Categories

ഫ്രഞ്ച് തിരഞ്ഞെടുപ്പ്: ഹൊലാന്ദിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വിജയം

പാരിസ്: ഫ്രഞ്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊലാന്ദിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി വിജയിച്ചതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം അധോസഭയിലേയ്ക്കു നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ സോഷ്യലിസ്റ്റുകളും ഗ്രീന്‍ പാര്‍ട്ടിയുമടങ്ങുന്ന ഇടതുപക്ഷം 46 ശതമാനം വോട്ടും സര്‍ക്കോസിയുടെ യു.എം.പി 34 ശതമാനം വോട്ടും നേടിയിരുന്നു. ഇതോടെ ഇന്നലെ നടന്ന  തിരഞ്ഞെടുപ്പില്‍ ഹൊളാന്ദിന്റെ സഖ്യം കേവല ഭൂരിപക്ഷം നേടുമെന്ന് ഉറപ്പാക്കിയിരുന്നു.

577 സീറ്റില്‍ കേവലഭൂരിപക്ഷത്തിന് 289 സീറ്റ് വേണ്ടപ്പോള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി 313 മുതല്‍ 315 സീറ്റ് നേടി. മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ യാഥാസ്ഥിതിക പാര്‍ട്ടിയ്ക്ക് 214 സീറ്റ് മാത്രമാണ് നേടാനായത്. അന്തിമ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

യൂറോപ്പിനെ ബാധിച്ചിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഫ്രാന്‍സില്‍ ഹൊളാന്ദ് നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ്  തിരഞ്ഞെടുപ്പ് ഫലമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിയതോടെ രാജ്യത്ത് ഹൊളാന്ദ് ഭരണകൂടത്തിനു സ്വതന്ത്രമായി സാമ്പത്തിക പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നും കരുതുന്നു.

ജര്‍മനിയുടെ നേതൃത്വത്തില്‍ യൂറോസോണില്‍ നടക്കുന്ന സാമ്പത്തിക അച്ചടക്ക നടപടികള്‍ ഇനി ഹൊളാന്ദിന്റെ മേല്‍നോട്ടത്തിലായിരിക്കും നടക്കുകയെന്ന സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.

നികുതി ഉയര്‍ത്തല്‍, ബജറ്റ് വെട്ടിച്ചുരുക്കല്‍, സാമ്പത്തിക അച്ചടക്കം തുടങ്ങിയവയാണ് പ്രസിഡന്റിനു കൈകാര്യം ചെയ്യാനുള്ള അടിയന്തര വിഷയങ്ങള്‍.

Tagged with: |