west-bengal-election-board,west bengal electionകൊല്‍ക്കത്ത: ബംഗാളില്‍ നാലാം ഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു. 1മണിവരെയുള്ള കണക്കുപ്രകാരം 54% പോളിംങ് രേഖപ്പെടുത്തി.
നന്ദിഗ്രാം, സിംഗൂര്‍ എന്നിവ ഉള്‍പ്പെടെ ബംഗാളിലെ 63 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പു നടക്കുന്നത്.

ഹൂഗ്ലി, ഹൗറ, കിഴക്കന്‍ മിഡ്‌നാപ്പൂര്‍, ബര്‍ദ്വാന്‍ ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന ഈ മണ്ഡലങ്ങളിലെ ജനവിധിയാവും ബംഗാളിന്റെ വിധി നിര്‍ണയിക്കുകയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പോളിംങ് ബൂത്തുകളിലെത്തുന്ന 1.26ലക്ഷം വോട്ടര്‍മാര്‍ 366 സ്ഥാനാര്‍ത്ഥികളുടെ ഭാവി നിര്‍ണയിക്കും. മൊത്തം 15,711 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. വ്യവസായ മന്ത്രി നിരുപം സെന്‍, വിദ്യാഭ്യാസ മന്ത്രി സുദര്‍ശന്‍ റോയ് ചൗധരി, സാസ്‌കാരിക വകുപ്പ് മന്ത്രി സൗമേന്ദ്രനാഥ് ബെറ, സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചക്രധര്‍ മൈകാപ് എന്നിവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരില്‍പെടുന്നു.

ഫോര്‍വേഡ് ബ്ലോക്കിനുവേണ്ടി കൃഷിമന്ത്രി നരേന്‍ ഡേ, ഫയര്‍ സര്‍വ്വീസ് മന്ത്രി പ്രാടിം ചാറ്റര്‍ജീ എന്നിവരും മത്സരരംഗത്തുണ്ട്. ഐ.പി.എസ് ഓഫീസര്‍മാരായ രാജ്പാല്‍ സിംങ്, എച്ച്.എ സ്വാഫി, സുല്‍ത്താന്‍ സിംങ് എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി ജനവിധി തേടുന്നവരില്‍ പെടുന്നു.

ആറ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഈ മാസം ഏഴിനും അവസാന ഘട്ടം പത്തിനും നടക്കും.