ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പെല്ലറ്റ് ഇരകളുടെ ഡോക്യുമെന്ററി ചിത്രീകരിച്ച ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

കോമിതി പോള്‍ എഡ്വാഡ് എന്ന മാധ്യമപ്രവര്‍ത്തകനേയാണ് വിസ ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ശ്രീനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിമതരുടേയും പെല്ലെറ്റ് ഇരകളുടേയും അഭിപ്രായങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെ കോതിബാഹ് ഏരിയയില്‍ വെച്ചായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

എഡ്വാഡിന്റെ കൈവശം പാസ്‌പോര്‍ട്ടും ബിസിനസ് വിസയുമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഡിസംബര്‍ 22 വരെയാണ് ഇതിന്റെ കാലാവധി. എന്നാല്‍ ബിസിനസ് വിസ കൈവശമുള്ള ഒരാള്‍ക്ക് രാഷ്ട്രീയ സുരക്ഷസംവിധാങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ഡോക്യുമെന്ററി ചിത്രീകരിക്കാന്‍ അനുമതിയില്ലെന്നാണ് പൊലീസ് പറയുന്നത്.

സെക്ഷന്‍ 14 ബി പാസ്‌പോര്‍ട്ട് ആക്ട് പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കോതിബാഹ് പൊലീസ് സ്റ്റേഷനിലാണ് എഡ്വേഡ് ഇപ്പോള്‍.

ജൂലൈ എട്ടിന് ഹിസ്ബൂള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് പിന്നാലെ കാശ്മീര്‍ താഴ് വരിയിലുണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയുണ്ടായ പെല്ലെറ്റ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പലരുടേയും കാഴ്ചശക്തി പൂര്‍ണമായും നഷ്ടമാവുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഡോക്യുമെന്ററി ചിത്രീകരിച്ചത്.