ത്വാഇഫ്: മൂന്ന് വര്‍ഷമായി ത്വാഇഫ് ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന മംഗലാപുരം നെല്ല്യാടി സ്വദേശി സുലൈമാന്‍ അബൂബക്കര്‍ (55) മോചിതനായി. വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചതിനെ തുടര്‍ന്നാണ്  സുലൈമാന്‍ ജയിലിലായത്. ഇന്നലെ ഉച്ചക്ക് ജയില്‍ മോചിതനായ സുലൈമാനെ ത്വാഇഫിലെ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ത്വാഇഫില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെ റിയാദ് റോഡില്‍ സുലും എന്ന സ്ഥലത്ത് വെച്ച് മൂന്ന് വര്‍ഷം മുമ്പാണ് അപകടം നടന്നത്. സുലൈമാന്‍ ഓടിച്ചിരുന്ന ടിപ്പര്‍ ലോറി സൗദി കുടുംബം സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന സൗദി കുടുംബത്തിലെ ആറുപേര്‍ തല്‍ക്ഷണം മരിച്ചു. സംഭവം നടക്കുമ്പോള്‍ സുലൈമാന്‍ പുതിയ വിസയില്‍ നാട്ടില്‍ നിന്നെത്തിയിട്ട് മൂന്ന് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ.

അപകടത്തിന് ശേഷം സ്‌പോണ്‍സര്‍ സുലൈമാനെ ജയിലില്‍ വന്ന് കാണാനോ കേസുമായി സഹകരിക്കാനോ തയ്യാറായില്ല. ഇതിനിടെ മരിച്ച കുടുംബത്തിന്റെ അവകാശികള്‍ക്ക് 6.75 ലക്ഷം റിയാല്‍ നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തു.

വലിയ കുടുബത്തിന്റെ ഏക ആശ്രയമായ സുലൈമാന്‍ ജയിലിലായതോടെ കുടുംബം പട്ടിണിയിലായി. സുലൈമാന്റെ വിഷമ സ്ഥിതി അറിഞ്ഞ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ വിവരം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വെല്‍ഫെയര്‍ വിഭാഗത്തെ അറിയിക്കുകയും കേസില്‍ ഇടപെടാനുള്ള അനുമതി പത്രം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതെ തുടര്‍ന്ന് ത്വാഇഫിലെ ഫോറം പ്രവര്‍ത്തകനായ അല്‍ത്താഫിന് കോണ്‍സുലേറ്റ് അധികാര പത്രം നല്‍കി. തുടര്‍ന്ന് റിയാദിലെ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ ചില സ്വദേശികളുടെ സഹായത്തോടെ റിയാദിലുള്ള വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് കമ്പനിയമായി ബന്ധപ്പെട്ടു.

ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനിടയില്‍ ഇന്‍ഷൂറന്‍സ് കമ്പനി കേസ് ഏറ്റെടുക്കുകയും നഷ്ടപരിഹാര തുക നല്‍കാന്‍ സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി സുലൈമാന്റെ കുടുംബത്തിന്റെ നിത്യ ചെലവുകളും ഫോറമാണ് നടത്തിയത്. കഴിഞ്ഞ ദിവസം നഷ്ടപരിഹാര തുകയായ 6.75 ലക്ഷം റിയാലിന്റ ചെക്ക് ഇന്‍ഷൂറന്‍സ് കമ്പനി ത്വാഇഫ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതെ തുടര്‍ന്നാണ് സുലൈമാന്‍ മോചിതനായത്. ഇന്ന് ഉംറ ചെയ്യാന്‍ മക്കയിലേക്ക് പോകുമെന്നും അതിനു ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സുലൈമാന്‍ പറഞ്ഞു.

ഫ്രറ്റേണിറ്റി ഫോറത്തിന്റെ ത്വാഇഫ്, റിയാദ്, ജിദ്ദ ഘടകം പ്രവര്‍ത്തകരായ റഫീഖ് കൂളായി, നൗഷാദ് കാട്ടിപ്പാല, ഹുസൈന്‍ ജോക്കട്ടൈ, അല്‍ത്താഫ്, നൗഷാദ് മൗലവി, സുലൈമാന്‍ മഞ്ചേശ്വരം എന്നിവരാണ് കേസിനാവശ്യമായ സഹായം നല്‍കിയത്.

ത്വാഇഫ് ജയിലില്‍ നിന്ന് മോചിതനായ സുലൈമാന്‍ അബൂബക്കര്‍ (ഇടത്തു നിന്നും രണ്ടാമത്) ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ കൂടെ.