തിരുവനന്തപുരം: തടിയിലും ലോഹത്തിലും തീര്‍ത്ത കമനീയമായ കരകൗശല വസ്തുക്കളും കൈത്തറി വസ്ത്രങ്ങളും ഇതാദ്യമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമ്മാനങ്ങളില്‍ ഉള്‍പ്പെടുത്തും. തനതും ഭംഗിയുള്ളതുമായ കേരളത്തിന്റെ സ്വന്തം കരകൗശല വസ്തുക്കള്‍ക്ക് പുറമെ ഗ്രാമീണ വിദഗ്ദ്ധ കൈത്തൊഴിലാളികള്‍ നിര്‍മ്മിക്കുന്ന വസ്തുക്കളും സമ്മാനപ്പട്ടികയില്‍പ്പെടും.

Ads By Google

ജി.കെ.എസ്.എഫിനോടനുബന്ധിച്ച്  ഒരുക്കുന്ന ഗ്‌ളോബല്‍ വില്ലേജിലും വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന എട്ട് പ്രദര്‍ശനങ്ങളിലും ഈ കരകൗശല വസ്തുക്കളുടെ വില്‍പ്പനയ്ക്കായി പ്രത്യേക പവലിയനുകള്‍ ഏര്‍പ്പെടുത്തും. ഡിസംബര്‍ 22 മുതല്‍ കൊച്ചിയിലാണ് ഗ്‌ളോബല്‍ വില്ലേജ് സംഘടിപ്പിക്കുന്നത്.

മേള നടക്കുന്ന  ഡിസംബര്‍ 15 മുതല്‍ ജനുവരി 31  വരെയുള്ള കാലയളവില്‍ വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പ്രദര്‍ശനങ്ങള്‍.
കരകൗശല വികസന കോര്‍പ്പറേഷന്‍, സുരഭി, ഹാന്റക്‌സ്, കുടുംബശ്രീ തുടങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തിന് ആശ്രയിക്കും. അതുവഴി ഈ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള ഒട്ടേറെ തൊഴിലാളികള്‍ക്ക് പ്രയോജനം ലഭ്യമാക്കാനും ജി.കെ.എസ്.എഫ് ഉദ്ദേശിക്കുന്നു.

ഇത്തവണ ഡിസ്‌ക്കൗണ്ട് കൂപ്പണുകള്‍ക്ക് പകരം ഉല്‍പ്പന്നങ്ങള്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചതായി ജി.കെ.എസ്.എഫ് ഡയറക്ടര്‍ യു .വി ജോസ് അറിയിച്ചു. ഈ തീരുമാനം കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങളുടെ വിപണനത്തെയും കരകൗശല കലാകാരന്‍മാരെയും പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാണ്. കേരളം ഷോപ്പിങ് ടൂറിസം നടപ്പാക്കാനിരിക്കുന്ന സാഹചര്യത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു.

വിനോദ സഞ്ചാരകാലത്തും ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായും കേരളത്തില്‍ എത്തുന്നവര്‍ക്ക് വ്യാപാര അനുഭവത്തിന് പുറമെ കരകൗശല വസ്തുക്കള്‍ സമ്മാനമായി കിട്ടുന്നത് യാത്ര കൂടുതല്‍ ആകര്‍ഷകമാക്കും. 101 കിലോഗ്രാം സ്വര്‍ണ്ണം ഉള്‍പ്പടെ നറുക്കെടുപ്പിലൂടെ വന്‍സമ്മാനങ്ങള്‍ക്കുള്ള അര്‍ഹതയും സഞ്ചാരികള്‍ക്ക് ലഭിക്കും.

സ്വര്‍ണ്ണ സമ്മാനം ലഭിക്കുന്നതിനുള്ള സാധ്യത ഉയര്‍ത്തുന്ന വിധത്തില്‍ സമ്മാനഘടനയും പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഓരോ 200 കൂപ്പണിലും ഒരു ഗ്രാം സ്വര്‍ണ്ണം ഒരു തവണ സമ്മാനമായി ലഭിക്കുന്ന വിധമാണ് സ്‌ക്രാച്ച് ആന്‍ഡ് വിന്‍ സമ്മാന ഘടന പരിഷ്‌ക്കരിച്ചത്. കഴിഞ്ഞ സീസണില്‍ അരക്കോടി കൂപ്പണുകള്‍ വിതരണം ചെയ്ത് റെക്കോഡിട്ടിരുന്നു.  ആറാം സീസണില്‍ അത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ.

സ്‌പോണ്‍സര്‍ ചെയ്ത ഉയര്‍ന്ന വിലയുള്ള സമ്മാനങ്ങള്‍, ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയാണ് പ്രതിവാര , മെഗാ നറുക്കെടുപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ജി.കെ.എസ്.എഫിന്റെ ബ്രാന്‍ഡഡ് ടി ഷര്‍ട്ടുകള്‍, തൊപ്പികള്‍, തെര്‍മോഫ്‌ളാസ്‌ക്കുകള്‍, കപ്പുകള്‍, കുടകള്‍ എന്നിവയാണ് സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ നല്‍കുന്ന സമ്മാനങ്ങള്‍.

സംസ്ഥാനമെമ്പാടുമുള്ള 10,000 വ്യാപാര സ്ഥാപനങ്ങള്‍ ജി.കെ.എസ്.എഫില്‍ ഈ സീസണില്‍ പങ്കാളികളാകുമെന്നാണ് പ്രതീക്ഷ. ജൂവലറികള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍, വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ട്രാവല്‍ ആന്‍ഡ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഫര്‍ണിച്ചര്‍ വ്യാപാരികള്‍, പരമ്പരാഗത കരകൗശല വസ്തുക്കളും പൗരാണിക വസ്തുക്കളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയൊക്കെ മേളയില്‍ പങ്കെടുക്കുന്നുണ്ട്.

വ്യാപാര വ്യവസായ വാണിജ്യ മേഖലകളുടെ പങ്കാളിത്തത്തോടെ ടൂറിസം വകുപ്പാണ് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ https://www.shoppingfestival.in/   എന്ന  വെബ്‌സൈറ്റില്‍ ലഭ്യമാണ്.