ഇന്ത്യന്‍ ഹോം മത്സരങ്ങള്‍ക്ക് നാല് പുതിയ വേദികള്‍ കൂടി അനുവദിച്ചു. പൂനെ, റാഞ്ചി, രാജ്‌കോട്ട്, ധര്‍മ്മശാല എന്നീ സ്‌റ്റേഡിയങ്ങളാണ് പുതുതായി മാച്ചിന് വേദിയാവുന്നത്. ഇതില്‍ നിരവധി ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് ഇതിനകം തന്നെ വേദിയായ ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം അന്താരാഷ്ട്രവേദിയായി ഐ.സി.സി ഇതിനകം അംഗീകരിച്ചു കഴിഞ്ഞു. മറ്റ് മൂന്ന് സ്റ്റേഡിയങ്ങള്‍ അനുമതിക്കായി കാത്തിരിക്കുകയാണ്.

പൂനെയിലെ സുബ്രാത റോയ് സ്‌റ്റേഡിയം, രാജ്‌കോട്ടിലെ കന്തഹാരി ക്രിക്കറ്റ് ഗ്രൗണ്ട്, റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം എന്നിവയാണത്.

ആഗസ്റ്റില്‍ ന്യൂസിലാന്റിനെതിരായ രണ്ട് ട്വന്റി 20 മത്സരങ്ങളോടെയാണ് ഇന്ത്യ ഹോം സീസണ്‍ ആരംഭിക്കുക. ഇതിന് പിന്നാലെ മറ്റ് രണ്ട് അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളുമുണ്ടാവും. ഇവയെല്ലാം തന്നെ തെന്നിന്ത്യന്‍ വേദികളാണ് നടക്കുക. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ മഴക്കാലമായതിനാലാണിത്. ടെസ്റ്റ് മത്സരങ്ങള്‍ ഹൈദരാബാദിലും ബാംഗ്ലരിലും ട്വന്റി-20 ചെന്നൈയിലും വിശാഖപട്ടണത്തും നടത്തും.

അതിനുശേഷം ന്യൂസിലാന്റുമായുള്ള പരമ്പരകളാണ്. ടെസ്റ്റ് മത്സരങ്ങള്‍ കൊല്‍ക്കത്തയിലും, മുംബൈയിലും അഹമ്മദാബാദിലും, നാഗ്പൂരിലും പൂനെയിലുമായി നടക്കും. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയല്‍ ചിലത് രാജ്‌കോട്ടിലും, റാഞ്ചിയിലും, ധര്‍മ്മശാലയിലുമായി നടക്കും.