എഡിറ്റര്‍
എഡിറ്റര്‍
ജി.കെ.എസ്.എഫ്: രജിസ്‌ട്രേഷന്‍ ഡിസംബര്‍ 10 വരെ നീട്ടി
എഡിറ്റര്‍
Friday 30th November 2012 5:29pm

തിരുവനനന്തപുരം: സംസ്ഥാനത്തിന്റെ വ്യവസായ, ടൂറിസം മേഖലയില്‍ വികസനത്തിന്റെ കുതിച്ചുചാട്ടത്തിന് സഹായകരമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബര്‍ 10വരെ നീട്ടി.

Ads By Google

48 ദിവസം നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഉത്സവത്തില്‍ പങ്കാളികളാകാന്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക്  ലഭിക്കുന്ന സുവര്‍ണാവസരമാണിത്. ജനുവരി 31 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങ് കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ടൂറിസം വകുപ്പ്. ജി.കെ.എസ്.എഫിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള റോഡ്‌ഷോ ദേശീയതലത്തില്‍ നടന്നുവരികയാണ്.

കേരളത്തിന് പുറത്തുനിന്നും നിരവധി വ്യാപാര സംരംഭങ്ങളെ ജി.കെ.എസ്.എഫില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായുള്ള റോഡ്‌ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വ്യാപാര, വാണിജ്യമേഖലയുടെ പങ്കാളിത്തത്തോടെ ടൂറിസം വകുപ്പ് നടത്തുന്ന ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള വിനോദ സഞ്ചാരികളെ വിപുലമായ തോതില്‍ ആകര്‍ഷിക്കുന്നു.

വിനോദസഞ്ചാരികളെയും ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരെയും ജി.കെ.എസ്.എഫിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ടൂറിസം വകുപ്പ് മുന്‍കൈയെടുത്ത് നടപ്പാക്കുന്നുണ്ട്. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ നറുക്കെടുപ്പിലും മറ്റും വിജയികളാകുന്നവര്‍ക്ക് നല്‍കുന്നത് കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന ഉല്‍പ്പന്നങ്ങളും കരകൗശലവസ്തുക്കളും കൈത്തറി ഉല്‍പ്പന്നങ്ങളുമായിരിക്കും.

ശബരിമല തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ട് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലും റെയില്‍വെ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലും പരസ്യപ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ജി.കെ.എസ്.എഫിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതോടെ ഇതില്‍ പങ്കാളികളാകാന്‍ തീര്‍ഥാടകരും വിനോദസഞ്ചാരികളും കൂടുതല്‍ ദിവസം ഇവിടെ ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന്റെ വിനോദസഞ്ചാര സീസണിലാണ് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുന്നത് എന്നതുകൊണ്ടുതന്നെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ചുവടുറപ്പിക്കാനും വില്‍പ്പന വര്‍ധിപ്പിക്കാനുമുള്ള സുവര്‍ണാവസരം കൂടിയാണ് ലഭിക്കുന്നത്. ജി.കെ.എസ്.എഫിന്റെ പ്രയോജനം വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല ലഭിക്കുന്നത്.

ടൂറിസം വകുപ്പിന്റെ ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ വിനോദസഞ്ചാരികളും മറ്റും എത്തുന്നത് ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, ട്രാവല്‍ ആന്‍ഡ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹൗസ് ബോട്ടുകള്‍,  സ്പാ, ബ്യൂട്ടിപാര്‍ലര്‍ എന്നിവയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും ബിസിനസ് വിപൂലീകരിക്കാനും സാധിക്കും.

ഫെസ്റ്റിവലിന്റെ ആറാം സീസണ്‍ മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയതിലൂടെ രജിസ്‌ട്രേഷന്‍ ലളിതവും സൗകര്യപ്രദവുമായിരിക്കുകയാണ്. അക്ഷയ സെന്ററുകളിലൂടെയും ജി.കെ.എസ്.എഫിന്റെ ടൈറ്റില്‍ സ്‌പോണ്‍സറുമായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാഞ്ചുകള്‍ മുഖേനയും രജിസ്റ്റര്‍ ചെയ്യാം.

ജി.കെ.എസ്.എഫിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.shoppingfestival.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ടോള്‍ഫ്രീ നമ്പര്‍- 0-4444444444

Advertisement