എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം സമരം വ്യാപിക്കുന്നു: സമരസമിതി തൂത്തുക്കുടി തുറമുഖം ഉപരോധിച്ചു
എഡിറ്റര്‍
Saturday 22nd September 2012 9:00pm

കൂടംകുളം: കൂടംകുളം ആണവനിലയത്തിലെ ആദ്യ റിയാക്ടറില്‍ ഇന്ധനം നിറയ്ക്കുന്നതില്‍ പ്രതിഷേധിച്ച് ആണവ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മത്സ്യബന്ധന തൊഴിലാളികള്‍ തൂത്തുക്കുടി തുറമുഖം ഉപരോധിച്ചു.

ഏതാണ്ട് 5000 ഓളം മത്സ്യത്തൊഴിലാളികളും ആണവവിരുദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് തുറമുഖം ഉപരോധിച്ചത്. മനുഷ്യച്ചങ്ങലക്ക് സമാനമായ രീതിയില്‍ 500 ലേറെ മത്സ്യബന്ധനബോട്ടുകളും വള്ളങ്ങളും ഉപയോഗിച്ച് കടല്‍ ഉപരോധിച്ച് തുറമുഖം നിശ്ചലമാക്കി. കടല്‍ ഉപരോധം കപ്പല്‍ചാലില്‍ തടസ്സമുണ്ടാക്കിയതിനെ തുടര്‍ന്ന് തുറമുഖത്തിന്റെ പ്രവര്‍ത്തനം താറുമാറായി. തുറമുഖത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടില്ലെന്ന് അവകാശപ്പെട്ട അധികൃതര്‍ ഉപരോധത്തെത്തുടര്‍ന്ന് തൂത്തുക്കുടിയിലെ കപ്പല്‍ചാല്‍ അടക്കുകയാണുണ്ടായത്.

Ads By Google

റിയാക്ടറില്‍ ഇന്ധനം നിറയ്ക്കല്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാറിനും കേന്ദ്രസര്‍ക്കാറിനുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് കരയിലും കടലിലും ഒരുപോലെ ഉപരോധം നടക്കുന്നത്. തുറമുഖത്തെ സാധാരണ ജോലികളെ തടസ്സപ്പെടുത്താതെയാണ് സമരം നടക്കുന്നത്. ആണവവിരുദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ തൂത്തുക്കുടി ടൗണില്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് ഇന്ധനം നിറക്കുന്നതില്‍ പ്രതിഷേധിക്കുന്നത്.

ഇന്ധനം നിറയ്ക്കല്‍ ആരംഭിച്ച നടപടിയില്‍ പ്രതിഷേധിച്ച് ഇടിന്തകരൈയിലെ ആണവോര്‍ജവിരുദ്ധ സമരസമിതി ആണവനിലയത്തിനെതിരെയുള്ള ഉപരോധ സമരം തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിലുടനീളം വ്യാപിപ്പിച്ചിരിക്കുകയാണ്. വൈകിട്ട് ആറിന്  തീരപ്രദേശങ്ങളിലുള്ള ക്രിസ്തീയ ദേവാലയങ്ങള്‍ക്കുമുന്നില്‍ ഉപവാസമനുഷ്ഠിക്കുന്നതുള്‍പ്പെടെയുള്ള സമരവുമായി മുന്നോട്ട് പോകുകയാണ് സമരസമിതി പ്രവര്‍ത്തകര്‍.

കൂടംകുളത്തു തുടങ്ങിയ ആണവവിരുദ്ധ സമിതിയുടെ സമരം തമിഴ്‌നാട് മുഴുവന്‍ വ്യാപിക്കുകയാണ്. തമിഴ്‌നാട്ടിലെ തുറമുഖങ്ങളിലേക്കെല്ലാം വ്യാപിപ്പിക്കുന്നതിന് വേണ്ടി ചെന്നൈ, കന്യാകുമാരി, രാമേശ്വരം ഭാഗങ്ങളിലും സമരത്തിനിറങ്ങാന്‍  സമരസമിതി നേതാവ് ഉദയകുമാര്‍ മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുപത്തിയഞ്ചാം തിയതി ചൊവ്വാഴ്ച തമിഴ്‌നാട്ടില്‍ മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും പിക്കറ്റിങ് ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ സമരസമിതി പ്രവര്‍ത്തകര്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.

ആണവനിലയത്തില്‍ സമ്പുഷ്ട യുറേനിയം നിറയ്ക്കുന്നതിന് ചൊവ്വാഴ്ചയാണ് ആറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് അനുമതി നല്‍കിയത്. 1000 മെഗാവാട്ട് ഉത്പാദന ക്ഷമതയുള്ള ആദ്യ റിയാക്ടറില്‍ 163 ഇന്ധന ബണ്ടിലുകള്‍ നിറയ്ക്കാനാണ് അനുമതി നല്‍കിയത്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച മുതല്‍ സമ്പുഷ്ട യുറേനിയം നിറച്ചു തുടങ്ങിയിട്ടുണ്ട്. പത്തുദിവസത്തോളം കുടരുന്ന ഇന്ധനം നിറയ്ക്കല്‍ മുഴുവനായാല്‍ ഫിഷന്‍ റിയാക്ടര്‍ ടെസ്റ്റ് നടത്തും.

ഓരോ ഘട്ടം പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പും പിമ്പും ആണവോര്‍ജ റഗുലേറ്ററി ബോര്‍ഡിന്റെ പ്രത്യേക അനുമതി വാങ്ങിക്കേണ്ടതാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ ആദ്യ റിയാക്ടറില്‍ നിന്ന് വൈദ്യുതി ഉത്പാദനം ആരംഭിക്കും.

Advertisement