g karthikeyanതിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നോമിനി മത്സരിക്കുമെന്ന് യു.ഡി.എഫ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയനാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുകയെന്ന് യു.ഡി.എഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രിസ്ഥാനം സംബന്ധിച്ച നിലപാടുകളില്‍ ഘടകകക്ഷികള്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് നോമിനിയെ മത്സരിപ്പിക്കാന്‍ യു.ഡി.എഫില്‍ ധാരണയായത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ജി.കാര്‍ത്തികേയനാണ് സ്പീക്കര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുകയെന്ന് പ്രഖ്യാപിച്ചത്. ഐകകണ്‌ഠേനയായിരുന്നു ജി. കാര്‍ത്തികേയന്റെ തെരഞ്ഞെടുപ്പെന്ന് ചെന്നിത്തല വിശദീകരിച്ചു. തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അംഗീകരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗ് അഞ്ചാമതൊരു മന്ത്രിസ്ഥാനം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കിലും 20 അംഗ മന്ത്രിസഭയില്‍ ഒരു മന്ത്രിയെ കൂടി ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സ്പീക്കര്‍ പദവി ഏറ്റെടുത്ത് ഡെപ്യൂട്ട് സ്പീക്കര്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിനും കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനം ലീഗിനും എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ പാര്‍ലമെന്ററി കാര്യ മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ പദവികളില്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ സമവായമുണ്ടായില്ല. യു.ഡി.എഫ് യോഗത്തില്‍ വിഷയം വീണ്ടും ചര്‍ച്ചയ്ക്ക് വന്നെങ്കിലും തീരുമാനത്തിലെത്താനായില്ല.

മഞ്ഞളാംകുഴി അലിക്കായി ലീഗും പി.സി. ജോര്‍ജിനായി കേരള കോണ്‍ഗ്രസുമാണ് മന്ത്രിസ്ഥാനം ചോദിക്കുന്നത്. മുസ്‌ലിം ലീഗ് മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കുന്ന മഞ്ഞളാംകുഴി അലിക്ക് ചീഫ് വിപ്പ് സ്ഥാനവും കേരള കോണ്‍ഗ്രസ് നിര്‍ദേശിക്കുന്ന പി.സി. ജോര്‍ജിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും താത്പര്യമില്ലെന്നതാണ് ഈ പാര്‍ട്ടികളെ കുഴക്കുന്നത്.

എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍, പാര്‍ലമെന്ററികാര്യവകുപ്പ് സ്ഥാനങ്ങള്‍ തര്‍ക്കങ്ങളില്ലാതെ പരിഹരിക്കുമെന്ന് യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇത് സംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ അതിശയോക്തിപരവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഘടകകക്ഷികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ യുഡിഎഫില്‍ അവകാശമുണ്ട്. അവരുടെ ആവശ്യങ്ങള്‍ പരമാവധി പരിഗണിച്ച് തീരുമാനമെടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് സ്ഥാനങ്ങള്‍ അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്‍പ് തീരുമാനിക്കുമെന്നും 22 ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യാതൊരു കാരണവുമില്ലാതെ സര്‍ക്കാരിനെ തുടക്കം മുതല്‍ എതിര്‍ക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. വിവിധ കോര്‍പ്പറേഷനുകള്‍ 18ന് മുമ്പായി പുനസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണഗതിയില്‍ ഭരണം മാറിയാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ അധികാരത്തിലിരിക്കുന്നവര്‍ രാജിവെക്കാറാണ് പതിവ്. ഇവര്‍ 18ന് മുമ്പായി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഭരിക്കാനുളള അനുമതി ജനങ്ങള്‍ യുഡിഎഫിനാണ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷം മനസിലാക്കണമെന്നും അംഗസംഖ്യ പ്രശ്‌നമല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ കാര്യങ്ങളും തര്‍ക്കങ്ങളില്ലാതെ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും യാതൊരു ആശയക്കുഴപ്പവും വേണ്ടെന്നും കെ.എം. മാണിയും പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.

യു.ഡി.എഫ് നേതാക്കളായ കെ.എം മാണി, പി.കെ. കുഞ്ഞാലിക്കുട്ടി യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.