ഇസ്‌ലാമാബാദ്: പെഷവാറിലെ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്ത്രീയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപപ്രദേശങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കറാച്ചിയില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ താലിബാന്‍ തീവ്രവാദികളുടെ കാര്‍ബോംബ് ആക്രമണത്തിനു പി്ന്നാലെയാണ് സ്‌ഫോടനമുണ്ടായത്.

പെഷവാറിലെ നിഷാദാബാര്‍ ഏരിയയിലെ ഒരു സി.ഡി.കടയിലായിരുന്ന പ്രാദേശിക സമയം രാത്രിയോടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെതുടര്‍ന്ന സമീപപ്രദേശത്തുള്ള കടകളും കാറുകളും കെട്ടിടങ്ങളും കത്തി നശിച്ചു. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് കേള്‍ക്കാമായിരുന്നെന്ന് സമീപ വാസികള്‍ പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നേരത്തെ താലിബാന്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒരു സ്ത്രീയും പന്ത്രണ്ട് വയസ്സുകാരനുമടക്കം എട്ട് പേര്‍ മരണപ്പെട്ടിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. തങ്ങളുടെ ആളുകളെ കൊന്നൊടുക്കുന്നതിനു പ്രതികാരമായാണ് നടപടിയെന്ന് താലിബാന്‍ വ്യക്തമാക്കി.