എഡിറ്റര്‍
എഡിറ്റര്‍
ക്ഷേത്രത്തില്‍ മാംസാവശിഷ്ടം തള്ളി വര്‍ഗ്ഗീയ കലാപത്തിന് ശ്രമിച്ചു; നാല് തീവ്രവാദികള്‍ പിടിയില്‍
എഡിറ്റര്‍
Sunday 29th April 2012 6:12pm

ഹൈദരാബാദ്: ക്ഷേത്രം അശുദ്ധിയാക്കി വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച നാല് ഹിന്ദു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ ഏഴിന് രാത്രി ഹൈദരാബാദിലെ മദനപ്പേട്ടിലെ ക്ഷേത്രത്തില്‍ കന്നുകാലികളുടെ മാംസാവശിഷ്ടങ്ങള്‍ തള്ളിയതിനാണ് നാഗരാജ്, കിരണ്‍ കുമാര്‍, രമേശ്, ദയാനന്ദ് സിംങ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരെല്ലാവരും മദനപ്പേട്ട് സ്വദേശികളാണ്.

പ്രദേശത്തെ മതസൗഹാര്‍ദ്ദം തകര്‍ത്ത് വര്‍ഗ്ഗീയ കലാപം അഴിച്ചുവിടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി.
വര്‍ഗ്ഗീയ കലാപമുണ്ടാക്കി അതിന്റെ മറവില്‍ പ്രദേശത്തെ ഹിന്ദു സമുദായത്തില്‍പ്പെട്ടവരെ ഒരുമിച്ചു നിര്‍ത്തലായുന്നു ഉദ്ദേശമെന്നും പോലീസ് പറഞ്ഞു. ഏപ്രില്‍ ആദ്യ വാരം നടന്ന ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടയില്‍ ചില പൊട്ടിതെറികള്‍ പ്രതികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ആഘോഷങ്ങള്‍ സമാധാനപരമായിരുന്നു. തുടര്‍ന്ന കലാപത്തിനായി ജനങ്ങളെ പ്രകോപിതരാക്കാനാണ് ക്ഷേത്രത്തില്‍ കന്നുകാലികളുടെ മാംസാവശിഷ്ടം തള്ളിയതും പച്ച നിറത്തിലെ പെയ്ന്റ് ക്ഷേത്രത്തിന്റെ ചുമരില്‍ പൂശിയതും.

ഒളിവിലായ പ്രതികള്‍ ഒരു മത സംഘടനകളിലും അംഗങ്ങല്ല. മതപരമായ ആഘോഷങ്ങള്‍ വരുമ്പോള്‍ യുവാക്കളെ നയിക്കുന്നതിന് മുന്‍ നിരയില്‍ നില്‍ക്കുന്നവരാണിവരെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഏപ്രില്‍ ഏഴിന് രാത്രി പ്രതികള്‍ മദന്‍പ്പേട്ടിലെ ഒരു വൈന്‍ ഷോപ്പില്‍ ഒത്തു കൂടിയ സംഘം തീരുമാനം എടുക്കുകയായിരുന്നു. നാഗരാജ് മുന്‍സിപാലിറ്റിയുടെ ശുചീകരണ തൊഴിലാളിയായതിനാല്‍ കന്നുകാലികളുടെ അവശിഷ്ടം കിട്ടാന്‍ ബുദ്ധിമുട്ടുമുണ്ടായില്ല. അര്‍ധരാത്രിയ്ക്ക് ശേഷം പ്രതികളെല്ലാവരും ക്ഷേത്രത്തില്‍ കയറി ക്ഷേത്രം അശുദ്ധമാകുകയായിരുന്നു.

അടുത്ത ദിവസം രാവിലെ തന്നെ പ്രതികള്‍ വിചാരിച്ചതു പോലെ കലാപം പൊട്ടിപുറപ്പെട്ടു. പ്രദേശത്തെ മുഴുവന്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെയും കല്ലെറിഞ്ഞ് ഓടിക്കാനും വര്‍ഗ്ഗീയ വാദികള്‍ മടിച്ചില്ല. കലാപം പൊട്ടിപ്പുറപ്പട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകുയം ചെയ്തിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് കലാപം ശാന്തമാക്കിയത്‌.

Advertisement