എഡിറ്റര്‍
എഡിറ്റര്‍
മഹല്ല് കമ്മിറ്റിയംഗത്തെ മര്‍ദിച്ച സംഭവം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, ഗൂഢാലോചനയ്ക്ക് പിന്നില്‍ സിമി മുന്‍ പ്രസിഡന്റ്
എഡിറ്റര്‍
Thursday 9th August 2012 3:40pm

കൊച്ചി: മഹല്ല് കമ്മിറ്റിയംഗം നിസാറിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താഹിര്‍, അനസ്, മനാഫ്, സാഹിര്‍ എന്നിവരാണ് അറസ്റ്റിലായത്. വധശ്രമത്തിനുള്ള ഗൂഢാലോചനക്കുറ്റമാണ് ഇവര്‍ക്കെതിരെയുള്ളത്. രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Ads By Google

പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയാണ് സാഹിര്‍. അറസ്റ്റിലായവരെല്ലാം ഗൂഢാലോചനയില്‍ പങ്കാളിയായവരാണെന്ന് പോലീസ് പറഞ്ഞു. നിസാറിനെ ആക്രമിക്കാനായി നിരവധി തവണ ഗൂഢാലോചന നടന്നിരുന്നു. ആക്രമത്തിനിരയായ നിസാറിന്റെ സഹോദരന്‍ ഇടപെട്ട് പലതവണ ആക്രമണം തടഞ്ഞിരുന്നു. നിസാറിന്റെ സഹോദരനും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ നിരോധിത തീവ്രവാദ സംഘടന സിമിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫും ഉണ്ടെന്നും പോലീസ് പറഞ്ഞു.  അഷ്‌റഫ് ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണ്.

ചൊവ്വാഴ്ചയാണ് പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ മഹല്ല് കമ്മിറ്റിയംഗം വാന്നിയക്കാട് കളരിപ്പറമ്പ് കെ.എന്‍ നാസറിനെ പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം വെട്ടിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തന രീതിയ്‌ക്കെതിരെ പ്രചാരണം നടത്തുകയും പള്ളി ഭരണസമിതി  തിരഞ്ഞെടുപ്പില്‍  ഇതേച്ചൊല്ലി തര്‍ക്കം ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ പകപോക്കലായാണ് ആക്രമണം നടത്തിയതെന്നായിരുന്നു പോലീസ് നിഗമനം.

സാഹിറിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. നാസറിന്റെ ബന്ധുക്കള്‍കൂടിയായ അയൂബ്, അഷ്‌റഫ് എന്നിവര്‍ ആദ്യമെത്തി നാസറിനെ മാറ്റിനിര്‍ത്തി സംസാരിക്കുകയും തുടര്‍ന്ന് മറ്റുള്ള പ്രതികള്‍ ബൈക്കിലെത്തി വെട്ടുകയുമായിരുന്നു. ഇരുമ്പുവടികള്‍ ഉപയോഗിച്ച് കൈകാലുകളില്‍ അടിക്കുകയും വടിവാള്‍കൊണ്ട് വെട്ടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ നാസറിനെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മൂന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മുറിവുകള്‍ തുന്നിക്കെട്ടിയത്. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് കൈകാലുകള്‍ തകര്‍ന്ന നിലയിലായിരുന്നു.

കൈകളുടെയും കാലുകളുടെയും മുട്ടിന് താഴെഭാഗത്താണ് കൂടുതലും പരിക്കുകളുള്ളത്.

Advertisement