ന്യൂദല്‍ഹി: വിലക്കയറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നം ഒത്തുതീര്‍പ്പായി. ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി വിളിച്ചുചേര്‍ത്ത പ്രഭാതഭക്ഷണ ചര്‍ച്ചയിലാണ് പ്രശ്‌നം ഒത്തുതീര്‍പ്പായത്. വിലക്കയറ്റവുമായി ബന്ധപ്പെട്ട വിഷയം നാളെ പാര്‍ലമെന്റിന്റെ ഇരുസഭകളും ചര്‍ച്ചചെയ്യും. വോട്ടെടുപ്പില്ലാതെയുള്ള ചര്‍ച്ചക്കാണ് തീരുമാനമായത്.

പ്രമുഖ ബി ജെ പി, ഇടതുപക്ഷ നേതാക്കള്‍ പ്രണാബ് മുഖര്‍ജി നടത്തിയ വിരുന്നില്‍ പങ്കെടുത്തു. വിലക്കയറ്റം മൂലം സാധാരണക്കാര്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ നാളെ അവതരിപ്പിക്കുന്ന പ്രമേയത്തില്‍ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ചട്ടം 184 അനുസരിച്ച് വിലക്കയറ്റ പ്രശ്‌നം വോട്ടെടുപ്പോടെ ചര്‍ച്ച ചെയ്യണമെന്ന് ബി ജെ പി ആവശ്യപ്പെട്ടിരുന്നു. ഇടതുപക്ഷം അടക്കമുള്ള പാര്‍ട്ടികളും ഇതേ ആവശ്യം ഉന്നയിച്ച് പാര്‍ലമെന്റില്‍ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയാകാമെന്നും വോട്ടൊടെയുള്ള ചര്‍ച്ചക്ക് തയ്യാറല്ല എന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു.