അഹമ്മദാബാദ്: മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ബി.ജെ.പി നേതാവുമായ കാശിറാം റാണ(76) അന്തരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ന്‌ പുലര്‍ച്ചെയായിരുന്നു അന്ത്യം.

Ads By Google

പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ അഹമ്മദാബാദില്‍ എത്തിയപ്പോഴാണ്‌ നെഞ്ചുവേദനയുണ്ടായത്.

ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബി.ജെ.പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ കാശിറാം എ.ബി.വാജ്‌പേയിയുടെ മന്ത്രിസഭയില്‍ ടെക്‌സ്‌റ്റൈല്‍ മന്ത്രിയായിരുന്നു.

അടുത്തിടെ കേശുഭായി പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയതിനുശേഷം നേരിട്ട അവഗണനയെ തുടര്‍ന്നാണ് ബി.ജെ.പി വിട്ടത്. കേശുഭായി പട്ടേലിനൊപ്പം അദ്ദേഹം പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

1938 ഏപ്രില്‍ 7നായിരുന്നു ജനനം. 1989ല്‍ ഗുജറാത്തിലെ സൂററ്റ് മണ്ഡലത്തില്‍ നിന്നായിരുന്നു അദ്ദേഹത്തെ ആദ്യമായി ലോകസഭയിലേക്ക് തിരഞ്ഞെടുത്തത്. പിന്നീട് 1991, 1996, 1998, 2004 തുടങ്ങിയ വര്‍ഷങ്ങളിലും ഇതേ മണ്ഡലത്തില്‍ നിന്നും ലോകസഭയിലെത്തി.