എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മിയുടെ പ്രതിഷേധം: നാല് മെട്രോ സ്റ്റേഷനുകള്‍ നാളെ അടക്കും
എഡിറ്റര്‍
Monday 20th January 2014 9:27pm

delhi-metro

ന്യൂദല്‍ഹി: ദല്‍ഹി പോലീസിനെതിരെയുള്ള ആം ആദ്മി സര്‍ക്കാരിന്റെ പ്രതിഷേധം മൂലം നാല് മെട്രോ സ്റ്റേഷനുകള്‍ നാളെ അടക്കും. പട്ടേല്‍ ചൗക്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, ഉദ്യോഗ് ഭവന്‍, റെയ്‌സ് കോഴ്‌സ് എന്നീ സ്റ്റേഷനുകളാണ് താല്‍ക്കാലികമായി അടച്ചിടുന്നത്.

ദല്‍ഹി പോലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്റ്റേഷനുകള്‍ അടച്ചിടുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

മന്ത്രിമാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരുന്ന അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ ധര്‍ണ്ണയിരിക്കാന്‍ ദല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ തീരുമാനിച്ചത്.

പോലീസിനെതിരായ പത്ത് ദിവസത്തെ ധര്‍ണ്ണ ശക്തമായി തുടരുമെന്നും കെജ്‌രിവാള്‍ അറിയിച്ചിരുന്നു. ഇതോടെ ദല്‍ഹിയില്‍ സര്‍ക്കാരും പോലീസും തമ്മിലുള്ള പോര് മുറുകകയാണ്.

ഇതിനിടെ ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ ധര്‍ണ്ണക്കെത്തിയ കെജ്‌രിവാളിനെ റെയില്‍ ഭവന് മുന്നില്‍ വച്ച് പോലീസ് തടഞ്ഞു. റിപ്പബ്ലിക് ദിനം അടുത്തിരിക്കെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദല്‍ഹി പോലീസ് ആപ്പ് പ്രവര്‍ത്തകരെ തടഞ്ഞത്.

പാര്‍ലമെന്റ് പരിസരങ്ങളിലും നോര്‍ത്ത് സൗത്ത് ബ്ലോക്ക്പ്രദേശങ്ങളിലും വിജയ് ചൗക്ക് പ്രദേശങ്ങളിലുമെല്ലാം ഞായറാഴ്ച്ച മുതല്‍ ബുധനാഴ്ച്ച വരെ ദല്‍ഹി പോലീസ് 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

Advertisement