തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരത്തിനു വേണ്ടി  തിരുവനന്തപുരത്തെ ആശുപത്രികളില്‍ നടത്തിയ വന്‍ തട്ടിപ്പ് ഏഷ്യാനെറ്റ്  ന്യൂസ് പുറത്ത് വിട്ടു. മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനാ സമയത്ത് രോഗികളുടെ എണ്ണം തികയ്ക്കാനായി അനാഥാലയങ്ങളിലെ നൂറുകണക്കിന് രോഗികളെ വാടകയ്‌ക്കെടുത്ത്‌ ആശുപത്രിയിലെത്തിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ നിര്‍ദ്ദിഷ്ട രോഗികള്‍ ഇല്ലെങ്കില്‍ അംഗീകാരം കിട്ടില്ല. സ്വകാര്യമെഡിക്കല്‍ കോളേജ് അധികൃതരും അനാഥാലങ്ങളിലെ നടത്തിപ്പുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടകെട്ട് വഴിയാണ് കാര്യങ്ങള്‍ എല്ലാം നടക്കുന്നത് എന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്നാം വര്‍ഷ എം.ബി.ബി.എസ് കോഴ്‌സ് തുടങ്ങണമെങ്കില്‍ ആശുപത്രിയില്‍ കിടത്തിചികിത്സയ്ക്കുള്ള 300 രോഗികള്‍ വേണം.ഓരോ വര്‍ഷം കഴിയുന്തോറും 50 വീതം കൂടി അഞ്ചുവര്‍ഷമാകുമ്പോള്‍ 500 രോഗികള്‍ വേണമെന്നതാണ് കണക്ക്. അതില്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കില്ല. ഈ കണക്കു കൃത്യമാകാന്‍ വേണ്ടിയാണ് ആശുപത്രി അധികൃതര്‍ അനാഥാലങ്ങളെ കൂട്ടുപിടിച്ച് വന്‍ തട്ടിപ്പ് നടത്തുന്നത്. മുന്‍കൂട്ടി പറഞ്ഞു നടത്തുന്ന പരിശോധന കൂടിയാകുമ്പോള്‍ കാര്യങ്ങളെല്ലാം വളരെ നിസ്സാരമാകും.

തിരുവനന്തപുരം പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളെയും മറ്റ് അനാഥാലയങ്ങളിലെ അനാഥരെയും പരിശോധനാ ദിവസത്തിന്റെ തലേന്നു തന്നെ ആശുപത്രിയില്‍ എത്തിക്കും. ഇവരെ അനാഥായത്തില്‍ വന്ന് കൂട്ടിക്കൊണ്ടുപോകുന്നത് ആശുപത്രിയുടെ വാഹനത്തിലാണ്.

മെഡിക്കള്‍ കൗണ്‍സില്‍ പരിശോധനയ്‌ക്കെത്തുമ്പോല്‍ വാര്‍ഡ് നിറയെ രോഗികള്‍ നിറഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് കാണുക. അനാഥായത്തിലെ മേധാവിയുമായി ചാനല്‍ റിപ്പോര്‍ട്ടര്‍ ഫോണ്‍ മുഖാന്തരം ബന്ധപ്പെട്ടാണ് തട്ടിപ്പ്‌ വെളിച്ചത്തുകൊണ്ടുവന്നത്.

മൂന്നു ദിവസത്തേക്ക് 70 രോഗികളെ വേണമെന്നു പറഞ്ഞാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം അനാധാലയം നടത്തിപ്പുകാരനെ സമീപിച്ചത്. മറ്റ് മെഡിക്കല്‍ കോളജുകളിലേക്കും തങ്ങള്‍ രോഗികളെ നല്‍കാറുണ്ടെന്ന് ഇയാള്‍ തുറന്നു സമ്മതിച്ചു. മൂന്നു മാസം പ്രായമുള്ള കുഞ്ഞു മുതല്‍ 102 വയസു പ്രായമുള്ള വൃദ്ധന്‍ വരെ തങ്ങളുടെ പക്കലുണ്ടെന്നും ഇദ്ദേഹം അവകാശപ്പെട്ടു. അന്തേവാസികളെ വിട്ടു നല്‍കാനുള്ള ഫീസ് പിന്നീട് അറിയിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ സംഭാഷണം അവസാനിപ്പിച്ചത്. അന്തേവാസികളെ വിട്ടു നല്‍കാനായി ഇവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാമെന്ന് വ്യക്തമാക്കുന്ന കത്ത് നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

കൊല്ലത്തെ പ്രമുഖ സ്വകാര്യ മെഡിക്കല്‍ കോളജായ മെഡി സിറ്റിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ കോളജിന്റെ പരിശോധന നടക്കുന്ന വേളയില്‍ ഏഷ്യാനെറ്റ് സംഘമെത്തി. വാര്‍ഡുകളിലെല്ലാം നിറയെ രോഗികള്‍. പരിശോധന കഴിഞ്ഞ ദിവസം മെഡിസിറ്റിയില്‍ നിന്നും രോഗികളെയും വഹിച്ചു കൊണ്ടുള്ള വാഹനം ഒന്നര മണിക്കൂറിനു ശേഷം ചെന്നു നിന്നത് പത്തനാപുരം ഗാന്ധി ഭവനില്‍ എത്തി. അന്തേവാസികളെ തലയെണ്ണി തിരിച്ചെത്തിയ ശെഷം വാഹനം തിരികെ മെഡി സിറ്റിയിലേക്ക് വരുന്ന കാഴ്ചയും അവര്‍ കണ്ടു.

സംഭവം വെളിച്ചത്തായതോടെ മെഡിക്കല്‍ കൗണ്‍സില്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് അവര്‍ അറിയിച്ചു.

Malayalam News

Kerala News In English