എഡിറ്റര്‍
എഡിറ്റര്‍
ഫെയ്‌സ്ബുക്കില്‍ പടങ്ങള്‍ മോര്‍ഫ് ചെയ്തു; പരാതിയുമായി കൊടിക്കുന്നിലും പി.കെ സൈനബയും
എഡിറ്റര്‍
Wednesday 19th March 2014 7:00am

sainaba--kodikkunnil

ആലപ്പുഴ/മലപ്പുറം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചരണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയകളില്‍ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് കണ്ടതിനെ തുടര്‍ന്ന് പരാതിയുമായി പി.കെ സൈനബ ടീച്ചറും കൊടിക്കുന്നില്‍ സുരേഷും.

മാവേലിക്കര മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് കേന്ദ്ര സഹമന്ത്രി കൂടിയായ കൊടിക്കുന്നില്‍ സുരേഷ്. മലപ്പുറത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് പി.കെ സൈനബ ടീച്ചര്‍.

ഫെയ്‌സ്ബുക്കിലീടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിക്കുന്നത് അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എന്ന് കാണിച്ച്  കൊടിക്കുന്നില്‍ സുരേഷ് കളക്ടര്‍ക്ക് പരാതി നല്‍കി. അതേസമയം സൈനബയ്ക്ക് വേണ്ടി സൈബര്‍ സെല്ലിനെ സമീപിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

സൈനബയെ തട്ടമിടുവിച്ചും മക്കനയണിയിച്ചും ചിത്രങ്ങള്‍ ഉണ്ടാക്കുകയും ഇവരെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍ ചിത്രങ്ങളില്‍ ചേര്‍ക്കുകയും ചെയ്തതിനെതിരെയാണ് പാര്‍ട്ടിക്കാര്‍ പരാതി നല്‍കുന്നത്.

സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത നടി ശാലു മേനോന്റെ കൂടെയുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതിനും അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിനുമാണ് കൊടിക്കുന്നില്‍ പരാതി നല്‍കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രമാണിച്ച് സോഷ്യല്‍ മീഡിയകളില്‍ പടങ്ങള്‍ മോര്‍ഫ് ചെയ്യുന്നുവെന്നാരോപിച്ച് നിരവധി നേതാക്കള്‍ സൈബര്‍ സെല്ലിനെ സമീപിക്കാനൊരുങ്ങുന്നതായാണ് സൂചന.

ഇവര്‍ പരാതി നല്‍കിയാല്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തവരും ഒപ്പം ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തവരുമെല്ലാം കുടുങ്ങും.

Advertisement