ദുബൈ: പെട്രോള്‍ വിതരണം പുന:സ്ഥാപിക്കുന്നതിനു വേണ്ടി ഇനോക് എപ്‌കോ ഗ്രൂപ്പിന് ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകരിച്ച എഴുപത്തിരണ്ട് മണിക്കൂര്‍ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചതോടെ എമിറേറ്റ്‌സിലെ എപ്‌കോ ഇനോക് പെട്രോള്‍പമ്പുകള്‍ക്കെതിരെ ഷാര്‍ജ ഗവണ്‍മെന്റ് നടപടികള്‍ ആരംഭിച്ചു.

ഷാര്‍ജ സാമ്പത്തിക വികസന മന്ത്രാലയത്തിന് കീഴില്‍ ,ഇനോക് എപ്‌കോ കമ്പനികളുടെ മുഴുവന്‍ ഫില്ലിംഗ് സ്റ്റേഷനുകളും പൂട്ടി സീല്‍ വെച്ചതായി ഷാര്‍ജ മീഡിയ സെന്റര്‍ ഡയറക്ടര്‍ ഒസാമ സാമ്ര മാധ്യമങ്ങളെ അറിയിച്ചു.

ഭക്ഷണം പോലെത്തന്നെ എണ്ണയും അവശ്യവസ്തുവായി മാറിയ സാഹചര്യത്തില്‍ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ എണ്ണവിതരണ കമ്പനികള്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ജനങ്ങളോടുള്ള കടമ നിറവേറ്റുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടികളുമായി മുന്നോട്ടു പോകാന്‍ സാമ്പത്തിക വികസന മന്ത്രാലയം നിര്‍ബന്ധിതരായെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഭാവി പരിപാടികളെക്കുറിച്ച് സാമ്പത്തിക വികസന മന്ത്രാലയ ഉദ്യോഗസ്ഥരാരും വിശദീകരണം നല്‍കിയിട്ടില്ല. നിയമപരമായ പ്രശ്‌നങ്ങളാണ് ഇതിനു കാരണം.

അതേ സമയം സംഭവത്തില്‍ ഇനോക് എപ്‌കോ വൃത്തങ്ങള്‍ മൗനം പാലിച്ചിരിക്കുകയാണ്. ഇവരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാവും സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍യോഗമാണ് എമിറേറ്റ്‌സിലെ എണ്ണ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കമ്പനികള്‍ക്ക് അന്ത്യശാസനം നല്‍കിയത്.

നേരത്തെ നല്‍കിയ നാല്‍പ്പത്തിയെട്ടു മണിക്കൂര്‍നേരത്തെ കാരണംകാണിക്കല്‍ നോട്ടീസിനും കമ്പനി വൃത്തങ്ങള്‍ മറുപടി നല്‍കിയിരുന്നില്ല.

ഷാര്‍ജ, അജ്മാന്‍, ഉം-അല്‍ ഖുവൈന്‍, ഫുജൈറ, റാസല്‍ ഖൈമ എന്നിവിടങ്ങളിലായി എണ്‍പത്തിരണ്ട് പെട്രോള്‍ സ്‌റ്റേഷനുകളാണ് കഴിഞ്ഞ ഒരു മാസമായി പെട്രോള്‍ ഇല്ലാത്തതിന്റെ പേരില്‍ അടച്ചിട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ അട്‌നോക് ഫില്ലിംഗ് സ്‌റ്റെഷനുകളിലെല്ലാം വന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട് താനും. ആവശ്യമെങ്കില്‍ കൂടുതല്‍ പെട്രോള്‍ വിതരണം ചെയ്യാന്‍ അട്‌നോക് തയ്യാറാണെന്ന് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

സാമ്പത്തിക മന്ത്രാലയം വരുംദിവസങ്ങളില്‍ കൂടുതല്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.