെ തിരക്കഥ മാറ്റിയെഴുതാന്‍ ഇതെന്താ സിനിമാ ഷൂട്ടിങ്ങാണോ എന്നായിരിക്കും പണ്ഡിതരുടെ മറുചോദ്യം.

വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സ്ത്രീസംഘടനയുടെ രംഗപ്രവേശമാണ് സിനിമാരംഗത്ത് ആകെ ആശ്വാസവും ആവേശവും പ്രദാനം ചെയ്ത സംഗതി. മോശം സ്ത്രീ കിടക്ക പങ്കിടും എന്നതു പോലുള്ള, സിനിമാബലത്തിലും എം.പി ബലത്തിലും ഇന്നസെന്റ് നടത്തിയ അത്യന്തം സ്ത്രീ വിരുദ്ധമായ പ്രസ്താവനയെ തുറന്നെതിര്‍ക്കുന്ന കാര്യത്തിലും മറ്റും ഡബ്ല്യു.സി.സി നടത്തിയ ഇടപെടല്‍ എടുത്തു പറയേണ്ടതാണ്. സിനിമാ വിമര്‍ശനങ്ങള്‍ക്ക് ടെലിവിഷന്‍ ചാനലുകളിലും മുഖ്യധാരാ അച്ചടി പ്രസിദ്ധീകരണങ്ങളിലുമുള്ള വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍; ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ് അപ്പ്, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിങ്ങനെയുള്ള സാമൂഹ്യ മാധ്യമങ്ങളുടെ തള്ളിക്കയറ്റത്തോടെ സിനിമയുടെ കാര്‍ഡ് ബോര്‍ഡ് കിരീടങ്ങളൊക്കെയും അഴിഞ്ഞു വീഴാന്‍ തുടങ്ങിയിട്ടുണ്ട്.

ഭൂരിഭാഗവും ഉപരിപ്ലവമായതാണെങ്കിലും, രൂക്ഷമായ വിമര്‍ശനങ്ങള്‍ ആര്‍ക്കുമെഴുതാം, അവരുടെ തന്നെ ടൈംലൈനില്‍ പ്രസിദ്ധീകരിക്കാം എന്ന സൗകര്യം സൂപ്പര്‍ താരകുമാരന്മാര്‍ക്ക് വലിയ ഭീഷണി തന്നെയാണ്. പബ്ലിക് റിലേഷന്‍സ് വ്യായാമങ്ങളിലൂടെ അതിനെയും മറികടക്കാന്‍ മാത്രം സമ്പത്ത് കുന്നുകൂടിയിട്ടുള്ളത് കൊണ്ട് അതുമവര്‍ക്ക് പ്രശ്‌നമല്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. വ്യവസ്ഥാപിത മാധ്യമങ്ങള്‍ ഇപ്പോഴും ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് തുടരുന്നത്. മറ്റ് സുപ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും, തങ്ങളുടെ ഗൂഢരാഷ്ട്രീയ അജണ്ടകള്‍ ഇതിലേക്ക് സംലയിപ്പിക്കാനും വേണ്ടി ഈ വിഷയം കൊണ്ട് അന്തരീക്ഷം മുഖരിതമാക്കുന്നുണ്ടെന്നല്ലാതെ ഇക്കാര്യത്തില്‍ അവര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെന്ന് കരുതുക വയ്യ.

Advertisement