പാറ്റ്‌ന: പാറ്റ്‌ന ഐ.ഐ.ടി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജി. മാധവന്‍നായര്‍ രാജിവെച്ചു. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ പദവിയാണ് ഒഴിഞ്ഞത്. എസ് ബാന്‍ഡ് വിവാദത്തെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. തനിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുമെന്നും മാധവന്‍ നായര്‍ അറിയിച്ചു.
എസ് ബാന്‍ഡ് സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മാധവന്‍നായരുള്‍പ്പെടെ നാല് പേരെ വിലക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മാധവന്‍ നായര്‍ക്കു പുറമെ ഐഎസ്ആര്‍ഒ മുന്‍ സയന്റിഫിക് സെക്രട്ടറി ഭാസ്‌ക്കര നാരായണന്‍, ആന്‍ട്രിക്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.ആര്‍.ശ്രീധര മൂര്‍ത്തി, ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ.എന്‍.ശങ്കര എന്നിവര്‍ക്കെതിരെയാണു നടപടിയെടുത്തത്.
തനിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മാധവന്‍ നായര്‍ പറഞ്ഞു. ഇതില്‍ മനംനൊന്താണ് താന്‍ രാജിവെക്കുന്നത്. നടപടി സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഇപ്പോഴത്തെ സംഭവങ്ങള്‍ തന്നെ മാനസികമായി മുറിവേല്‍പ്പിച്ചതിനാലാണ് ചെയര്‍മാന്‍ സ്ഥാനമൊഴിയുന്നത്.
അഴിമതിയുമായി ബന്ധപ്പെട്ട് വി.കെ ചതുര്‍വേദിയുടെയും പ്രത്യുഷ് സിംഹയുടെയും റിപ്പോര്‍ട്ടുകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുമെന്നും മാധവന്‍ നായര്‍ അറിയിച്ചിട്ടുണ്ട്. പ്രത്യുഷ് സിന്‍ഹ ചില ചോദ്യങ്ങള്‍ അയച്ചുതന്ന് അതിന്റെ ഉത്തരങ്ങള്‍ ആവശ്യപ്പെടുകമാത്രമായിരുന്നെന്നും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും മാധവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സും ദേവാസ് മള്‍ട്ടി മീഡിയയും 2005 ജനുവരി 28ന് ഒപ്പുവച്ച കരാറാണു വിവാദമായത്. സ്വകാര്യ കമ്പനിക്ക് 70 മെഗാഹെട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രം 1000 കോടി രൂപയ്ക്കു നല്‍കാനുള്ളതായിരുന്നു കരാര്‍. രണ്ടു ലക്ഷം കോടി രൂപ വാണിജ്യമൂല്യമുള്ള കരാര്‍ തുച്ഛമായ തുകയ്ക്കു നല്‍കിയെന്നാണ് ആരോപണം.
