ന്യൂദല്‍ഹി: ഇന്ധന വിലവര്‍ധനവ് വേദനാജനകമായ ജോലിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എസ്. ജയ്പാല്‍ റെഡ്ഡി. അതേസമയം, രാജ്യത്തെ ഇന്ധന വിലവര്‍ധന ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വിലവര്‍ധനവുമായി ബന്ധപ്പെട്ട് കേന്ദ്രധനമന്ത്രി പി. ചിദംബരവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

എന്നാല്‍ ഇന്ന് വൈകിട്ട് ചേരുന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ വിലവര്‍ധന പരിഗണിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ചേരുന്ന യോഗത്തില്‍ വിലവര്‍ധിപ്പിക്കുമെന്നായിരുന്നു നേരത്തേ വന്ന വാര്‍ത്തകള്‍.

ക്രൂഡ് ഓയില്‍ വിലയുടെ വര്‍ധനയും രൂപയുടെ മൂല്യശോഷണവും ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങള്‍ക്ക് വിശദമായ കുറിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.