എഡിറ്റര്‍
എഡിറ്റര്‍
സ്പീക്കര്‍ പദവി നല്‍കി അഞ്ചാംമന്ത്രിയെ ഒതുക്കാന്‍ നീക്കം
എഡിറ്റര്‍
Thursday 5th April 2012 1:00pm

manjalamkuzhi ali

തിരുവനന്തപുരം: മുസ്‌ലീം ലീഗിന് സ്പീക്കര്‍ പദവി നല്‍കി അഞ്ചാം മന്ത്രിപ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ സ്പീക്കറായ ജി. കാര്‍ത്തികേയനെ രാജിവെപ്പിച്ച് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.

മൂന്ന് ഫോര്‍മുലകളാണ് പ്രധാനമായും ഉരുത്തിരിഞ്ഞിട്ടുള്ളത്. മുസ്‌ലീം ലിഗിലെ എം.കെ മുനീര്‍ മന്ത്രിസ്ഥാനം രാവിജെയ്ക്കുക. രാജിവെച്ച മുനീറിന് സ്പീക്കര്‍ സ്ഥാനം നല്‍കാനാണ് ആലോചന. പകരം മഞ്ഞളാംകുഴി അലി പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കി, ചെന്നിത്തലയെ ഉപമുഖ്യമന്ത്രി സ്ഥാനത്തിരുത്തുകയെന്നതാണ് രണ്ടാമത്തെ ഫോര്‍മുല. ഇങ്ങനെ വരുമ്പോള്‍ വി.എസ് ശിവകുമാറിനെയോ, സി.എന്‍ ബാലകൃഷ്ണനെയോ മന്ത്രിസഭയില്‍ നിന്നൊഴിവാക്കും.

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് നല്‍കി ലീഗിന് മന്ത്രിസ്ഥാനം നല്‍കുകയെന്നതാണ് മൂന്നാമത്തെ ഫോര്‍മുല.

മന്ത്രിസഭയില്‍ സാമുദായിക സന്തുലിതാവസ്ഥ പാലിക്കുന്നതിനാണ് കോണ്‍ഗ്രസിന്റെ പുതിയ ഫോര്‍മുല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സ്പീക്കര്‍ ജി. കാര്‍ത്തികേയനുമായി തിങ്കളാഴ്ച രഹസ്യചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മന്ത്രിസഭയിലേക്ക് വരാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് ജി. കാര്‍ത്തികേയന്‍ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം. അങ്ങനെയെങ്കില്‍ പകരം കോണ്‍ഗ്രസില്‍ നിന്ന് മറ്റൊരാള്‍ മന്ത്രിയാകും.

എന്നാല്‍ ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് ഫോര്‍മുലയൊന്നും ആയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നം യു.ഡി.എഫ് ചര്‍ച്ച ചെയ്യും. അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ ഇനിയും വൈകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ പുതിയ ഫോര്‍മുലയെക്കുറിച്ച് ലീഗിന് യാതൊരു അറിവും ഇല്ലെന്നാണ് ലീഗ് ജനറല്‍ സെക്രട്ടറിയായ കെ.പി.എ മജീദ് പ്രതികരിച്ചത്. മഞ്ഞളാംകുഴി അലി മന്ത്രിയാകുന്ന കാര്യം ലീഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെന്നും ഇക്കാര്യം ഇനിയും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Advertisement