പാരീസ്: ഫ്രാന്‍സ് പ്രധാനമന്ത്രി ഫ്രാന്‍സിയോസ് ഫില്ലിന്റെ രാജി പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി സ്വീകരിച്ചതോടെ ഫ്രഞ്ച് മന്ത്രിസഭ വീണു. മന്ത്രിസഭയില്‍ സുപ്രധാന അഴിച്ചുപണി നടത്താന്‍ പ്രസിഡന്റ്ിന്റെ തീരുമാനത്തെത്തുടര്‍ന്നാണ് ഫ്രാന്‍സിയോസ് ഫില്ലന്‍ രാജി സമര്‍പ്പിച്ചത്.

പ്രധാനമന്ത്രിയുടേയും സഹമന്ത്രിമാരുടേയും രാജി സ്വീകരിച്ചതായി സര്‍ക്കോസിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ പുതിയ മന്ത്രിമാരെ നിയമിക്കുന്നതിനു വേണ്ടിയുള്ള ഔപചാരിക ചടങ്ങ് മാത്രമാണ് മന്ത്രിസഭയുടെ രാജിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഫ്രാന്‍സ് രാഷ്ട്രീയ സമ്മര്‍ദ്ധത്തിലായിരുന്നു. ഇതിനിടെ ഫില്ലനെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. വിവാദ പെന്‍ഷന്‍ പരിഷ്‌കരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതുമായി ബന്ധപ്പെട്ട് വന്‍ പ്രക്ഷോഭമാണ് ഫ്രാന്‍സില്‍ നടന്നത്. ഇതേത്തുടര്‍ന്ന് സര്‍ക്കോസിയുടെ ജനസ്വാധീനത്തില്‍ റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തി ജനങ്ങള്‍ക്കിടിയില്‍ പ്രതിഛായ വീണ്ടെടുക്കാനാണ് ശ്രമം.