കൊല്‍ക്കൊത്ത: വി.എസ് അച്യുതാനന്ദന്റെ വിശ്വസ്തര്‍ക്കെതിരായി സി.പി.ഐ.എം കേരള ഘടകം സ്വീകരിച്ച നടപടിക്ക് അംഗീകാരം കൊടുക്കുന്നതില്‍ പോളിറ്റ് ബ്യൂറോയില്‍ അഭിപ്രായ ഭിന്നത. നടപടി പുനപരിശോധിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ അംഗീകാരം നല്‍കണമെന്ന് മറുവിഭാഗവും വാദിച്ചു. ഭൂരിപക്ഷം പി.ബി അംഗങ്ങളും നടപടി വേണ്ടെന്ന അഭിപ്രായമുള്ളവരാണ്. അന്തിമ തീരുമാനം ഇന്ന്‌ തുടങ്ങുന്ന കേന്ദ്രകമ്മിറ്റിയിലാണ് കൈക്കൊള്ളുക.

Ads By Google

കേരള സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനത്തിന് ഇന്ന്‌ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ തന്നെ അംഗീകാരം നല്‍കണമെന്ന് കേരളസംസ്ഥാന കമ്മിറ്റിയംഗങ്ങളുള്‍പ്പെട്ട ഒരു വിഭാഗം പി.ബി അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നടപടിക്ക് അംഗീകാരം നല്‍കുന്നത് പുനപരിശോധിക്കുകയോ നീട്ടിവെക്കുകയോ ചെയ്യണമെന്നാണ് വി.എസിനോട് ആഭിമുഖ്യമുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തു.

തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി അംഗീകരിക്കില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ നേരത്തെ വ്യക്താക്കിയിരുന്നു. ഇവരെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് മാറ്റില്ലെന്നും സ്റ്റാഫ് അംഗങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പ്രകാശ് കാരാട്ടുമായുള്ള കൂടിക്കാഴ്ചയില്‍ വി.എസ് പറഞ്ഞിരുന്നു.

മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് വി.എസിന്റെ വിശ്വസ്തരായ പേഴ്‌സനല്‍ അസിസ്റ്റന്റ് എ.സുരേഷ്, അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍, പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി തീരുമാനം പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. കേന്ദ്രകമ്മറ്റിയുടെ അംഗീകാരത്തിന് വിധേയമായി മാത്രമേ നടപടി പ്രഖ്യാപിക്കുകയുള്ളൂ.