പാലക്കാട്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് വോട്ടര്‍മാര്‍ക്ക് സാരി വിതരണം ചെയ്ത ബി.ജെ.പി നേതാവ് വെട്ടിലായി. സംഭവത്തെപറ്റി അന്വേഷിക്കാന്‍ ജില്ലാ വരണാധികാരികൂടിയായ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ഉത്തരവിട്ടു.

നാഗ്പൂരിലെ വ്യവസായിയായ ഉദയഭാസ്‌ക്കറാണ് സാരി വിതരണം ചെയ്തത്. ഇദ്ദേഹം പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. പാലക്കാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പിരായിരി ഗ്രാമപഞ്ചായത്തിലെ കൊടുന്തിരപ്പുള്ളിയിലായിലെ അനുഗ്രഹ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

എസ്.എന്‍.ഡി.പിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഒരു സന്നദ്ധ സംഘടനയുടെ മറവിലാണ് ചടങ്ങ് നടത്തിയതെങ്കിലും ഉദയഭാസ്‌ക്കറിന്റെ സാന്നിധ്യം തുടക്കം മുതല്‍ ഉണ്ടായിരുന്നു. സ്ത്രീകളായിരുന്നു ഹാളില്‍ ഭൂരിപക്ഷവും. സാരിയും സെറ്റ് മുണ്ടും ഇവര്‍ക്കായി വിതരണം ചെയ്തു. സ്ത്രീകള്‍ സന്തോഷത്തോടെ പുതുവസ്ത്രം ഏറ്റുവാങ്ങുമ്പോള്‍ കൂപ്പുകൈകളുമായി ഉദയഭാസ്‌ക്കര്‍ അവരെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.

സംഭവം അറിഞ്ഞ് എത്തിയ മാധ്യമപ്രവര്‍ത്തകരെ അകറ്റി നിര്‍ത്താന്‍ ശ്രമമുണ്ടായി. സാരി വിതരണ സംഭവവുമായി ബി.ജെ.പിക്ക് ഒരുവിധത്തിലുള്ള ബന്ധവും ഇല്ലെന്നാണ് ഭാരവാഹികളുടെ വിശദീകരണം. എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ പാരിതോഷികം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു.