ഫലതീന്‍: പതിനൊന്ന് വര്‍ഷം മുന്‍പ് ഗസ്സയില്‍ ഇസ്രയേലി സൈന്യത്തിന്റെ വെടിയേറ്റ് ദാരുണമായി മരിച്ച ഫലസ്തീന്‍ ബാലന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഫ്രഞ്ച് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. 2000 സെപ്റ്റംബര്‍ 30 ന് ഗസ്സയിലെ നെറ്റ്‌സാറിന് സമീപം ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി ആളുകളായിരുന്നു കൊല്ലപ്പെട്ടത്.

ഇസ്രേയേല്‍ സേനയുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാനായി കോണ്‍ക്രീറ്റ് ചവറ്റുവീപ്പയുടെ മറവിലിരുന്നുകൊണ്ട് സ്വന്തം മകനെ വെടിയുണ്ടകളില്‍ നിന്നും രക്ഷിക്കാന്‍ മിനുട്ടുകളോളം ശ്രമിക്കുന്ന പിതാവ് ജമാല്‍ അദുര്‍റ പട്ടാളക്കാരോട് വെടിവെയ്ക്കരുതെന്ന് കേണപേക്ഷിച്ചു.

എന്നാല്‍ ആ വാക്കുകളെ ഗൗനിക്കാതെ അവര്‍ക്ക് നേരെ സൈന്യം നിറയൊഴിച്ചു. ഒടുവില്‍ തന്റെ അച്ഛന്റെ മടിയിലേക്ക് വെടിയേറ്റ് വീണ് ദുര്‍റ പിടഞ്ഞുമരിച്ചു. ഈ ദൃശ്യങ്ങള്‍ ഫ്രഞ്ച് ടെലിവിഷന്‍ ചാനലായ ഫ്രാന്‍സ് 2 പുറത്ത് വിട്ടിരുന്നു. ചാള്‍സ് എന്‍ഡര്‍ലി എന്ന റിപ്പോര്‍ട്ടര്‍ ആണ് ഈ ദൃശ്യങ്ങള്‍ പുറംലോകത്തെത്തിച്ചത്.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മാധ്യമനിരീക്ഷകനായ കാര്‍സെന്റി രംഗത്തെത്തുകയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു. ചിത്രം കെട്ടിച്ചമച്ചതാണെന്നും ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ അത്തരമൊരു കൊടുംക്രൂരത നടന്നിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ പിന്നീട്  അദ്ദേഹത്തിനെതിരെ അപകീര്‍ത്തി കുറ്റം ചാര്‍ത്തി വിധി വന്നു.

വീണ്ടും ഈ വിഷയത്തില്‍ 2008 ല്‍ ഫിലിപ്പ് സെന്ററി അപ്പീല്‍ നല്‍കി. ഇതിനെതിരെ ഫ്രാന്‍സ് 2 ചാനലിന്റെ റിപ്പോര്‍ട്ടര്‍ എന്റര്‍ലിനും നല്‍കിയ കേസില്‍ അന്വേഷണത്തിനായി ഫ്രഞ്ച് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഫലസ്തീന്‍ പോരാട്ടത്തിന്റെ പ്രതീകമായിട്ടാണ് പിന്നീട് മുഹമ്മദ് അദുര്‍റ വിശേഷിപ്പിക്കപ്പെട്ടത്.

ആ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് പോസ്റ്ററുകളായും സ്റ്റാമ്പായും ടീഷര്‍ട്ടുകളായും എല്ലാം പുറത്തിറങ്ങി. ഫലസ്തീനിലെ തെരുവുകള്‍ക്ക് ദുര്‍റയുടെ പേരിട്ട് ആ രക്തസാക്ഷിയെ ഓരോ ഫലസ്തീനികളും സ്മരിച്ചു. ദുരന്തം സംഭവിച്ച് പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ദുര്‍റ ഇന്നും വാര്‍ത്തകളില്‍ ഇടംനേടുകയാണ്.

Malayalam News

Kerala News In English