ന്യൂദല്‍ഹി: സര്‍ക്കാര്‍ ആശുപത്രിയിലും ആരോഗ്യകേന്ദ്രങ്ങളിലും ചികിത്സയ്‌ക്കെത്തുന്ന എല്ലാ രോഗികള്‍ക്കും സൗജന്യമായി മരുന്നുകള്‍ നല്‍കാന്‍ തീരുമാനം. ഒക്ടോബര്‍ മുതല്‍ തീരുമാനം നിലവില്‍ വരും.

പദ്ധതി നടപ്പാക്കുന്നതിനായി 2012-2013 വര്‍ഷത്തേക്ക് 100 കോടി രൂപ പ്ലാനിംഗ് കമ്മീഷന്‍ നീക്കിവെച്ചിട്ടുണ്ട്. 12 വര്‍ഷത്തേക്ക് പദ്ധതിയ്ക്കായി 28,560 കോടി രൂപ ചിലവു വരുമെന്നാണ് കണക്കുകൂട്ടല്‍.

ഇപ്പോള്‍ രാജ്യത്തെ 12% ജനങ്ങളും സര്‍ക്കാര്‍ ആശുപത്രികളെയാണ് ചികിത്സയ്ക്ക് ആശ്രയിക്കുന്നത്. മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു തുടങ്ങിയാല്‍ 2017 ആകുമ്പോഴേക്കും ഇത് 52%ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2011ല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടായിരിക്കേണ്ട അവശ്യമരുന്നുകളുടെ ലിസ്റ്റ് കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. 348 മരുന്നുകളാണ് ലിസ്റ്റിലുള്ളത്. ഇതുകൂടാതെ വിട്ടുപോയ അവശ്യമരുന്നുകള്‍ നിര്‍ദേശിക്കാന്‍ സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുണ്ട്. മരുന്നുവാങ്ങുന്നതിനായുള്ള ഫണ്ടിന്റെ 75% കേന്ദ്രസര്‍ക്കാര്‍ നല്‍കും. ബാക്കിയുള്ളത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്.

അവശ്യമരുന്നുകള്‍ക്ക് പുറമെ നിന്നുള്ളവ വാങ്ങുന്നതിനായി ജില്ലാ ഫണ്ടുകളുടെ 5% നീക്കിവയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തമിഴ്‌നാട് കഴിഞ്ഞ 15 വര്‍ഷമായി സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സയ്‌ക്കെത്തുന്ന എല്ലാവര്‍ക്കും സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ രാജസ്ഥാനിലും ഈ പദ്ധതി നിലവില്‍ വന്നിട്ടുണ്ട്.