പാരിസ്: ഫ്രഞ്ച് ഓപ്പണിന്റെ ശ്രദ്ധേയമായ ഒരട്ടിമറിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ആറാംസീഡ് തോമസ് ബെര്‍ഡിക്ക് തോറ്റു. ഫ്രാന്‍സിന്റെ സ്റ്റീഫന്‍ റൊബേര്‍ട്ട് ആണ് ബെര്‍ഡിക്കിന്റെ കിരീടമോഹങ്ങളെ അട്ടിമറിച്ചത്. സ്‌കോര്‍. 3-6,3-6, 6-2,6-2, 9-7.

എന്നാല്‍ തുടര്‍ച്ചയായ വിജയങ്ങളുടെ കരുത്തില്‍ കളിമണ്‍ കോര്‍ട്ടില്‍ ചരിത്രം രചിക്കാനൊരുങ്ങുന്ന ഡോക്കോവിക് മികച്ച ജയം നേടി രണ്ടാംറൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. ഡച്ച് താരം തിമോ ഡി ബേക്കറാണ് ഡോക്കോവിക്കിനോട് അടിയറവ് പറഞ്ഞത്. സ്‌കോര്‍. 6-2,6-1,6-3. ഡോക്കോവിക്കിന്റെ തുടര്‍ച്ചയായ മുപ്പത്തിയെട്ടാം വിജയമാണിത്.

റോളണ്ട് ഗാരോസില്‍ ഇന്ത്യയുടെ പ്രതീക്ഷയായ സാനിയ മിര്‍സ ജയത്തോടെ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചു. ക്രിസ്റ്റിന ബറോയിസിനെ തുടര്‍ച്ചയായ സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സാനിയ മുന്നേറിയിരിക്കുന്നത്. സ്‌കോര്‍. 6-3,6-3

റോജര്‍ ഫെഡറര്‍, ജുവാന്‍ ഡെല്‍പെട്രോ എന്നിവരും ആദ്യമല്‍സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്.