ടോക്കിയോ: ഫുക്കുഷിമ ആണവനിലയത്തിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നുള്ള ആണവവികിരണം കടല്‍വെള്ളത്തിലേക്ക് പരന്നതായി കണ്ടെത്തി. കടല്‍വെള്ളത്തില്‍ എത്രത്തോളം വികിരണം അടങ്ങിയിട്ടുണ്ടെന്ന് പഠിച്ച് ഉടനേ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐ.എ.ഇ.എ) ജപ്പാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ ജപ്പാനില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി അമേരിക്ക നിരോധിച്ചു. ആണവവികിരണം ഭക്ഷ്യവസ്തുക്കളിലേക്കും പരന്നിട്ടുണ്ടാകാമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ നീക്കം. പാല്‍, പച്ചക്കറി, പഴങ്ങള്‍ എന്നിവയുടെ ഇറക്കുമതി ചെയ്യുന്നതാണ് നിരോധിച്ചിരിക്കുന്നത്.

ഫുകുഷിമയിലെ ഡെയ്ച്ചി റിയാക്ടറില്‍ നിന്ന് അപകടകരമായ വെള്ളപ്പുക ഉയരുന്നത് തുടരുന്നുണ്ട്. ആണവ നിലയത്തില്‍ വൈദ്യുതിബന്ധം പുനസ്ഥാപിക്കാനും തണുപ്പിക്കാനുമുള്ള ശ്രമം ആണവനിയന്ത്രണ ഗ്രൂപ്പായ ടെപ്‌കോ ശ്രമം തുടങ്ങിയിട്ടുണ്ട്.

റിയാക്ടര്‍ തണുപ്പിക്കുന്നതിനായി വെള്ളമൊഴിക്കുമ്പോള്‍ ഉണ്ടാകുന്നതാണ് വെള്ളപ്പുകയെന്ന് അധികൃതര്‍ പറഞ്ഞു. അതിനിടെ രാജ്യം കടുത്ത വൈദ്യുതിപ്രതിസന്ധി നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലയത്തിലെ സ്ഥിതി നിയന്ത്രണവിധേയമാക്കാനായി അമേരിക്കന്‍ സേനയുടെ സഹായം തേടിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.