വാഷിംഗ്ടണ്‍: ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ബാര്‍സിലോനയില്‍ നിന്നേറ്റ തോല്‍വിക്ക് മഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മധുര പ്രതികാരം. പുതിയ സീസണ് മുന്നോടിയായി നടന്ന സന്നാഹമത്സരത്തില്‍ മഞ്ചസ്റ്റര്‍ 2-1 ന് വിജയിച്ചു. മഞ്ചസ്റ്ററിനായി നാനിയും ഓവനും ലക്ഷ്യം കണ്ടപ്പോള്‍ ബാര്‍സയുടെ ഏകഗോള്‍ അലക്‌സി സാഞ്ചസ് നേടി.

അമേരിക്കയിലെ ഫെഡക്‌സ് ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിങ്ങിനിരഞ്ഞ 81,807 കാണികളുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ഇരുപത്തിരണ്ടാം മിനിറ്റില്‍ നാനിയിലൂടെ മഞ്ചസ്റ്ററാണ് ആദ്യഗോള്‍ നേടിയത്. വാഷിംഗ്ടണില്‍ ഇതാദ്യമായാണ് ഒരു ഫുട്‌ബോള്‍ മത്‌ലരം വീക്ഷിക്കാന്‍ ഇത്രയധികം കാണികളെത്തുന്നത്. കളിതുടങ്ങും മുന്‍പേ ബാര്‍സയ്ക്കായി ആര്‍ത്തുവിളിച്ച കാണികളുടെ മനം നിറച്ച് എഴുപതാം മിനിറ്റില്‍ തിയാഗോ അലക്‌സാന്ദ്രയിലൂടെ സമനില പിടിച്ചു. 23 വാരയകലെനിന്നുംതിയാഗോ തൊടുത്ത ഷോട്ട് ബാര്‍സ നെറ്റില്‍തുളഞ്ഞ്കയറുകയായിരുന്നു. എന്നാല്‍ എഴുപത്തിയാറാം മിനിറ്റില്‍ ഓവന്‍ നേടിയ ഗോളിലൂടെ മഞ്ചസ്റ്റര്‍ മത്സരം സ്വന്തമാക്കി. ടോം ക്ലവര്‍ലിയില്‍ നിന്നും കിട്ടിയ ബേള്‍ ഓവന്‍ ബാര്‍സ ഗോള്‍കീപ്പര്‍ വിക്ടര്‍ വാല്‍ഡസിന് മുകളിലൂടെ വലയ്ക്കകത്തെത്തിക്കുകയായിരുന്നു.

സ്റ്റാര്‍സ്ട്രക്കര്‍ ലയണല്‍ മെസ്സി, ഡാനിയല്‍ ആല്‍വ്‌സ്, ജാവിയര്‍ മസ്‌ക്കരാനോ എന്നിവര്‍ ബാര്‍സ നിരയില്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ച മിയാമിയില്‍ മെക്‌സിക്കന്‍ ക്ലബ്ബുമായും ബാര്‍സ സന്നാഹമത്സരം കളിക്കുന്നുണ്ട്