മുംബൈ: മുംബൈ ഒരു ടെക്‌സ്‌റ്റൈല്‍ മില്ലിലുണ്ടായ തീപ്പിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. ഡോംബിവാലിയിലെ വിനായക് ടെക്‌സ്‌റ്റൈല്‍ മില്ലില്‍ പുലര്‍ച്ചെ 3.30 നായിരുന്നു അപകടം.

തീപിടുത്തത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തീ നിയന്ത്രണവിധേയമായതായി പോലീസ് അറിയിച്ചു. തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം അറിവായിട്ടില്ല.

മരിച്ചനാലുപേര്‍ അപകട സമയത്ത് മില്ലിനുള്ളില്‍ ഉറങ്ങുകയായിരുന്നു. മില്ലിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.

തീഉയരുന്നതുകണ്ട് സമീപത്തുള്ള ആളുകളാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീയണച്ചത്.