ന്യൂദല്‍ഹി: രാജ്യത്തെ സാമ്പത്തിക മേഖലയെ ആശങ്കയിലാഴ്ത്തി നാലാംപാദ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്. ഉത്പാദനവളര്‍ച്ച 5.3 ശതമാനമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേകാലത്ത് 9.2 ശതമാനമായിരുന്നു വളര്‍ച്ച.

വളര്‍ച്ചാനിരക്ക് ആറുശതമാനത്തില്‍ താഴെയാവുന്നത് പത്തുവര്‍ഷത്തിനിടെ ആദ്യമാണ്. സാമ്പത്തിക കമ്മി 5.9 ശതമാനമായും കണക്കാക്കുന്നു.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് ഒരു പാദത്തിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇത്രയും താഴുന്നത്.

എട്ട് പ്രധാന നിര്‍മാണമേഖലകളില്‍ 2.2 ശതമാനം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തുന്നത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഇത് 4.2 ശതമാനമായിരുന്നു. ആഭ്യന്തര ഉല്‍പാദനവളര്‍ച്ചയിലെ ഇടിവ് ഓഹരിവിപണിയിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 180 പോയിന്റ് കുറഞ്ഞാണ് വ്യാപാരം പുരോഗമിക്കുന്നത്.

നിര്‍മാണ മേഖലയില്‍ 4.8 ശതമാനവും കാര്‍ഷിക മേഖലയില്‍ 1.7 ശതമാനവും ഖനന മേഖലയില്‍ 4.3 ശതമാനവുമാണ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഖനന മേഖലയൊഴികെ ബാക്കിയെല്ലാ മേഖലകളിലും മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ 6.1 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ചാ നിരക്ക്. നാലാം പാദത്തില്‍ മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചാ നിരക്ക് നെഗറ്റീവിലെത്തി. -0.3 ശതമാനമാണ് മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വളര്‍ച്ചാ നിരക്ക്.