ബാംഗ്ലൂര്‍: യു എന്‍ രക്ഷാസമിതിയില്‍ അംഗത്വം ലഭിക്കണമെന്ന ഇന്ത്യയുടെ അവകാശവാദത്തിന് ഫ്രാന്‍സിന്റെ പിന്തുണ. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആണവ രംഗത്ത് ഇന്ത്യയുടെ ഒറ്റപ്പെടല്‍ അവസാനിക്കാന്‍ സമയമായി. നൂറുകോടി ജനസംഖ്യയുടള്ള ഇന്ത്യയ്ക്ക് യു എന്‍ രക്ഷാസമിതിയില്‍ അംഗത്വം ലഭിക്കാത്തത് വിചിത്രമാണെന്നും സര്‍ക്കോസി പറഞ്ഞു.
നേരത്തേ ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റ്ഡ് എയര്‍പോര്‍ട്ടില്‍ രാവിലെ പത്തുമണിക്കാണ് സര്‍ക്കോസിയും ഭാര്യ കാര്‍ല ബ്രൂണിയും എത്തിയത്.

പ്രതിരോധം, ആണവോര്‍ജം, സാംസ്‌കാരിക രംഗത്തെ വികസനം എന്നീ വിഷയങ്ങള്‍ക്കാണ് സന്ദര്‍ശനവേളയില്‍ ഊന്നല്‍ നല്‍കുന്നത്. അഞ്ചാം തീയതി താജ് മഹലിലെത്തുന്ന സര്‍ക്കോസിയെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സ്വകാര്യ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. ആറാം തീയതി ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും.

തുടര്‍ന്നുവിവിധ കരാറുകളില്‍ ഒപ്പുവെക്കും. വൈകുന്നേരം രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ചശേഷം ദല്‍ഹിയിലെ ഫ്രഞ്ച് എംബസിയില്‍ വിരുന്നിന് പങ്കെടുക്കും. തുടര്‍ന്ന് മുംബൈ ഭീകരാക്രമണം നടന്ന താജ് ഹോട്ടലില്‍ നടക്കുന്ന ബിസിനസ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കും. അതേ ദിവസം തന്നെ പാരീസീലേക്ക് പുറപ്പെടും.