ന്യൂദല്‍ഹി: അസമില്‍ കര്‍ഷക സമരത്തിനു നേരെ നടന്ന വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ഗുവാഹത്തിയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ ദരാംഗ് ജില്ലയിലെ ബെസിമാരിയിലാണ് സംഭവം. ചണത്തിന് ന്യായവില ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ കര്‍ഷകരെയാണ് വെടിവച്ചുകൊന്നത്.

അസമില്‍ വഴി തടഞ്ഞ ചണം കര്‍ഷകര്‍ക്കുനേരെ പൊലീസ് വെടിവെയ്പ് നടത്തുകയായിരുന്നു. ചണം ക്വിന്റലിന് 1350 രൂപമുതല്‍ 1675 രൂപവരെയാണ് സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചിരുന്നത്. ചണം സംഭരിക്കാന്‍ സര്‍ക്കാര്‍ സംവിധാനവും ഒരുക്കിയില്ല. അതോടെ സ്വകാര്യ കച്ചവടക്കാര്‍ക്ക് ചണം വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. ക്വിന്റലിന് 300700 രൂപ മാത്രമാണ് കച്ചവടക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. കര്‍ഷകസംഘവും മറ്റു കര്‍ഷക സംഘടനകളും താങ്ങുവിലയായി 3000 രൂപയെങ്കിലും നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്വകാര്യക്കച്ചവടക്കാരെ സഹായിക്കുന്ന സര്‍ക്കാര്‍ നയം കര്‍ഷകര്‍ക്ക് വിനയായി. ഇതില്‍ പ്രതിഷേധിച്ചായിരുന്നു 52-ാം നമ്പര്‍ ദേശീയപാത കര്‍ഷകര്‍ ഉപരോധിച്ചത്.

Subscribe Us:

സയ്യദ് അലി(70), അക്ബര്‍ അലി(60), ബിലാല്‍ ഹുസൈന്‍(30) എന്നിവരാണ് കൊല്ലപ്പെട്ടത്. നാലാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വെടിവച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭയും സി.പി.ഐ.എം അസം സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു. വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു.