ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) ഈ വര്‍ഷത്തെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. ലോക ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമില്‍ നിന്നു ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയടക്കം നാലു പേര്‍ ടീമിലിടം കണ്ടെത്തി. ധോണി തന്നെയാണ ടീമിന്റെ നായകനും. എന്നാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ടീമിലിടം കണ്ടെത്താനായില്ല.

ധോണിയെക്കൂടാതെ വീരേന്ദ്ര സേവാഗ്, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍ എന്നിവരാണ് ലോക ടീമില്‍ ഇടംപിടിച്ച ഇന്ത്യക്കാര്‍. സെവാഗ് ഓപ്പണറായും യുവരാജ് മധ്യ നിര ബാറ്റ്‌സമാനായും സഹീര്‍ പേസ് ബൗളറായുമാണ് ടീമിലിടം നേടിയത്. ക്യാപ്റ്റന്‍ സ്ഥാനത്തിനു പുറമെ ടീമിന്റെ വിക്കറ്റ് കീപ്പറും ധോണി തന്നെയാണ്.

ലോകകപ്പ് ഫൈനലില്‍ ഇന്തയില്‍ നിന്ന് പരാജയമേറ്റ് വാങ്ങിയ ശ്രീലങ്കന്‍ ടീമില്‍ നിന്നു രണ്ടു പേരും ദക്ഷിണാഫ്രിക്കയുടെ രണ്ടു പേരും ലോക ടീമില്‍ ഇടംപിടിച്ചു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ എന്നീ ടീമുകളില്‍ നിന്നു ഓരോരുത്തരും ടീമില്‍ സ്ഥാനംപിടിച്ചു. ഓപ്പണറായി സെവാഗിനൊപ്പം ശ്രീലങ്കയുടെ തിലകരത്‌ന ദില്‍ഷനാണ് ടീമിലിടം പിടിച്ചത്.

മൂന്നാം നമ്പറില്‍ ശ്രീലങ്കയുടെ തന്നെ കുമാര്‍ സംഗക്കാരയാണ്. ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്‌സും ആസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സണും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തുമ്പോള്‍ യുവരാജ് സിങാണ് ആറാം നമ്പറിലെത്തുക. ശേഷം ധോണിയെത്തും. പേസ് ബൗളര്‍മാരായി സഹീറിനൊപ്പം ദക്ഷിണാഫ്രിക്കയുടെ ഡാരല്‍ സ്റ്റെയിനും പാക്കിസ്താന്റെ ഉമര്‍ ഗുലും ടീമിലിടം പിടിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ ഗ്രയിം സ്വാനാണ് ഏക സ്പിന്നര്‍.

ടീം- തിലകരത്‌ന ദില്‍ഷന്‍, വീരേന്ദ്ര സേവാഗ്, കുമാര്‍ സംഗക്കാര, എബി ഡിവില്ലിയേഴ്‌സ്, ഷെയ്ന്‍ വാട്‌സന്‍, യുവരാജ് സിംഗ്, എംഎസ് ധോണി, ഗ്രെയിം സ്വാന്‍, ഉമര്‍ ഗുള്‍, ഡെയ്ല്‍ സ്റ്റെയിന്‍, സഹീര്‍ ഖാന്‍.