tailed-asteroid

വാഷിങ്ടണ്‍: ചരിത്രത്തിലാദ്യമായി ആറു വാലുള്ള ചെറുഗ്രഹത്തെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. വാല്‍നക്ഷത്രത്തിനോട് സാമ്യമുള്ള ആറ് വാലുള്ള ഗ്രഹമാണ് ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്.

നാസയുടെ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പാണ് ഈ അദ്ഭുതം മനുഷ്യന്റെ ദൃഷ്ടിയിലെത്തിച്ചത്.

പി/2013 പി5 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള എല്ലാ ചെറുഗ്രഹങ്ങളും തിളങ്ങുന്ന ചെറിയ ബിന്ദുക്കള്‍ മാത്രമായാണ് കാണപ്പെടുന്നത്. എന്നാലിത് പൂന്തോട്ടം നനയ്ക്കാനുപയോഗിക്കുന്ന ചെറിയ വാല്‍പാത്രം കറങ്ങുന്നത് പോലെയാണ് തോന്നുക. അസാധാരണമായ ഈ രൂപം ജ്യോതിശാസ്ത്രജ്ഞരെ കുഴയ്ക്കുന്നു.

‘ആദ്യമായി ഇത് കണ്ടപ്പോള്‍ വാസ്തവത്തില്‍ തന്നെ ഞങ്ങള്‍ അത്ഭുതസ്തബ്ധരായി പോയി.’ ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ ഡേവിഡ് ജെവിറ്റ് വ്യക്തമാക്കുന്നു.

‘അതിലും വിസ്മയകരമായത് വെറും 13 ദിവസത്തിനുള്ളില്‍ തന്നെ പൊടിപടലങ്ങള്‍ പുറത്തേയ്ക്ക് തള്ളുന്നതിന് അനുസരിച്ച്  ഇതിന്റെ വാലിന്റെ ഘടന മാറി എന്ന വസ്തുതയാണ്. ഞങ്ങളൊരു ഗ്രഹത്തെയാണ് നിരീക്ഷിക്കുന്നതെന്ന്  വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു.’ ജെവിറ്റ് തുടരുന്നു.

കഴിഞ്ഞ അഞ്ച് മാസങ്ങളായി ഈ ചെറുഗ്രഹം പൊടിപടലങ്ങളെ പുറത്തേയ്ക്ക് തള്ളിക്കൊണ്ടിരിക്കുകയാണ്.  ഭ്രമണവേഗം വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇതിന് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

മറ്റേതെങ്കിലും ചെറുഗ്രഹത്തിന്റെ സ്വാധീനത്താലല്ല ആ പ്രതിഭാസമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. കാരണം വലിയൊരളവ് പൊടിപടലങ്ങള്‍ സ്‌പേസിലേയ്ക്ക് പൊട്ടിത്തെറിക്കുന്നത് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഹവായിയില്‍ പാന്‍-സ്റ്റാര്‍സ് സര്‍വെ ടെലിസ്‌കോപ്പ് ഉപയോഗിച്ച് നിരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ഓഗസ്റ്റ് 27-ന് തന്നെ ഈ ഗ്രഹത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

തികച്ചും അവ്യക്തമായതും അസാധാരണവുമായ ഒരു വസ്തുവായിട്ടാണ് ഈ ചെറുഗ്രഹം ആദ്യം ശ്രദ്ധയില്‍ പെട്ടത്.

ഹബിള്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ച് കൂടുതല്‍ വ്യക്തതമായ ചിത്രങ്ങളെടുത്തപ്പോഴാണ്  ഗ്രഹത്തിന്റെ വാല്‍ വെളിപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ 10-ന് ആയിരുന്നു ഇത്.

വെറും 13 ദിവസത്തിന് ശേഷം അതേ മാസം 23-ന് ഹബിള്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങളില്‍ ഗ്രഹത്തിന്റെ രൂപം പൂര്‍ണമായും മാറിയതായി കണ്ടു. ആകെ കറങ്ങിത്തിരിഞ്ഞ പോലെയായിരുന്നു അന്നത്തെ രൂപം.

പിന്നീടാണ് പൊടിപടലങ്ങളുടെ തുടര്‍ച്ചയായ നിഷ്‌കാസനം മൂലമാണ് വാല്‍ രൂപപ്പെടുന്നതെന്ന നിഗമനത്തിലെത്തിയത്. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോളാര്‍ സിസ്റ്റം റിസര്‍ച്ചിലെ ജെസീക്ക അഗര്‍വാളിന്റെ പരീക്ഷണങ്ങളെ തുടര്‍ന്നാണിത്.

ഏപ്രില്‍ 15, ജൂലൈ 18, ജൂലൈ 24, ഓഗസ്റ്റ് 8, ഓഗസ്റ്റ് 26, സെപ്റ്റംബര്‍ 4 എന്നീ ദിവസങ്ങളില്‍ പൊടിപടലങ്ങള്‍ ബഹിര്‍ഗമിച്ചതായി അവര്‍ കണക്കുകൂട്ടുന്നു.

സൂര്യനില്‍ നിന്നുള്ള വികിരണങ്ങളുടെ സമ്മര്‍ദ്ദം ഈ പൊടിപടലങ്ങളെ പ്രകാശകിരണം പോലെയാക്കി മാറ്റുന്നു.

ഈ ഗ്രഹത്തിന്റെ ദുര്‍ബലമായ ഗുരുത്വാകര്‍ഷണത്തിന് പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത വിധത്തില്‍ ഭ്രമണവേഗം വര്‍ദ്ധിച്ചേക്കാമെന്ന് ജെവിറ്റ് പറയുന്നു.

അങ്ങനെ സംഭവിച്ചാല്‍ പൊടിപടലങ്ങള്‍ മധ്യരേഖയിലേയ്ക്ക് അടിഞ്ഞുകൂടും. ഇത് സ്‌പേസിലേയ്ക്ക് ഒഴുകുകയും വാലായി രൂപപ്പെടുകയും ചെയ്യുന്നു.

ഏകദേശം 200 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടിയിടിയില്‍ തകര്‍ന്ന ഒരു വലിയ ഗ്രഹത്തിന്റെ അവശിഷ്ടമാണ് പി/2013പി5 എന്നും ജെവിറ്റ് പറയുന്നു.