ബാംഗ്ലൂര്‍: രാജ്യസഭ ഡപ്യൂട്ടി ചെയര്‍മാന്‍ കെ.റഹ്മാന്‍ ഖാനെതിരെ കര്‍ണാടക കോ-ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. 1998-2002 കാലയളവില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള അമനാഥ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയര്‍മാനായിരിക്കെ 102 കോടി രൂപ അപഹരിച്ചു എന്ന ആരോപണമാണ് റഹ്മാന്‍ ഖാനെതിരെയുള്ളത്.

മൊത്തം 102.02 കോടിരൂപയുടെ ലോണ്‍ ഇയാള്‍ ബിനാമികളുടെ പേരില്‍ പാസാക്കിനല്‍കിയെന്ന ആരോപണമാണുള്ളത്. മുന്‍ പ്രസിഡന്റായിരുന്ന സിയ-ഉള്‍-ഷരീഫ്, മുന്‍ ഡയറക്ടര്‍ എ.എ ക്വാടിബ് എന്നിവര്‍ക്കെതിരെയും ഇതേ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഖാന്‍ പറയുന്നത്. ബാങ്കിന്റെ ഇപ്പോഴത്തെ സി.ഇ.ഒ തന്നെ മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും തന്റെ പ്രതിഛായ തകര്‍ക്കുന്നതിനായുള്ള നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പാര്‍ട്ടിയിലെ തന്നെ രാഷ്ട്രീയ എതിരാളികള്‍ക്കുവേണ്ടിയാണ് അവര്‍ ഇത് ചെയ്യുന്നത്. കോര്‍പ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇക്കാര്യത്തില്‍ എനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും തയ്യാറാകാതെയാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.