തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലില്‍ ഹൗസ് ബോട്ടുകളും ഹോം സ്റ്റേകളും ഉള്‍പ്പെടെയുള്ളവയുടെ പങ്കാളിത്തം ഇത്തവണ ഉറപ്പാക്കും. മേളയ്ക്ക് ആഗോള മുഖം നല്‍കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന ടൂറിസം വകുപ്പ്.

കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഓണം കഴിഞ്ഞെത്തുന്ന രണ്ടാമത്തെ വലിയ ഷോപ്പിങ് മാമാങ്കമായി ജി.കെ.എസ്.എഫ് മാറിക്കഴിഞ്ഞു. ജി.കെ .എസ്.എഫിന്റെ ആറാം പതിപ്പ് മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും എത്തിക്കാനുള്ള പദ്ധതിയാണ് ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നത്.

Ads By Google

ഇതിനായി ഹോട്ടല്‍, റസ്റ്ററന്റ്, ട്രാവല്‍ ഓപ്പറേറ്റര്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ഹൗസ് ബോട്ട് എന്നീ രംഗങ്ങളിലുള്ളവരുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്.

ജി.കെ.എസ്.എഫിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ടൂറിസം രംഗത്തുള്ളവരുമായി ചര്‍ച്ച തുടങ്ങിയതായി മന്ത്രി ശ്രീ എ.പി. അനില്‍കുമാര്‍ പറഞ്ഞു. അത് സഞ്ചാരികള്‍ക്കും വ്യാപാരികള്‍ക്കും ഗുണകരമാകും. വ്യാപാരം വര്‍ധിക്കുന്നതിനൊപ്പം അതിഥികളായെത്തുന്നവര്‍ക്കു കേരളത്തിന്റെ ഷോപ്പിങ് അനുഭവത്തെ കുറിച്ചു കൂടുതല്‍ മനസിലാക്കാനും കഴിയും.

സഞ്ചാരികള്‍ക്കിടയില്‍ ജനകീയമായിക്കൊണ്ടിരിക്കുന്ന ഹോംസ്റ്റേകളുടെയും ഹൗസ് ബോട്ടുകളുടെയും ഉടമകള്‍ ഇത്തവണ ജി കെ എസ് എഫിനെ നല്ലൊരു അവസരമായാണ് കാണുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിലേതിനേക്കാള്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് ഡിസംബര്‍ 15ന് തുടങ്ങി ജനുവരി 31ന് അവസാനിക്കുന്ന ജി.കെ.എസ് .എഫിന്റെ ഭാഗമായി നടക്കുക. ഇവയില്‍ ഏറ്റവും പ്രധാനം ഈ മാസം ഡല്‍ഹിയില്‍ തുടങ്ങുന്ന റോഡ് ഷോയാണ്.  ഏഴ് സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന റോഡ് ഷോ കേരളത്തിലെ എല്ലാ ജില്ലകളിലും എത്തും.